റസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായി എറണാകുളത്ത് നടത്തിയ മുഖാമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്
നവകേരള സദസ്സിന് തുടര്‍ച്ചയായി സംഘടിപ്പിച്ച മുഖാമുഖം സംവാദത്തിന്‍റെ സമാപന പരിപാടിയാണിത്. കേരളത്തിന്‍റെ വിവിധ ജില്ലകളിൽ വ്യത്യസ്ത വിഭാഗങ്ങളോട് നേരിട്ട് സംവദിക്കുകയും നവകേരള നിര്‍മ്മിതിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുകയും ചെയ്യുന്നതിന് ഇതുവരെയുള്ള മുഖാമുഖം സംവാദങ്ങള്‍ വലിയ നിലയിൽ ഉപകരിച്ചിട്ടുണ്ട്.
മതനിരപേക്ഷ ജനാധിപത്യ സമൂഹം എന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ , വ്യവസായം, കൃഷി, സാമൂഹ്യനീതി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ സംസ്ഥാനം നടപ്പാക്കിവരുന്ന ജനപക്ഷ നിലപാടുകള്‍ കൂടുതൽ ശക്തമായി കൊണ്ടുപോകുന്നതിനുള്ള ഊര്‍ജ്ജവും കൈത്താങ്ങുമാണ് ഇതുവരെയുള്ള സംവാദങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ളത്. കേരളത്തെ ഒരു പുരോഗമന സമൂഹമായി നിലനിര്‍ത്തുന്നതിനും വരുംതലമുറകള്‍ക്ക് കൂടി പര്യാപ്തമാംവിധം കേരളത്തെ മാറ്റിത്തീര്‍ക്കുന്നതിനും കലവറയില്ലാത്ത പിന്തുണയാണ് കേരളീയ പൊതുസമൂഹം ഒന്നടങ്കം നൽ കിയിട്ടുള്ളത്. ഇത് സര്‍ക്കാരിന് വൻതോതിൽ പ്രചോദനമാണ്.
വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, ആദിവാസി - ദളിത് ജനത, സാംസ്കാരിക പ്രവര്‍ത്തകര്‍, ഭിന്നശേഷി വിഭാഗം, മുതിർന്ന പൗരന്മാർ, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുമായാണ് ഇതിനോടകം സംവദിച്ചത്. ഇന്ന് നമ്മുടെ നാട്ടിൽ സ്വൈര ജീവിതം ഉറപ്പുവരുത്തുന്നതി നേതൃപരമായ പങ്കു വഹിക്കുന്ന റസിഡന്‍റ്സ് അസോസിയേഷനുകളുടെ പ്രതിനിധികളുമായാണ് സംവദിക്കുന്നത്.
സര്‍ക്കാരിന്‍റെ ഏതു നയപരിപാടിയും അര്‍ത്ഥവത്താകുന്നത് പ്രാദേശികതലത്തിൽ അത് വേണ്ടുംവിധം നടപ്പിലാകുമ്പോഴാണ്. എല്ലാ പദ്ധതികളും നാം നടപ്പിലാക്കുന്നത് ജനകീയ പങ്കാളിത്തത്തോടെയാണ്. അതുതന്നെയാണ് അവയുടെ വിജയരഹസ്യവും. കഴിഞ്ഞ ഏഴര വര്‍ഷക്കാലത്തിലേറെയായി കേരളത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളൊക്കെ വലിയ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതികളുടെ ഫലമായി ഉണ്ടായതാണ്. നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ച ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകള്‍ അതിന്‍റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.
നമ്മുടെ നാട് അവിചാരിതമായ പ്രതിസന്ധികളിലൂടെ കടന്നുപോയ ഘട്ടങ്ങളിലും വലിയ ജനപങ്കാളിത്തത്തോടെയാണ് സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതും ആശ്വാസ നടപടികള്‍ കൈക്കൊണ്ടതും. കോവിഡു കാലത്തും പ്രളയ കാലത്തും നടത്തിയ അത്തരം ഇടപെടലുകളിൽ അകമഴിഞ്ഞ് പിന്തുണ നൽ കിയവരും ഭാഗഭാക്കായവരുമാണ് ഏറെയും. അതുകൊണ്ടുതന്നെ നവകേരള നിര്‍മ്മിതി എപ്രകാരം ആയിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് എല്ലാവരും.
റസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നത് നിയമപരമായിത്തന്നെ വ്യവസ്ഥ ചെയ്യപ്പെടുന്ന ഒരു ഘട്ടത്തിലാണ് ആധുനികസമൂഹം. ഇവിടെത്തന്നെ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുണ്ട്. ആ അതോറിറ്റിയുടെ നിയമം തന്നെ റസിഡന്‍റ്സ് വെൽ ഫെയര്‍ അസോസിയേഷനുകള്‍ വേണം എന്നു വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് നമ്മുടെ സമൂഹത്തിൽ വ്യാപകമായി ഉണ്ടായാൽ ഇന്നുള്ള പല ദുഷിപ്പുകളും അവസാനിപ്പിക്കാന്‍ സാധിക്കും.
കുട്ടികള്‍ വഴിതെറ്റിപ്പോകുന്നത്, അവര്‍ മയക്കുമരുന്നിന് അടിമയായിപ്പോകുന്നത്, ചെറുപ്പക്കാര്‍ തന്നെ മയക്കുമരുന്നിന്‍റെ ക്യാരിയര്‍മാരായി തീരുന്നത്, പെണ്‍കുഞ്ഞുങ്ങൾ ഉപദ്രവിക്കപ്പെടുന്നത് തുടങ്ങിയവയൊക്കെ വലിയൊരളവിൽ ഒഴിവാക്കുന്നതിനു വേണ്ടി ഇടപെടാന്‍ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കു കഴിയും.
