മോണ്ടിലീസ് ഇന്ത്യയ്ക്ക് കൊച്ചിയിൽ പുതിയ വെയർഹൗസ് സൗകര്യം ആരംഭിച്ച് ഡിപി വേൾഡ്
കേരളത്തിലുടനീളമുള്ള മോണ്ടിലീസ് ഇന്ത്യയുടെ വിതരണ ശൃംഖലയെ പൂർണ്ണമായ വെയർഹൗസിംഗ് പരിഹാരങ്ങളോടെ ശക്തിപ്പെടുത്തുന്നതാണ് ഈ അത്യാധുനിക സൈറ്റ്.
കൊച്ചി - കേരളത്തിലുടനീളമുള്ള മോണ്ടിലീസ് ഇന്ത്യയുടെ വിതരണ ശൃംഖലയെയും വിതരണ ശേഷിയെയും കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, ഡിപി വേൾഡ് കൊച്ചിയിൽ മോണ്ടിലീസ് ഇന്ത്യ ഒരു സമർപ്പിത വെയർഹൗസ് സൗകര്യം ഇന്ന് ഉദ്ഘാടനം ചെയ്തു.
ഡിപി വേൾഡ് രൂപകൽപ്പന ചെയ്ത് പ്രവർത്തിപ്പിക്കുന്ന ഈ അത്യാധുനിക സൗകര്യത്തിൽ 4,000-ത്തിലധികം സംഭരണ തട്ടുകൾ (പാലറ്റ് പൊസിഷനുകൾ) ഉണ്ട്. ഇതിൽ 2,200 എണ്ണം ഡ്രൈ ഗുഡ്സിനായും ബാക്കിയുള്ളവ 18-25 ഡിഗ്രി സെൽഷ്യസിൽ ആംബിയന്റ് സ്റ്റോറേജിനായും ക്രമീകരിച്ചിരിക്കുന്നു. ഏറ്റവും വികസിതമായ അടിസ്ഥാന സൗകര്യങ്ങളും, വെയർഹൗസിംഗ് സേവനങ്ങളും, പ്രാവീണ്യമുള്ള തൊഴിലാളികളുടെ സേവനവും ഒരുമിപ്പിക്കുന്ന ഈ സമഗ്ര വെയർഹൗസ് സംവിധാനം, മോണ്ടിലീസ് ഇന്ത്യയുടെ ഉൽപ്പന്നങ്ങൾ ഏറ്റവും വിശ്വസനീയമായും കാര്യക്ഷമമായും, ഏറ്റവും ഉയർന്ന നിലവാര മാനദണ്ഡങ്ങൾ പാലിച്ചും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് ഉറപ്പാക്കുന്നു.
മോണ്ടിലീസ് ഇന്തയുടെയും ഡിപി വേൾഡിന്റിയും മുതിർന്ന പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഈ വെയർഹൗസ് ഉദ്ഘാടനം എറണാകുളത്ത് നടന്നത്.
ഈ സൗകര്യത്തിന്റെ പ്രധാന സവിശേഷതകൾ
- സംയോജിത പ്രവർത്തനങ്ങൾ: വെയർഹൗസിംഗ്, അടിസ്ഥാന സൗകര്യങ്ങൾ, തൊഴിലാളിശക്തി എന്നിവ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഏകീകരിക്കുകയും, ഒന്നിലധികം വെണ്ടർമാരെ ആശ്രയിക്കുന്നത് കുറയ്ക്കുകയും, വിതരണത്തിനെടുക്കുന്ന സമയം കുറയ്ക്കുകയും ചെയ്യുന്നതോടൊപ്പം സ്ഥിരമായ സേവന നിലവാരം ഉറപ്പാക്കുകയും ചെയ്യുന്നു.
- ആവശ്യങ്ങളോട് ചടുലമായും സമയോചിതമായും പ്രതികരിക്കുന്നതിനുള്ള കഴിവ്: സീസണൽ മാറ്റങ്ങളിൽ ഉയർന്ന ഡിമാൻഡ് കൈകാര്യം ചെയ്യാനും വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ, വിപണി ആവശ്യകതകളോട് വേഗത്തിൽ പ്രതികരിക്കാനും ഇത് മോണ്ടിലീസ് ഇന്ത്യയെ പ്രാപ്തമാക്കുന്നു.
- മെച്ചപ്പെട്ട വിതരണ ശൃംഖലാ ശക്തി: സുരക്ഷിതവും മാനദണ്ഡങ്ങൾ പാലിക്കുന്നതും കാര്യക്ഷമവുമായ ചരക്കുനീക്കം ഉറപ്പാക്കുകയും കേരളത്തിലുടനീളമുള്ള ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡുകൾ എത്തിക്കുന്നതിനുള്ള മോണ്ടിലീസ് ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഡിപി വേൾഡിൽ, തങ്ങൾ വിതരണ ശൃംഖലകളെ ലളിതമാക്കുകയും ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കൾക്ക് അവരുടെ വളർച്ചാ സാധ്യത തുറന്നിടുകയും ചെയ്യുന്ന വിപുലമായ ലോജിസ്റ്റിക്സ് സൊല്യൂഷനുകളും ലോകോത്തരമായ ആസ്തികളും നിർമ്മിക്കാൻ പ്രതിജ്ഞാബദ്ധരാണ് എന്ന് ഡിപി വേൾഡിന്റെ ഇന്ത്യ സബ് കോണ്ടിനെന്റ് ലോജിസ്റ്റിക്സ് ചീഫ് കൊമേഴ്സ്യൽ ഓഫീസറും ഡിപി വേൾഡ് വക്താവുമായ സുരേഷ് രമണി പറഞ്ഞു. ''സുരക്ഷിതവും, മാനദണ്ഡങ്ങൾ പാലിച്ചുള്ളതും, കാര്യക്ഷമവുമായ അടിസ്ഥാന സൗകര്യങ്ങൾ രൂപകൽപ്പന ചെയ്യാനുള്ള ഞങ്ങളുടെ കഴിവിന്റെ യഥാർത്ഥ സാക്ഷ്യമായതും, മോണ്ടിലീസ് ഇന്ത്യയ്ക്കായി കൊച്ചിയിൽ സ്ഥാപിച്ചതുമായ ഈ പുതിയ വെയർഹൗസ് ഉദ്ഘാടനം ചെയ്യുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്,' അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലുടനീളം, അറുപതിലധികം സ്ഥലങ്ങളിലായി 5 ദശലക്ഷത്തിലധികം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഡിപി വേൾഡിന്റെ വെയർഹൗസിംഗ് ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ പുതിയ വെയർഹൗസ്. വെയർഹൗസിംഗ്, പോർട്ട് ടെർമിനലുകൾ, റെയിൽവേ വഴിയുള്ള ചരക്കുനീക്കം, ഫ്രയ്റ്റ് ഫോർവേഡിംഗ്, എക്സ്പ്രസ് ലോജിസ്റ്റിക്സ് എന്നിവ സംയോജിപ്പിച്ച്, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തുപകരുന്നതും മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിയുന്നതും, സംയോജിതവുമായ വിതരണ ശൃംഖലാ പരിഹാരങ്ങൾ നിർമ്മിക്കുന്നത് തുടരുന്നതിൽ പ്രതിജ്ഞാഅബദ്ധമാണ് ഡിപി വേൾഡ്.