10 വര്‍ഷത്തെ ആഗോള റാലി റേസിംഗ് മികവ് ആഘോഷിച്ച് ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലി.
• ഇന്ത്യന്‍ റാലി-റെയ്ഡ് പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുകയും ആഗോളതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും ലക്ഷ്യമിട്ട് 'ഇന്ത്യാസ് നെക്സ്റ്റ് ഡക്കാര്‍ ഹീറോ' (ഐഎന്‍ഡിഎച്ച്) പദ്ധതി പ്രഖ്യാപിച്ചു.
• ഇന്ത്യയിലെ വളര്‍ന്നുവരുന്ന ഓഫ്-റോഡ് മോട്ടോര്‍സൈക്കിള്‍ റേസര്‍മാരില്‍ ഒരാളായ 18-കാരന്‍ ശ്ലോക് ഘോര്‍പഡെയെ ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലിയില്‍ ഉള്‍പ്പെടുത്തി.
ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍-സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്, ജയ്പൂരിലെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജിയില്‍ (സിഐടി) വെച്ച് ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലിയുടെ പത്താം വാര്‍ഷികം ആഘോഷിച്ചു. ആഗോള റാലി റേസിംഗ് രംഗത്ത് ഇന്ത്യയുടെ സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തിയ ഒരു ദശകത്തിന്റെ നേട്ടങ്ങള്‍ അനുസ്മരിച്ചുകൊണ്ടായിരുന്നു ഈ ആഘോഷം. ഒരു നാഴികക്കല്ലായി മാറിയ ഈ ആഘോഷത്തില്‍ 2024 എഫ്ഐഎം വേള്‍ഡ് റാലി-റെയ്ഡ് ചാമ്പ്യന്‍ (ഡബ്ല്യു2ആര്‍സി) റോസ് ബ്രാഞ്ച്, തെക്കേ അമേരിക്കയിലെ നാച്ചോ കോര്‍നെജോ, ദക്ഷിണാഫ്രിക്കന്‍ റാലി-റെയ്ഡ്, മോട്ടോക്രോസ് റൈഡറായ മൈക്കല്‍ ഡോച്ചെര്‍ട്ടി, ഇന്ത്യയിലെ മോട്ടോക്രോസ്, സൂപ്പര്‍ക്രോസ് റൈഡര്‍ ശ്ലോക് ഘോര്‍പഡെ എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര റേസിംഗ് താരങ്ങളെ, ഇന്ത്യയിലെ മുന്‍നിര പ്രൊഫഷണല്‍ വനിതാ ബൈക്കര്‍മാരായ സോംയ്യ മോക്ഷ ചൗധരി ക്കൊപ്പം ഒരുമിച്ച് കൊണ്ടുവന്നു.
ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലിയുടെ ഹെഡ് ഓഫ് മോട്ടോ സ്‌പോര്‍ട്‌സും ടീം മാനേജറുമായ വോള്‍ഫ്ഗാങ് (വാഫി) ഫിഷര്‍, സ്പാനിഷ് റാലി വിദഗ്ധനും ഹെഡ് ഓഫ് നാഷണല്‍ മോട്ടോസ്പോര്‍ട്‌സ് ജോര്‍ഡി ഗ്രു എന്നിവരുള്‍പ്പെടെ ടീമിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ച പ്രമുഖരും, ഡീലര്‍മാരും, പങ്കാളികളും, മോട്ടോസ്‌പോര്‍ട്‌സ് രംഗത്തെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലി രണ്ടാം ദശകത്തിലേക്ക് കടക്കുന്ന ഈ ഘട്ടത്തില്‍, തങ്ങളുടെ റാലി റേസിംഗ് യാത്രയുടെ ഭാവിയെ രൂപപ്പെടുത്തുന്ന മൂന്ന് സുപ്രധാന പ്രഖ്യാപനങ്ങളും ഈ അവസരത്തില്‍ നടത്തി. ആദ്യമായി, ഡക്കാര്‍ റാലിയുടെയും എഫ്ഐഎം വേള്‍ഡ് റാലി-റെയ്ഡ് ചാമ്പ്യന്‍ഷിപ്പിന്റെയും സംഘാടകരായ അമൗറി സ്‌പോര്‍ട് ഓര്‍ഗനൈസേഷ (എഎസ്ഒ) നുമായുള്ള പങ്കാളിത്തം കമ്പനി പുതുക്കി.
