തിരുവനന്തപുരം മുതൽ ടോക്യോവരെ: ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ

 
ഈ വേനലിൽ ഇന്ത്യൻ യാത്രക്കാർ കൂടുതലായും ഏഷ്യൻ രാജ്യങ്ങളിലേക്കാണ് തിരിയുന്നത് എന്ന് പുതിയ യാത്രാ ഡാറ്റ വ്യക്തമാക്കുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ, തെക്കുകിഴക്കൻ ഏഷ്യയിലെ നഗരങ്ങൾ എന്നിവയ്‌ക്കൊപ്പം, ഇന്ത്യൻ യാത്രക്കാരുടെ തിരച്ചിലിൽ ആഭ്യന്തര ടെസ്റ്റിനേഷനുകളിൽ തിരുവനന്തപുരവും മുൻപന്തിയിലാണ് എന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരം തിരച്ചിലിൽ 90 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയപ്പോൾ പുരി 30 ശതമാനവും ജയ്‌പൂരും മേഘാലയയും  70 ശതമാനം വീതവും വളർച്ച രേഖപ്പെടുത്തിയാതായി എയർബിഎൻബി ഡാറ്റ സൂചിപ്പിക്കുന്നു.
പതിവ് ഇടങ്ങളിൽ നിന്നും മാറി പ്രകൃതിഭംഗിയും പൈതൃകവും സാംസ്കാരിക സമ്പന്നതയുമെല്ലാം വേനൽക്കാല യാത്രാ ഡെസ്റ്റിനേഷനുകളുടെ തെരഞ്ഞെടുപ്പിൽ വലിയ സ്ഥാനം വഹിക്കുന്നു. ഇത് യാത്രയിൽ മാറിവരുന്ന ട്രെൻഡുകളുടെ സൂചനയാണ് എന്നും എയർബിഎൻബി ഡാറ്റ വ്യക്തമാക്കുന്നു.
ജപ്പാൻ, ദക്ഷിണ കൊറിയ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ഡെസ്റ്റിനേഷനുകളോടുള്ള താല്പര്യം ഡാറ്റകളിൽ വ്യക്തമാണ്. ടോക്കിയോ, ഒസാകാ, ബുസാൻ തുടങ്ങിയ നഗരങ്ങളിലേക്കുള്ള തിരച്ചിൽ വലിയ തോതിൽ ഉയർന്നിട്ടുണ്ട് എന്നാണ് ഡാറ്റകൾ കാണിക്കുന്നത്. ഇതിന് ഒരു കാരണം കൊറിയൻ ഡ്രാമകൾ, ജാപ്പനീസ് സംസ്കാരം, ഭക്ഷണ താല്പര്യം, പ്രത്യേകിച്ചും ഏഷ്യൻ തെരുവ് ഭക്ഷണ സംസ്കാരം എന്നിവയെല്ലാം ഉണ്ടാക്കിയ സ്വാധീനമാണ്. ഒരുപാട് ദൂരമില്ല എന്നതും, മികച്ച യാത്രാസൗകര്യമുണ്ട് എന്നതും ഇന്ത്യക്കാരെ സംബന്ധച്ചിടത്തോളം ഡെസ്റ്റിനേഷനുകളുടെ തെരഞ്ഞെടുപ്പിൽ ഏഷ്യൻ രാജ്യങ്ങൾ മുൻപന്തിയിൽ വരാൻ ഒരു കാരണമാണ്. ഇന്ത്യൻ സഞ്ചാരികൾക്കിടയിൽ യാത്രയ്ക്കായുള്ള തിരച്ചലിൽ ഒസാക്ക 85 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയപ്പോൾ ടോക്കിയോ 90 ശതമാനത്തിലധികവും ബുസാൻ 95 ശതമാനത്തിലധികവും വർദ്ധനവ് രേഖപ്പെടുത്തി.
