അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടം; തിരുവനന്തപുരവും ഇനി മാറുമെന്ന് 
രാജീവ് ചന്ദ്രശേഖർ

 

റോഡ്, റെയില്‍, വിമാനത്താവളം, തുറമുഖം എന്നീ അടിസ്ഥാന സൗകര്യമേഖലകളില്‍ കഴിഞ്ഞ 65 വര്‍ഷക്കാലം കാണാത്ത വലിയ മാറ്റമാണ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഉണ്ടായതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി , നൈപുണ്യ വികസന  സംരംഭക, ജലശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പ്രധാനന്ത്രി നരേന്ദ്ര മോദി നാടിനു സമര്‍പ്പിച്ച കേരളത്തിലെ 2769 കോടി രൂപയുടെ ദേശീയപാതാ പദ്ധതികളുടെ ഉദ്‌ഘാടനച്ചടങ്ങിൽ   സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഈ വര്‍ഷം ഇന്ത്യയില്‍ 11 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ഉണ്ടായത്. ഈ വികസന പദ്ധതികളുടെ പ്രത്യക്ഷഫലമായി വലിയ നിക്ഷേപങ്ങളെത്തുന്നു. ഈ നിക്ഷേപങ്ങളാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. തൊഴിലുകള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും വഴിയൊരുക്കുന്നു. കഴിഞ്ഞ 10 വര്‍ഷം എടുത്തു നോക്കുമ്പോള്‍ അടിസ്‌ഥാന സൗകര്യവികസന രംഗത്ത്  നരേന്ദ്ര മോദിജി  വിപ്ലവകരമായ മാറ്റമാണ് കൊണ്ടു വന്നത്. അതിനു മുമ്പ് ഇതായിരുന്നില്ല അവസ്ഥ. ഇന്ന് ഉദ്ഘാടനം ചെയ്ത ഈ പദ്ധതി തന്നെ 14 വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് എന്റെ സുഹൃത്ത് ശശിതരൂർ തന്നെ സമ്മതിച്ചതാണ്.  ഇപ്പോഴാണ് അതിനു മോക്ഷമുണ്ടായത്- മന്ത്രി പറഞ്ഞു. 

അടിസ്ഥാന സൗകര്യ വികസന രംഗത്ത് വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ശേഷി നമ്മുടെ നാടിനില്ല എന്നായിരുന്നു ഇതുവരെ പലരും വാദിച്ചിരുന്നത്. ഇന്ത്യയ്ക്ക് അത്രയും വലിയ ശേഷിയില്ല എന്നാണ് ചൈനയും പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇതേ ഇന്ത്യയും ഇതേ ഇന്ത്യക്കാരുമാണ് ഈ വര്‍ഷം 11 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കിയത്. നമ്മുടെ കേരളത്തില്‍ മാത്രം 58000 കോടിയുടെ റോഡുകളും 35 റെയില്‍വേ സ്റ്റേഷനുകളും പുതിയ വന്ദേഭാരത് ട്രെയിനുകളും, വിമാനത്താവള നവീകരണവുമെല്ലാം നടന്നു. ഇതെല്ലാം വികസിത കേരളം, വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള കരുത്തുറ്റ ചുവടുകളാണ്.
മുന്‍പ്, അടിസ്ഥാന സൗകര്യ വികസന പദ്ധതി എന്നു പറഞ്ഞാല്‍ അഴിമതിയും ബാധ്യതകളുമായിരുന്ന. ഇന്ന് അടിസ്ഥാനസൗകര്യ വികസനം എന്നത് വേഗത, വലിപ്പം, ഉടന്‍ നടപ്പിലാക്കല്‍ എന്നൊരു രീതിയിലേക്കു മാറി. ഈ വര്‍ഷം 11 ലക്ഷം കോടി രൂപ അടിസ്ഥാനസൗകര്യ മേഖലയില്‍ നിക്ഷേപിക്കുന്ന ഇന്ത്യ ഈ രംഗത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപമിറക്കുന്ന രാജ്യമായി മാറിയിരിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നാം അഞ്ചാമത്തെ  ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറി. സമീപ ഭാവിയില്‍ തന്നെ മൂന്നാമത്തെ ശക്തിയായി മാറും. നാം ഒരു പുതിയ ഭാരതമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. അതിലൂടെ ഒരു വികസിത കേരളവും സൃഷ്ടിക്കപ്പെടും. കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരവും മാറുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.