ഈ സുപ്രധാന അവസരത്തില്‍, ഹീറോ മോട്ടോകോര്‍പ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. പവന്‍ മുഞ്ജാല്‍ 'ഇന്ത്യാസ് നെക്സ്റ്റ് ഡക്കാര്‍ ഹീറോ (ഐഎന്‍ഡിഎച്ച്)' പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയിലെ അടുത്ത തലമുറ റാലി-റെയ്ഡ് പ്രതിഭകളെ കണ്ടെത്തുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്ത, ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.
ഇക്കൂട്ടത്തിലെ അവസാന പ്രഖ്യാപനമായി, വളര്‍ന്നുവരുന്ന ഇന്ത്യന്‍ ഓഫ്-റോഡ് റേസറായ ശ്ലോക് ഘോര്‍പഡെയെ ഹീറോ മോട്ടോസ്‌പോര്‍ട്‌സ് ടീമിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു.
ജയ്പൂരിലെ കമ്പനിയുടെ അത്യാധുനിക ഗവേഷണ വികസന കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലിയുടെ ഡാക്കര്‍ മെഷീനുകളുടെയും റൈഡര്‍മാരുടെയും ഒരു പ്രത്യേക പ്രദര്‍ശനവും ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ റാലി വേദികളില്‍ ഹീറോ മോട്ടോസ്പോര്‍ട്സിന്റെ ഐതിഹാസികമായ ഒരു ദശകത്തെ നിര്‍വചിച്ച അക്ഷീണമായ വൈദഗ്ധ്യത്തിന്റെയും സഹനശക്തിയുടെയും പോരാട്ടവീര്യത്തിന്റെയും നേര്‍ക്കാഴ്ച അതിഥികള്‍ക്ക് ഇതിലൂടെ ലഭിച്ചു. ടീമിലെ താരങ്ങളുടെ പ്രത്യേക ഓഫ്-റോഡ് പ്രകടനവും പരിപാടിയുടെ ഭാഗമായിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലി ഒരു ധീരമായ സ്വപ്നത്തില്‍ നിന്ന് ആഗോളതലത്തില്‍ ആദരിക്കപ്പെടുന്നതും, ലോക വേദിയില്‍ ഇന്ത്യയെ അഭിമാനത്തോടെ പ്രതിനിധീകരിക്കുന്നതുമായ ഒരു റാലി റേസിംഗ് ടീമായി വളര്‍ന്നു എന്ന് ഈ നാഴികക്കല്ലിനെക്കുറിച്ച് സംസാരിച്ച ഹീറോ മോട്ടോകോര്‍പ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. പവന്‍ മുഞ്ജല്‍ പറഞ്ഞു.
ഈ നേട്ടം നമ്മുടെ ഭൂതകാല വിജയങ്ങളെ ആഘോഷിക്കുന്നതോടൊപ്പം, ഭാവിയിലേക്കുള്ള നമ്മുടെ കാഴ്ചപ്പാടിനും വ്യക്തമായ രൂപം നല്‍കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഎസ്ഒയുമായുള്ള തങ്ങളുടെ പങ്കാളിത്തം പുതുക്കിയത് ആഗോള റാലി റേസിംഗിനോടുള്ള തങ്ങളുടെ ദീര്‍ഘകാല പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 'കൂടാതെ, 'ഇന്ത്യാസ് നെക്സ്റ്റ് ഡക്കാര്‍ ഹീറോ' പദ്ധതി ഇന്ത്യയില്‍ ഇനിയും കണ്ടെത്തപ്പെടാനും വളര്‍ത്തിയെടുക്കാനും കാത്തിരിക്കുന്ന അപാരമായ മോട്ടോര്‍-സ്‌പോര്‍ട്‌സ് പ്രതിഭകള്‍ ഇന്ത്യയിലുണ്ടെന്ന ഞങ്ങളുടെ ആഴത്തിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. ശ്ലോക് ഘോര്‍പഡെയെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിലൂടെ, ഇന്ത്യന്‍ റൈഡേഴ്സിന് മത്സരിക്കാനും കായികരംഗത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ മികവ് പുലര്‍ത്താനുമുള്ള ഒരു സുസ്ഥിര പാത കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ സംരംഭങ്ങള്‍ ഒരുമിച്ച്, ഇന്ത്യയ്ക്കായി ഒരു ശാശ്വത റാലി-റെയ്ഡ് പാരമ്പര്യം സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ യാത്രയിലെ അടുത്ത അധ്യായത്തെ പ്രതിനിധീകരിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016ല്‍ ആരംഭിച്ച ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലി, ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളില്‍ തങ്ങളുടെ അത്യാധുനിക സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതിനും അന്താരാഷ്ട്ര റാലി രംഗത്ത് ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമായാണ് ഹീറോ മോട്ടോകോര്‍പ്പ് രൂപവത്കരിച്ചത്. അതിനുശേഷം ഡക്കാര്‍ റാലിയും എഫ്ഐഎം വേള്‍ഡ് റാലി-റെയ്ഡ് ചാമ്പ്യന്‍ഷിപ്പും ഉള്‍പ്പെടെ അന്താരാഷ്ട്ര മോട്ടോര്‍സ്‌പോര്‍ട്‌സിന്റെ ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ മത്സരിച്ച് ലോകത്തിലെ മുന്‍നിര റാലി-റെയ്ഡ് ടീമുകളിലൊന്നായി ഹീറോ മോട്ടോസ്‌പോര്‍ട്‌സ് വളര്‍ന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നിരവധി പോഡിയം ഫിനിഷുകളും ചരിത്രവിജയങ്ങളും സ്വന്തമാക്കിയ ടീം, ആഗോള റാലി റേസിംഗ് ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ദീര്‍ഘകാല ആഗോള പങ്കാളിത്തത്തിന് കൂടുതല്‍ കരുത്ത്
റാലി-റെയ്ഡ് റേസിംഗിന്റെ ഭാവിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, അമൗറി സ്‌പോര്‍ട് ഓര്‍ഗനൈസേഷ (എഎസ്ഒ)-നു മായുള്ള പങ്കാളിത്തം അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടുന്നതായി ഹീറോ മോട്ടോകോര്‍പ്പ് പ്രഖ്യാപിച്ചു. പുതുക്കിയ ഈ സഹകരണം, ആഗോളതലത്തില്‍ റാലി-റെയ്ഡ് കായികരംഗത്തിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ന്നുവരുന്ന റാലി പ്രതിഭകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലിയുടെയും എഎസ്ഒയുടെയും സംയുക്ത പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
'ഇന്ത്യാസ് നെക്സ്റ്റ് ഡാക്കര്‍ ഹീറോ' (ഐഎന്‍ഡിഎച്ച്) യുടെ ലോഞ്ച്'
ഒരു ദശാബ്ദക്കാലത്തെ റാലി-റെയ്ഡ് വൈദഗ്ധ്യവും ഹീറോ മോട്ടോകോര്‍പ്പിന്റെ വിജയകരമായ ദേശീയ റേസിംഗ് പ്രോഗ്രാമുകളും അടിസ്ഥാനമാക്കി, ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലി 'ഇന്ത്യാസ് നെക്സ്റ്റ് ഡാക്കര്‍ ഹീറോ' (ഐഎന്‍ഡിഎച്ച്) എന്ന പദ്ധതിയും ആരംഭിച്ചു. ദേശീയ റേസിംഗില്‍ നിന്ന് അന്താരാഷ്ട്ര റാലി-റെയ്ഡ് ഘട്ടത്തിലേക്കുള്ള ഒരു ഘടനാപരമായ യാത്രയിലൂടെ ഇന്ത്യയിലെ മികച്ച യുവ ഓഫ്-റോഡ് റേസിംഗ് പ്രതിഭകളെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അന്താരാഷ്ട്ര റാലി റേസിംഗിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ മത്സരിക്കുന്നതിന് ആവശ്യമായ റൈഡിംഗ് സാങ്കേതികവിദ്യ, നാവിഗേഷന്‍ വൈദഗ്ധ്യം, ശാരീരിക ക്ഷമത, സഹനശേഷി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള, രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന കര്‍ശനമായ വികസന പരിശീലന പരിപാടിയിലൂടെയാകും പങ്കാളികള്‍ കടന്നുപോകുക.
