യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ; വില 2.30 ലക്ഷം മുതൽ

 

കൊച്ചി: യമഹ മോട്ടോർ ഇന്ത്യ പുതിയ വൈസെഡ്എഫ്-ആർ2 മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ആഗോളതലത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന വൈസെഡ്എഫ്-ആർ2 ന്റെ  ആദ്യ വിപണിയാണ് ഇന്ത്യ. 2,30,500 രൂപയാണ് (എക്സ്-ഷോറൂം) അടിസ്ഥാന മോഡലിന്റെ വില. മൂന്ന് വേരിയന്റുകളിലും അഞ്ച് നിറങ്ങളിലുമായി എത്തുന്ന ബൈക്ക് സെപ്റ്റംബർ മധ്യത്തോടെ രാജ്യത്തെ യമഹ ബ്ലൂ സ്ക്വയർ ഡീലർഷിപ്പുകളിൽ ലഭ്യമാകും.

യമഹയുടെ 200 സിസി വിഭാഗത്തിലെ ആദ്യ മോഡലാണ് വൈസെഡ്എഫ്-ആർ2. പുതിയ 204 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 26.5 പി എസ്  പവറും 19.1 എൻ എം  ടോർക്കും നൽകുന്ന എൻജിനാണ് വാഹനത്തിലുള്ളത്. 149 കിലോഗ്രാം കെർബ് വെയ്റ്റുള്ള വൈസെഡ്എഫ്-ആർ2 വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡലാണെന്നും യമഹ അവകാശപ്പെടുന്നു.

ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, ട്രാക്ഷൻ കൺട്രോൾ, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച്, ഡ്യുവൽ ചാനൽ എ ബി എസ് , 37 എംഎം യു എസ് ഡി  ഫ്രണ്ട് ഫോർക്കുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. യമഹ റൈഡ് കണ്ട്രോൾ വഴി സ്ട്രീറ്റ്, സ്‌പോർട്, റെയ്ന, എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ലഭ്യമാണ്. 5 ഇഞ്ച് ഫുൾ-കളർ റ്റി എഫ് റ്റി  ഡിസ്പ്ലേയും വാഹനത്തിലുണ്ട്. ക്വിക്ക് ഷിഫ്റ്റർ പതിപ്പിന് 2,39,500 രൂപയും റേഞ്ച്-ടോപ്പിംഗ് വൈസെഡ്എഫ്-ആർ2 എം -ന് 2,53,000 രൂപയുമാണ് വില. വൈസെഡ്എഫ്-ആർ2 എം-ൽ അഡ്ജസ്റ്റബിൾ സസ്പെൻഷൻ സംവിധാനങ്ങളും മറ്റ് പ്രീമിയം ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

“വൈസെഡ്എഫ്-ആർ2 ന്റെ അവതരണം യമഹയുടെ ദീർഘകാല വളർച്ചാ തന്ത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. ആർ സീരീസിന്റെ പാരമ്പര്യവും ഭാരം കുറഞ്ഞ പെർഫോമൻസും മികച്ച ഇന്ധനക്ഷമതയും സംയോജിപ്പിക്കുന്ന മോട്ടോർസൈക്കിളാണിത്,” എന്ന്  യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ഹജിമെ അയോട്ട പറഞ്ഞു.