കൊട്ടക് ബിസ് ലാബ്സ് സീസൺ 3; 100-ലധികം സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ

 

കൊച്ചി:രാജ്യത്തെ പ്രാരംഭ വരുമാന ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കായി കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സി.എസ്.ആർ. സംരംഭമായ 'കൊട്ടക് ബിസ് ലാബ്സ് ആക്സിലറേറ്റർ പ്രോഗ്രാമിന്റെ' മൂന്നാം സീസൺ പ്രഖ്യാപിച്ചു. കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യകളിലേക്കും സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഐ.ഐ.എം. കൽക്കട്ട ഇന്നൊവേഷൻ പാർക്ക് ഇതിന്റെ പുതിയ ഇൻകുബേറ്റർ പങ്കാളിയായി ചേർന്നു. 2026 ആഗസ്റ്റ് മുതൽ 2027 ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന ഈ പദ്ധതിയിലൂടെ ഇന്ത്യയിലുടനീളമുള്ള നൂറിലധികം സ്റ്റാർട്ടപ്പുകൾക്ക് മെന്റർഷിപ്പും സാമ്പത്തിക പിന്തുണയും ലഭ്യമാക്കും. 

രാജ്യത്തെ പ്രമുഖ ഇൻകുബേഷൻ സ്ഥാപനങ്ങളായ ഐ.ഐ.എം. കൽക്കട്ട ഇന്നൊവേഷൻ പാർക്ക്, സി.ഐ.ഐ.ഇ. ഇനിഷ്യേറ്റീവ്സ് (ഐ.ഐ.എം.എ. വെഞ്ചേഴ്സ്), ഐ.ഐ.എം. ബാംഗ്ലൂർ (എൻ.എസ്.ആർ.സി.ഇ.എൽ), ടി-ഹബ്, ഐ.ഐ.ടി. ഡെൽഹി (എഫ്.ഐ.ടി.ടി) എന്നിവയാണ് സീസൺ 3-ന്റെ ഭാഗമായി ഒത്തുകൂടിയിരിക്കുന്നത്. തുടക്കം മുതൽ ഇതുവരെ 4,500-ലധികം അപേക്ഷകളാണ് ഈ പ്രോഗ്രാമിന് ലഭിച്ചിട്ടുള്ളത്. കൂടാതെ 125-ലധികം ഉയർന്ന സാധ്യതയുള്ള സംരംഭങ്ങളെ വളർത്തിയെടുക്കാനും, നൂറിലധികം സ്റ്റാർട്ടപ്പുകൾക്ക് ഗ്രാന്റുകൾ നൽകാനും ഇതിലൂടെ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 

“മെന്റർഷിപ്പും ഘടനാപരമായ പിന്തുണയും ലഭിക്കാൻ പ്രയാസമുള്ള ആശയങ്ങളുള്ള സംരംഭകരിലേക്ക് ഉയർന്ന നിലവാരത്തിലുള്ള സഹായം എത്തിക്കുകയാണ് സീസൺ 3 ചെയ്യുന്നത്,” എന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് സി.എസ്.ആർ. ആൻഡ് ഇ.എസ്.ജി. ഹെഡ് ഹിമാൻഷു നിവ്സാർകർ പറഞ്ഞു. ഐ.ഐ.എം. കൽക്കട്ടയുമായുള്ള പങ്കാളിത്തം പദ്ധതിയുടെ വ്യാപ്തി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അഗ്രിടെക്, ക്ലൈമാറ്റ് ടെക്, ഫിൻടെക്, സുസ്ഥിരത, ഹെൽത്ത് ടെക്, എഡ് ടെക്, ക്ലീൻ എനർജി, വേസ്റ്റ് മാനേജ്മെന്റ്, സുസ്ഥിര നിർമ്മാണം തുടങ്ങിയ മേഖലകൾക്കൊപ്പം ഡീപ്-ടെക് രംഗത്തിനും സീസൺ 3 പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. വിവിധ ഇൻകുബേഷൻ ഹബ്ബുകൾ വഴി സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ വ്യവസായ ബന്ധങ്ങളും വളർച്ചയ്ക്കുള്ള പിന്തുണയും ഉറപ്പാക്കും. 

ഡി.പി.ഐ.ഐ.ടി.അംഗീകൃത സ്റ്റാർട്ടപ്പുകൾക്ക് നിലവിൽ സീസൺ 3-ലേക്ക് അപേക്ഷിക്കാവുന്നതാണ്. താൽപ്പര്യമുള്ള യോഗ്യരായ സംരംഭകർക്ക് https://kotakbizlabs.accubate.app/ext/form/24005/1/apply
എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കവുന്നതാണ്.