ദക്ഷിണേന്ത്യയുടെ വളർച്ചയും രാഷ്ട്രീയ മാറ്റങ്ങളും ചർച്ച ചെയ്ത് ഇന്ത്യ ടുഡേ കോൺക്ലേവ് സൗത്ത് 2026

 

കൊച്ചി: ദക്ഷിണേന്ത്യയുടെ വളർച്ച, അവസരങ്ങൾ, വെല്ലുവിളികൾ, രാജ്യത്തിന്റെ വികസന യാത്രയിലെ നിർണായക പങ്ക് എന്നിവയെക്കുറിച്ചുള്ള വിപുലമായ ചർച്ചകളോടെ ഇന്ത്യ ടുഡേ കോൺക്ലേവ് സൗത്ത് 2026 കൊച്ചിയിൽ സമാപിച്ചു. ഭരണം, സാമ്പത്തിക വളർച്ച, ഫെഡറലിസം, നിക്ഷേപങ്ങൾ, സാങ്കേതികവിദ്യ, ദേശീയ സുരക്ഷ, യുവജനങ്ങളുടെ പ്രതീക്ഷകൾ, സാമൂഹിക മാറ്റങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ രാഷ്ട്രീയ നേതാക്കൾ, നയരൂപകർത്താക്കൾ, പ്രതിരോധ വിദഗ്ധർ, വ്യവസായ പ്രമുഖർ, സംരംഭകർ, അക്കാദമിഷ്യന്മാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു. 

രാഷ്ട്രീയ രംഗത്ത് ഫെഡറലിസവും മണ്ഡല പുനർനിർണ്ണയവും സംബന്ധിച്ച ചർച്ചകൾ സമ്മേളനത്തിൽ ഏറെ ശ്രദ്ധ നേടി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ശബ്ദം സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ വ്യത്യസ്ത കാഴ്ചപ്പാടുകളും ചർച്ച ചെയ്യപ്പെട്ടു.

തെലങ്കാന ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു ബി.ജെ.പിയുമായുള്ള സഖ്യസാധ്യത തള്ളിക്കളഞ്ഞപ്പോൾ, തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു കോൺഗ്രസ് വിട്ടുപോയ മുൻ നേതാക്കളോട് പാർട്ടിയിലേക്ക് മടങ്ങിവരാൻ ആഹ്വാനം ചെയ്തു. ആന്ധ്രാപ്രദേശിൽ നിന്നുള്ള മന്ത്രി നര ലോകേഷ് സംസ്ഥാനത്തിന്റെ നിക്ഷേപ സാധ്യതകളെക്കുറിച്ചും വേഗത്തിലുള്ള ഭരണനടടികളുടെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കി. 

മേഖലയുടെ സാമ്പത്തിക പ്രാധാന്യവും ബാങ്കിംഗ്, ഫിനാൻസ്, നിക്ഷേപങ്ങൾ എന്നിവയിലെ വളർച്ചയും വിദഗ്ധർ വിലയിരുത്തി. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി പ്രതിരോധ സ്റ്റാർട്ടപ്പുകൾ ഡ്രോണുകൾ, മിസൈലുകൾ, ഉപഗ്രഹങ്ങൾ എന്നിവ നിർമ്മിക്കുന്നതിൽ കൈവരിക്കുന്ന മുന്നേറ്റങ്ങളും ചർച്ചയുടെ ഭാഗമായി. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ എസ്. പരേഷ് സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും തദ്ദേശീയ സാങ്കേതികവിദ്യകളുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. 

യുവ വോട്ടർമാരുടെ മുൻഗണനകൾ, തൊഴിലവസരങ്ങൾ, സമകാലിക സംഘർഷങ്ങളോടുള്ള ഇന്ത്യയുടെ പ്രതികരണങ്ങൾ എന്നിവയും സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയങ്ങളായി. രാഷ്ട്രീയത്തിനും നയങ്ങൾക്കും പുറമെ, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, എ.ഐ കാലത്തെ വിദ്യാഭ്യാസം, സിനിമ, പരമ്പരാഗത കലകൾ എന്നിവയും കോൺക്ലേവിൽ വിശകലനം ചെയ്യപ്പെട്ടു. ഇന്ത്യയുടെ അടുത്ത ഘട്ട വികസനത്തിൽ ദക്ഷിണേന്ത്യയുടെ പ്രാധാന്യം പൂർണ്ണമായും അടയാളപ്പെടുത്തുന്നതായിരുന്നു ഈ വർഷത്തെ കോൺക്ലേവ്.