അടുത്ത തലമുറ ചാമ്പ്യന്‍മാരെ വളര്‍ത്തിയെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി, ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലിയുടെ നിലവിലുള്ള റൈഡര്‍ വികസന സംവിധാനത്തെയും ടീമിന്റെ പത്തുവര്‍ഷത്തെ ആഗോള റാലി അനുഭവസമ്പത്തിനെയും പ്രയോജനപ്പെടുത്തിയാണ് ഈ സംരംഭം മുന്നോട്ടുപോകുന്നത്.2025 സെപ്റ്റംബറില്‍ ദേശീയ റേസിംഗ് താരം അരുണ്‍ തായപ്പ സ്‌പെയിനില്‍ നടന്ന സിയേഴ്‌സോ റാലിയില്‍ അന്താരാഷ്ട്ര റാലി-റെയ്ഡില്‍ അരങ്ങേറ്റം കുറിച്ചതോടെയാണ് ഈ യാത്രയിലെ ആദ്യ നാഴികക്കല്ല് പിന്നിട്ടത്. ഹീറോ 450 റാലി പ്രോട്ടോടൈപ്പ് ബൈക്കില്‍ മത്സരിച്ച അദ്ദേഹത്തിന്റെ അരങ്ങേറ്റം ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് ചരിത്രത്തിലെ ശ്രദ്ധേയ നിമിഷമായി മാറി.
ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലിയില്‍ പങ്കാളിയായി ശ്ലോക് ഘോര്‍പഡെ
തങ്ങളുടെ ദീര്‍ഘകാല പ്രതിഭാ വികസന തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവെയ്പ്പെന്ന നിലയില്‍, മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ 18-കാരന്‍ ശ്ലോക് ഘോര്‍പഡെയെ ഹീറോ മോട്ടോസ്‌പോര്‍ട്‌സ് ടീമില്‍ ഉള്‍പ്പെടുത്തി. നാഷണല്‍ ഇന്ത്യന്‍ സൂപ്പര്‍ക്രോസ് ദേശീയ സര്‍ക്യൂട്ടില്‍ ലഭ്യമായ എല്ലാ പ്രധാന കിരീടങ്ങളും സ്വന്തമാക്കി ശ്രദ്ധേയ നേട്ടം കൈവരിച്ച ശ്ലോക്, ഇന്ത്യ സൂപ്പര്‍ക്രോസ് ലീഗിലെ ഏറ്റവും വേഗമേറിയ ദേശീയ റേസര്‍ എന്ന അംഗീകാരവും നേടിയിട്ടുണ്ട്. വികസന പരിശീലന പരിപാടിയുടെ ഭാഗമായി, എഫ് ഐ എം ലോക റാലി റൈഡ് ചാമ്പ്യനുമായ റോസ് ബ്രാഞ്ചിനൊപ്പവും ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലിയുടെ മുഖ്യ റൈഡര്‍മാര്‍ക്കൊപ്പവും ശ്ലോക് ഇതിനകം തന്നെ പരിശീലനം ആരംഭിച്ചിട്ടുണ്ട്.ഡക്കാര്‍ റാലിയിലേക്കുള്ള പ്രത്യേക പരിശീലന പാതയുടെ ഭാഗമായി, തീവ്രമായ റേസ് സിമുലേഷന്‍ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
രണ്ടാം ദശകത്തിലേക്ക് പ്രവേശിക്കുന്ന ഹീറോ മോട്ടോസ്പോര്‍ട്സ് ടീം റാലിയുടെ ഈ സംരംഭങ്ങള്‍, ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചയ്ക്കും ആഗോള റാലി രംഗത്തെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ലോകത്തിലെ മികച്ച റൈഡര്‍മാര്‍ക്കൊപ്പം മത്സരിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ താരങ്ങളുടെ അടുത്ത തലമുറയെ വളര്‍ത്തിയെടുക്കുന്നതിനുമുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രതിബദ്ധതയെ ഊട്ടി ഉറപ്പിക്കുന്നവയാണ്.