ചന്ദ്രയാൻ 3; വിക്ഷേപണം വിജയകരം

 

 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ ചിറകിലേറ്റി ചന്ദ്രയാൻ 3 കുതിച്ചുയർന്നു. ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണതറയിൽ നിന്ന് വിക്ഷേപണ വാഹനമായ എൽ.വി.എം 3 റോക്കറ്റിലാണ് ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി വിക്ഷേപിച്ചത്. ഇതോടെ ഐ.എസ്.ആർ.ഒയുടെ 40 ദിവസം നീണ്ടുനിൽക്കുന്ന മൂന്നാം ചാന്ദ്രദൗത്യത്തിന് തുടക്കമായി.

ചന്ദ്രയാൻ മൂന്നിനെ ഭൂമിയുടെ ഭ്രമണപഥത്തിലാണ് എൽ.വി.എം 3 റോക്കറ്റ് എത്തിച്ചത്. ഭൂമിയുടെ ഏറ്റവും അടുത്തു വരുന്ന അകലം (പെരിജി) 170 കിലോമീറ്ററും ഭൂമിയുടെ ഏറ്റവും ദൂരെയുള്ള അകലം (അപ്പോജി) 36500 കിലോമീറ്ററിലുമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ മൂന്ന് ഭ്രമണം ചെയ്യുന്നത്. എൽ.വി.എം 3ന്‍റെ ഖര, ദ്രാവക, ക്രയോജനിക് എൻജിനുകൾ കൃത്യമായി പ്രവർത്തിച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു.

ആഗസ്റ്റ് 24നാണ് ദൗത്യത്തിന്‍റെ ഭാവി നിർണയിക്കുന്ന ലാൻഡറിന്‍റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങ്. ലാൻഡറിന്‍റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങ്, ചന്ദ്രന്‍റെ മണ്ണിലൂടെയുള്ള റോവറിന്‍റെ സഞ്ചാരം, ചന്ദ്രനിലെ രഹസ്യങ്ങൾ തേടിയുള്ള ശാസ്ത്രീയ പരീക്ഷണങ്ങൾ എന്നിവയാണ് മൂന്നാം ദൗത്യത്തിലുള്ളത്.

ഭൂമിയെ വലംവെക്കുന്ന പേടകം വരും ദിവസങ്ങളിൽ പ്രൊപ്പൽഷൻ മൊഡ്യൂളിന്‍റെ സഹായത്തോടെ ഭ്രമണപഥം ഘട്ടം ഘട്ടമായി വികസിപ്പിച്ച് 40 ദിവസം കൊണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് നീങ്ങും. ചന്ദ്രന്‍റെ കാന്തികവലയത്തിൽ പ്രവേശിക്കുന്ന പേടകം 100 കിലോമീറ്റർ വൃത്താകൃതിയിലെ ഭ്രമണപഥത്തിലേക്ക് മാറും. ഭ്രമണപഥം ചെറുതാക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ, സോഫ്റ്റ് ലാൻഡിങ്ങിനായി ചന്ദ്രന്‍റെ 30 കിലോമീറ്റർ അടുത്തേക്ക് ലാൻഡറിനെ എത്തിക്കും.