ഹൈബ്രിഡ് ഹോം ലോണുമായി കോട്ടക് മഹീന്ദ്ര ബാങ്ക്
കൊച്ചി: ഭവന വായ്പ ഉപഭോക്താക്കൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് കോട്ടക് മഹീന്ദ്ര ബാങ്ക് പുതിയ 'ഹൈബ്രിഡ് ഹോം ലോൺ' അവതരിപ്പിച്ചു. ഭവന വായ്പ എടുത്തതിന് ശേഷമുള്ള പ്രാരംഭ വർഷങ്ങളിൽ സാമ്പത്തിക ഭദ്രത നിലനിർത്താനും, പലിശ നിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം പ്രതിമാസ തിരിച്ചടവ് വർദ്ധിക്കുന്നത് ഒഴിവാക്കാനും സഹായിക്കുന്നതാണ് പദ്ധതി.
ഉപഭോക്താക്കൾക്ക് 39, 52 അല്ലെങ്കിൽ 65 മാസം വരെ ഫിക്സഡ് പലിശ നിരക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. ഈ കാലയളവിൽ റിപ്പോ നിരക്കുകളിൽ വർദ്ധനവുണ്ടായാലും വായ്പയുടെ പലിശ നിരക്കിലും പ്രതിമാസ തിരിച്ചടവിലും മാറ്റം ഉണ്ടാകില്ല. നിശ്ചിത കാലയളവ് അവസാനിച്ച ശേഷം വായ്പ വീണ്ടും നിലവിലെ റിപ്പോ നിരക്കുകളുമായി ബന്ധിപ്പിച്ചുള്ള ഫ്ലോട്ടിംഗ് പലിശ നിരക്കിലേക്ക് തനിയെ മാറുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
ഈ ഉൽപ്പന്നം ഹോം ലോണായും പ്രോപ്പർട്ടി ഈടയിട്ടുള്ള വായ്പയായും ലഭ്യമാണ്.ശമ്പള വരുമാനക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ഈ വായ്പ ലഭ്യമാണ്. ബാങ്കിന്റെ ക്രെഡിറ്റ്, റിസ്ക് വിലയിരുത്തൽ നയങ്ങൾക്ക് വിധേയമായിട്ടായിരിക്കും അർഹരായ ഉപഭോക്താക്കൾക്ക് വായ്പകൾ അനുവദിക്കുക.