നഗരപ്രദേശങ്ങളിലെ പത്തിൽ ഏഴ് ഇന്ത്യക്കാരും നേരത്തെ ജോലിയിൽ നിന്നും വിരമിക്കാൻ ആഗ്രഹിക്കുന്നതായി ആക്സിസ് മാക്സ് ലൈഫിന്റെ പഠനം
കൊച്ചി: സാമ്പത്തികമായി സുരക്ഷിതമെങ്കില്‍ നഗരപ്രദേശങ്ങളിലെ പത്തില്‍ ഏഴ് ഇന്ത്യക്കാരും പരമ്പരാഗത പ്രായത്തിന് മുമ്പ് ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി ആക്സിസ് മാക്സ് ലൈഫിന്റെ 'ഭറോസ ടോക്‌സ് ഐറിസ് 6.0' പഠനം. ഇതില്‍ പകുതിപ്പേരും സാമ്പത്തിക സ്വാതന്ത്രം നേടി 50 വയസ്സിന് മുമ്പ് വിരമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കാന്ററുമായി ചേര്‍ന്ന് നടത്തിയ ഇന്ത്യ റിട്ടയര്‍മെന്റ് സ്റ്റഡി ഇന്‍ഡക്‌സ് വ്യക്തമാക്കുന്നു.
അതേസമയം, സ്ഥിരവരുമാനം ആവശ്യമായി വരുമെന്നതിനാല്‍ തങ്ങള്‍ക്ക് ഒരിക്കലും ജോലിയില്‍ നിന്ന് വിരമിക്കാന്‍ കഴിയില്ലെന്ന് 45 വയസ്സിന് മുകളിലുള്ള 'ജെന്‍ എക്‌സ്+' വിഭാഗത്തിലെ 82 ശതമാനം പേരും ആശങ്കപ്പെടുന്നു. ഇതേ വിഭാഗത്തിലെ 91 ശതമാനം പേരും നേരത്തെ നിക്ഷേപം തുടങ്ങാത്തതില്‍ ഖേദിക്കുന്നവരാണ്. നഗരവാസികള്‍ ലക്ഷ്യമിട്ട വിരമിക്കല്‍ സമ്പാദ്യത്തിന്റെ 28 ശതമാനം മാത്രമാണ് ഇതുവരെ സ്വരൂപിച്ചിട്ടുള്ളത്.
മറുവശത്ത്, യുവതലമുറ ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. 'ജെന്‍ ഇസഡ്' വിഭാഗത്തില്‍പ്പെട്ട 62 ശതമാനം പേരും ഇതിനകം വിരമിക്കലിനായുള്ള നിക്ഷേപം ആരംഭിച്ചുകഴിഞ്ഞു. ആദ്യ ശമ്പളം ലഭിക്കുമ്പോള്‍ തന്നെ ആസൂത്രണം തുടങ്ങണമെന്നാണ് ഇവരുടെ പൊതുവായ അഭിപ്രായം.
സുഖകരമായി വിരമിക്കാന്‍ ഒരു കോടി രൂപ മതിയാകുമെന്ന വിശ്വാസം 77 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കൂടാതെ, മെട്രോ നഗരങ്ങള്‍ക്ക് പുറമെ ടയര്‍-2 നഗരങ്ങളിലും വിരമിക്കല്‍ തയ്യാറെടുപ്പുകള്‍ സജീവമാകുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു