കുട്ടികൾക്കൊപ്പം മ്യൂസിയം വളപ്പിൽ പ്രഭാതസവാരി നടത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്

 

കൃഷിയെ അറിയാനും മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കാനും പുതുതലമുറയെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന 'കതിര്' പദ്ധതിയുടെ ഭാഗമായി ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൃഷിമന്ത്രി ടി. സിദ്ദിഖിനൊപ്പം മ്യൂസിയം വളപ്പിൽ പ്രഭാതസവാരി സംഘടിപ്പിച്ചു.വിദ്യാലയത്തിലെ 1000 വിദ്യാർത്ഥികൾ അംഗങ്ങളാകുന്ന 'ലാലേട്ടൻ കതിർ ക്ലബ്ബുകൾ'ക്ക് മന്ത്രി തുടക്കം കുറിച്ചു.

കതിര് പദ്ധതിയെ കൂടുതൽ വിപുലവും വിദ്യാർത്ഥി സൗഹൃദവുമാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും കുട്ടികൾ മന്ത്രിയുമായി പങ്കുവെച്ചു.സ്കൂളുകളിൽ കൃഷി ചെയ്യുന്ന പച്ചക്കറികളും മറ്റ് കാർഷിക ഉൽപ്പന്നങ്ങളും പൊതുവിപണിയിൽ വിറ്റഴിച്ച് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സ്കൂൾതലത്തിൽ 'അഗ്രി ബാങ്ക്' ആരംഭിക്കാമെന്ന വേറിട്ട ആശയം മുന്നോട്ടുവെച്ച വിദ്യാർത്ഥിനി വൈഗാണിയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഈ ആശയം കതിര് പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കൃഷിയുടെ പ്രാധാന്യവും ഭക്ഷണശീലങ്ങളും കുട്ടികളുമായി സംവദിച്ച മന്ത്രി, ആരോഗ്യകരമായ ഭക്ഷണരീതികളിലൂടെ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയുമെന്ന് പറഞ്ഞു.

നിലവിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കുട്ടികളിൽ ഉൾപ്പെടെ പ്രമേഹസാധ്യത വർധിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം ആവശ്യത്തിനുള്ള വിഷരഹിത പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ ആരോഗ്യസംരക്ഷണത്തിനൊപ്പം കാർഷിക സംസ്കാരവും വളർത്തിയെടുക്കാൻ കഴിയണം. സ്ഥലപരിമിതിയുള്ള വിദ്യാലയങ്ങളിലും വീടുകളിലും ടെറസ് കൃഷി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി വിശദീകരിച്ചു. സ്കൂളിലെ അടുത്ത വിളവെടുപ്പ് സമയത്ത് പങ്കെടുക്കണമെന്ന കുട്ടികളുടെ സ്നേഹപൂർവമായ ക്ഷണം മന്ത്രി സന്തോഷത്തോടെ സ്വീകരിച്ചു. വിളവെടുപ്പിന് എത്താമെന്ന് ഉറപ്പുനൽകിയാണ് അദ്ദേഹം മടങ്ങിയത്.