എയർബിഎൻബി സെർച്ച് ഡാറ്റ പ്രകാരം, ജെൻ സീയിൽ പെട്ടവരാണ് ഇത്തരം ഡെസ്റ്റിനേഷനുകളുടെ തിരച്ചിലിൽ മുന്നണിയിൽ നിൽക്കുന്നത്. ഈ വർഷം എയർ ബിഎൻബിയുടെ വേനൽക്കാല തിരയലുകളിൽ 40%-ത്തിലധികവും ഇവരുടേതാണ്, അതായത്, പോയ വർഷത്തേതിൽ നിന്നും ഏകദേശം 60% വളർച്ച. ഡാറ്റകൾ സൂചിപ്പിക്കുന്നത് ഈ തലമുറ കൂടുതൽ യാത്ര ചെയ്യാൻ താല്പര്യം കാണിക്കുന്നു എന്നുമാത്രമല്ല, സംഗീത പരിപാടികൾ, ഉത്സവങ്ങൾ മുതൽ സാംസ്കാരിക പരിപാടികൾ, പാചകരംഗത്തോടുള്ള ആകർഷണം എന്നിവയെയൊക്കെ ചുറ്റിപ്പറ്റിയുള്ള അനുഭവങ്ങൾ യാത്രകൾ കൂടുതലായി ആസൂത്രണം ചെയ്യുന്നതിന് ഇവർക്ക് പ്രേരണയാവുന്നു എന്നുകൂടിയാണ്.
പോപ്പ് സംസ്കാരത്തിനോടുള്ള ആരാധനയും, സുഗമമായ യാത്രയും, പുതിയ അനുഭവങ്ങളുമെല്ലാം ഇവരുടെ യാത്രാ താല്പര്യങ്ങൾ രൂപപ്പെടുത്തുന്ന ഘടകങ്ങളാണ്. അതേസമയം പതിവ് ഡെസ്റ്റിനേഷനുകളായ ക്വാലാലംപൂരും (50%-ത്തിലധികം വളർച്ച ) ബാങ്കോക്കും (35%-ത്തിലധികം വളർച്ച) ഇപ്പോഴും പ്രിയപ്പെട്ട ഇടങ്ങളാണ് എന്നത് ഇന്ത്യൻ സഞ്ചാരികൾക്കിടയിൽ ഈ സ്ഥലങ്ങൾക്കുള്ള സ്ഥാനം വ്യക്തമാക്കുന്നു. അതുപോലെതന്നെ മികച്ച കണക്റ്റിവിറ്റി, സൗകര്യപ്രദമായ യാത്രാ സമയങ്ങൾ എന്നിവയുടെ ആകർഷകമായ ചേരുവയാണ് ഏഷ്യൻ ഡെസ്റ്റിനേഷനുകൾ വാഗ്ദാനം ചെയ്യുന്നത് എന്നതും കൂടുതൽ ആളുകൾ ഈ സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ കാരണമാവുന്നു.
മറ്റൊരു കാര്യം, കുടുംബവും സുഹൃത്തുക്കളുമായി ചേർന്നുള്ള യാത്രകൾക്ക് ആളുകൾ ഇപ്പോഴും പ്രാധാന്യം നൽകുന്നു എന്നതാണ്. ഗ്രൂപ്പ് ട്രാവലിനും കൂട്ടായ അനുഭവങ്ങൾക്കുമായി ധാരാളമായി ആളുകൾ തിരച്ചിൽ നടത്തുന്നതായി എയർബിഎൻബി ഡാറ്റ സൂചിപ്പിക്കുന്നു. മൊത്തത്തിൽ, ഈ വേനലിൽ ഇന്ത്യൻ യാത്രക്കാരുടെ ദിശാസൂചി ഏഷ്യയിലേക്കാണ് തിരിഞ്ഞിരിക്കുന്നത് എന്നുമാത്രമല്ല, അതിൽ തിരുവനന്തപുരം പോലുള്ള നഗരങ്ങൾ കൂടുതൽ ശ്രദ്ധ നേടുന്നുവെന്നതും ശ്രദ്ധേയമാണ്.ഗം യാത്രാ തിരച്ചിലിൽ മുന്നിൽ നിൽക്കുന്നതും ശ്രദ്ധേയമാണ്.