അഡോപ്റ്റ് എ ബീച്ച് പരിപാടിയുടെ ഭാഗമായി പെരുമാതുറ കടപ്പുറം വൃത്തിയാക്കി യു എസ് ടി ജീവനക്കാർ

 

യു എൻ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തോടനുബന്ധിച്ചു നടന്ന പരിപാടി സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം, 30 മാർച്ച് 2023: പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നിർമാർജനം ചെയ്ത് വൃത്തിയുള്ള ബീച്ചുകൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള തങ്ങളുടെ 'അഡോപ്റ്റ് എ ബീച്ച്' സംരംഭത്തിന്റെ ഭാഗമായി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി മാർച്ച് 30ന് (വ്യാഴം) പെരുമാതുറ ബീച്ച് വൃത്തിയാക്കൽ സംഘടിപ്പിച്ചു. രാവിലെ 7.30ന്  പെരുമാതുറ  ബീച്ചിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ബീച്ച് ക്ലീനപ്പ് ഡ്രൈവിൽ പ്രാദേശിക ജനങ്ങൾക്കൊപ്പം യുഎസ് ടി യിൽ നിന്നുള്ള 100-ലധികം സന്നദ്ധപ്രവർത്തകരാണ് പങ്കെടുത്തത്.

സമുദ്രത്തിലെത്തിച്ചേരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ സമുദ്രജീവികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി യുഎസ് ടി വോളന്റിയർമാർ ബോധവൽക്കരണവും സംഘടിപ്പിച്ചു.  യു എസ് ടി ഉദ്യോഗസ്ഥരായ  ഹരികൃഷ്ണൻ മോഹൻകുമാർ (സീനിയർ ഡയറക്ടർ വർക്ക്‌പ്ലേസ് മാനേജ്‌മെന്റ് ആൻഡ് ഓപ്പറേഷൻസ്); സജിന ജോൺ (ഡയറക്ടർ - ടാലന്റ് അക്വിസിഷൻ സി.ഒ.ഇ); അനി മേനോൻ (വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ഡയറക്ടർ) എന്നിവരെക്കൂടാതെ ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ ടി ബാലഭാസ്‌കരൻ, പഞ്ചായത്ത് പ്രസിഡന്റ് പി മുരളി എന്നിവരും പരിപാടിയുടെ ഭാഗമായിരുന്നു.

ഉൽപന്നങ്ങളുടെ സുസ്ഥിര ഉൽപ്പാദനം, ഉപഭോഗം, നിർമാർജനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വായു, ഭൂമി, ജലം എന്നിവയിലെ മലിനീകരണം കുറയ്ക്കുന്നതിനും ആഹ്വാനം ചെയ്യുന്ന ഐക്യ രാഷ്ട്ര സഭയുടെ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.