2025 ജൂണിൽ 81,000 ടിഇയു കൈകാര്യം ചെയ്ത് റെക്കോർഡ് നേട്ടവുമായി ഡിപി വേൾഡ് കൊച്ചിൻ
കൊച്ചി, 2025 ജൂലൈ 4 - കൊച്ചിയിൽ ഡിപി വേൾഡ് നടത്തുന്ന ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ (ഐസിടിടി) 2025 ജൂണിൽ 81,000 ടിഇയു (ഇരുപത് അടിയ്ക്ക് തുല്യ യൂണിറ്റുകൾ) കൈകാര്യം ചെയ്തുകൊണ്ട് അതിന്റെ പ്രവർത്തനത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടുകയാണ്. 2025 മെയ് മാസത്തേക്കാൾ 35% വർദ്ധനവാണ് ഈ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ മെച്ചപ്പെട്ട ട്രാൻസ്ഷിപ്പ്മെന്റ് നടത്തുന്നതിൽ ഈ ടെർമിനലിനുള്ള ശേഷിയും പ്രകടനത്തിലെ സുസ്ഥിരമായ കാര്യക്ഷമതയും പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം.
2025 ജൂണിൽ, നിരവധി മദർ ഷിപ്പുകൾ ഉൾപ്പെടെ 54 കപ്പലുകൾ ഡിപി വേൾഡ് കൊച്ചിൻ വിജയകരമായി കൈകാര്യം ചെയ്തു എന്നത് ഈ ടെർമിനലിന്റെ പ്രവർത്തന ശക്തിയും ഇന്ത്യയിലെ ലോജിസ്റ്റിക്സ് രംഗത്ത് അതിനുള്ള നിർണായക സ്ഥാനവും എടുത്തുകാണിക്കുന്നതാണ്. തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന മെയിൻലൈൻ സേവനങ്ങളുമായി കൊച്ചി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
2025 ജൂണിൽ 81,000 ടിഇയു കൈകാര്യം ചെയ്യുക എന്ന നേട്ടത്തിലെത്തിയത്, ഡിപി വേൾഡ് കൊച്ചിയിലും അതിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളിലും ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഡിപി വേള്‍ഡ് കൊച്ചി, പോര്‍ട്ട്‌സ് ആന്റ് ടെര്‍മിനല്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദിപിൻ കയ്യത്ത് പറഞ്ഞു. പ്രധാന ആഗോള വിപണികളുമായി ഇന്ത്യയെ ബന്ധിപ്പിച്ചുകൊണ്ട് വ്യാപാരത്തെ മെച്ചപ്പെടുത്തുന്ന ഒരു നിർണായക സഹായി എന്ന നിലയിൽ ഡിപി വേൾഡിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതാണ് ഈ നാഴികക്കല്ല്. കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരവും കാലാനുസൃതവുമായ വിതരണ ശൃംഖലകളുടെ വളർച്ച ഉറപ്പാക്കുന്നതിനും ഡിപി വേൾഡ് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും ഉയർന്ന ആവശ്യകതയുള്ള സമയങ്ങളിൽ പോലും തടസ്സമില്ലാത്ത പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നത്തിനായി ഇവിടെ ടെർമിനലിന്റെ പവർ ഇൻഫ്രാസ്ട്രക്ചർ 3 എംവിഎയിൽ നിന്ന് 5 എംവിഎയായി ഉയർത്തിയിട്ടുണ്ട്. യാർഡ് ഉപകരണങ്ങളുടെ പൂർണ്ണമായ വൈദ്യുതീകരണം വഴി കാർഗോ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന കാർബൺ ബഹിർഗമനം ഗണ്യമായി കുറച്ചത്, ഉപഭോക്താക്കൾക്ക് സുസ്ഥിരതയിലൂന്നിയ മികച്ച നേട്ടം നൽകുന്നു.
തന്ത്രപ്രധാനമായ സ്ഥാനത്താണ് കൊച്ചി എന്നതിനാൽത്തന്നെ ഇത് ഗുജറാത്ത് മുതൽ കൊൽക്കത്ത വരെ, ഇന്ത്യയിലുടനീളമുള്ള തുറമുഖങ്ങളുമായി നിർണായകമായ തീരദേശ കണക്റ്റിവിറ്റി ഉറപ്പുതരുന്നു എന്നുമാത്രമല്ല, കിഴക്കും പടിഞ്ഞാറും തീരങ്ങൾക്കിടയിലുള്ള തീരദേശ ചരക്ക് നീക്കത്തിനുള്ള ഒരു പ്രധാന ഗതാഗത കേന്ദ്രമായും ഇത് പ്രവർത്തിക്കുന്നു. കൂടാതെ, ഡിപി വേൾഡ് വികസിപ്പിച്ചെടുത്ത കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോൺ (FTWZ), ഇന്ത്യയിൽ ഒരു പ്രധാന തുറമുഖത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇത്തരത്തിലുള്ള ഒരേയൊരു സംവിധാനമാണ്. ഇത് കയറ്റിറക്കുമതി (എക്സിം) വ്യാപാരത്തിന്റെയും പ്രാദേശിക സാമ്പത്തിക വളർച്ചയുടെയും ഒരു പ്രധാന സഹായിയായി തുടരുന്നു.
സുരക്ഷ, നവീകരണം, സേവന മികവ് എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമാണ് ഡിപി വേൾഡ് കൊച്ചി. അതുവഴി ഇന്ത്യയുടെ വ്യാപാരത്തിന് കരുത്ത് പകരുന്നതും വിതരണ ശൃംഖല മേഖലയെ ശക്തിപ്പെടുത്തുന്നതും, ഭാവിയിലെ ആവശ്യങ്ങൾകൂടി മുൻകൂട്ടിക്കണ്ടുകൊണ്ടുള്ള സുസജ്ജമായ ലോജിസ്റ്റിക്സ് പരിഹാരങ്ങൾ നൽകുന്നതിനും ഡിപി വേൾഡ് കൊച്ചിയ്ക്ക് സാധിക്കും.