ടൂറിസ്റ്റ് ബസുകളുടെ നിറംമാറ്റം;

അന്തിമ തീരുമാനം 19ന് ഹൈക്കോടതിയെ അറിയിക്കും
 


  

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഏകീകൃത വെള്ള നിറം മാറ്റുന്നത് സംബന്ധിച്ച തീരുമാനം ഈ മാസം 19ന് ഹൈക്കോടതിയെ അറിയിക്കും. ഇന്ന് (17-11-2026) സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ) യോ​ഗം ചേർന്നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബസുടമകളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചാണ് തീരുമാനം. ട്രാൻസ്പോർട്ട് കമ്മിഷണർ ജി. സ്പർജൻ കുമാർ, ഐ.ജി പി. പ്രകാശ്, സർക്കാർ നോമിനി കെ. സുരേഷ് ബാബു എന്നിവരടങ്ങിയ സമിതിയാണ് വിഷയം പരിഗണിച്ചത്.

2022-ലെ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ള നിറം കർശനമാക്കിയത്. എന്നാൽ, ഈ നിയന്ത്രണത്തോടെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ഉടമകൾ പരാതിപ്പെട്ടിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഓൾ ഇന്ത്യ പെർമിറ്റ് ബസുകൾക്ക് ഇത്തരം നിയന്ത്രണമില്ലാത്തത് കേരളത്തിലെ വാഹനങ്ങൾക്ക് ഓട്ടം ലഭിക്കാത്ത അവസ്ഥയുണ്ടാക്കി. ആയിരക്കണക്കിന് തൊഴിലാളികളെയും ഇത് ബാധിച്ചു. ഈ സാഹചര്യത്തിൽ ഉടമകളുടെ നിവേദനങ്ങൾ പരിഗണിച്ചാണ് നിറംമാറ്റം പുനഃപരിശോധിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാർ വിജ്ഞാപനമിറക്കിയത്. 

അതേസമയം, ബസുകളുടെ നിറത്തിൽ ഇളവുകൾ അനുവദിച്ചാലും സുരക്ഷയുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങൾ തുടരും. മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള വലിയ ചിത്രങ്ങളോ ഗ്രാഫിക്സുകളോ പരസ്യങ്ങളോ ബസുകൾക്ക് പുറത്ത് പതിപ്പിക്കാൻ അനുവദിക്കില്ല. അനധികൃതമായി എൽ.ഇ.ഡി ലൈറ്റുകൾ, സ്ട്രിപ്പ് ലൈറ്റുകൾ, ഹാലൊജൻ ലാമ്പുകൾ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല. കൂടാതെ, സർവീസുകളുടെ പ്രചാരണത്തിനായി വാഹനങ്ങളിൽ പരസ്യം പതിപ്പിക്കുന്നതിനും പൂർണ വിലക്കുണ്ടാകും. 2019-ലെ ഹൈക്കോടതി ഉത്തരവിന്റെയും കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്ന് ഉറപ്പുവരുത്തും.