സാമൂഹികജീവിതം അര്‍ത്ഥവത്താകുന്നത് ഇത്തരം സംഘടനകള്‍ ഉണ്ടാകുമ്പോഴാണ്. ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും ഇരുണ്ട ഇടവഴികള്‍ ഉണ്ടാവുന്നില്ല എന്നുറപ്പുവരുത്താനും അവിടങ്ങളിൽ അനാശാസ്യപരമായ കാര്യങ്ങള്‍ ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്താനും അസോസിയേഷനുകളുടെ ജാഗ്രതാപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ക്കു സാധിക്കും. നമുക്ക് സാര്‍വ്വത്രികവും സുദൃഢവുമായ ജനമൈത്രി പോലീസ് സംവിധാനം ഉള്ളത് എല്ലാവർക്കുമറിയുന്ന കാര്യമാണ്. അതേപോലെ ഒരു സിവിൽ ഡിഫന്‍സ് സേനയുമുണ്ട്. ഇവയുമായൊക്കെ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അസോസിയേഷനുകള്‍ക്കു കഴിയണം.
ചെറിയ ചെറിയ കാര്യങ്ങള്‍ മുതൽ വലിയ വലിയ കാര്യങ്ങള്‍ വരെ ജനോപകാരപ്രദമാം വിധം നിറവേറ്റാന്‍ റസിഡന്‍റ്സ് അസോസിയേഷനുകളുടെ മുന്‍കൈയ്യോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സാധിക്കും. പെട്ടെന്ന് ഒരു കുറ്റകൃത്യം ഉണ്ടാകുന്നതായി കണ്ടാൽ ഉടനെ പോലീസ് സഹായത്തിനായി വിളിക്കേണ്ട നമ്പര്‍ 100 ആണ് എന്നതും തീപിടുത്തമുണ്ടായാ അത് കെടുത്താന്‍ സഹായം തേടി വിളിക്കേണ്ട നമ്പര്‍ 101 ആണ് എന്നതും അടക്കമുള്ള കാര്യങ്ങള്‍ സാധാരണ നിലയിൽ നിസ്സാരങ്ങളായിത്തോന്നാം. എന്നാൽ , ഇതറിയാത്ത കുടുംബങ്ങള്‍ നമ്മുടെ ഫ്ളാറ്റുകളിൽ അടക്കം ഉണ്ട് എന്നതാണ് സത്യം.
അപകടം ഘട്ടങ്ങളിൽ മാത്രമാണ് പലപ്പോഴും പലരും ഈ നമ്പറുകള്‍ അന്വേഷിക്കുന്നത്. അപ്പോഴേക്കും അപകടമുണ്ടായിക്കഴിഞ്ഞിരിക്കും. അതുകൊണ്ടുതുന്നെ ഇതുപോലെ അടിയന്തിര സന്ദര്‍ഭങ്ങളിൽ ആവശ്യമായിവരുന്ന നമ്പറുകള്‍ ഓരോ വീടിന്‍റെയും ചുമരുകളിൽ തന്നെയുണ്ട് എന്നുറപ്പുവരുത്താന്‍ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കു കഴിയും. ചെറിയ കാര്യമായിത്തോന്നാം. എന്നാൽ, വളരെ വലിയ കാര്യം തന്നെയാണിത്.
അടുത്ത കാലത്ത് നൂറ്റാണ്ടിലെ മഹാപ്രളയം നേരിട്ടല്ലൊ. അപ്പോള്‍ മത്സ്യത്തൊഴിലാളികളെ വളരെ പെട്ടെന്നു തന്നെ രംഗത്തിറക്കാന്‍ സാധിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും അനുയോജ്യരായ ആളുകളെ ഏറ്റവും എളുപ്പത്തിൽ കണ്ടെത്തുന്നതിന് സര്‍ക്കാരിനു സാധിച്ചത് കടലോര ജാഗ്രതാ സമിതി എന്നൊന്ന് അവിടെ ഉണ്ടായതു കൊണ്ടുകൂടിയാണ്. ഈ സമിതി റസിഡന്‍റ്സ് അസോസിയേഷന്‍റെ സ്വഭാവത്തിൽ തന്നെ പ്രവര്‍ത്തിക്കുന്നതാണ് എന്നത് പ്രത്യേകത ഉള്ള കാര്യമാണ്. ഇതുപോലെ അടിയന്തര രക്ഷാപ്രവര്‍ത്തനം വേണ്ട സന്ദര്‍ഭങ്ങളിൽ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കു നേതൃത്വപരമായ പങ്കുവഹിക്കാന്‍ കഴിയും.
നമുക്ക് വലിയൊരു സിവിൽ ഡിഫന്‍സ് സേനയുണ്ട്. സിവിൽ ഡിഫന്‍സ് ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട സേനയാണത്. അതിലെ പരിശീലനം കിട്ടിയ വ്യക്തികള്‍ വാര്‍ഡുതോറും തന്നെയുണ്ട്. അവരുടെ സഹായം അപകടസന്ദര്‍ഭങ്ങളിൽ ആദ്യംതന്നെ തേടാവുന്നതാണ്. അതിനുദ്ദേശിക്കപ്പെട്ട സേനയാണുതാനും ഇത്.
എന്നാൽ , ഇങ്ങനെ ഒരു സേനയുണ്ട് എന്നതോ പരിശീലനം നേടിയവര്‍ നമുക്കിടയിൽത്തന്നെ ഉണ്ട് എന്നതോ അവരുടെ സഹായം ഇത്തരം ഘട്ടങ്ങളിൽ തേടാനാവും എന്നതോ എല്ലാവർക്കുമറിയില്ല. അതത് പ്രദേശങ്ങളിലുള്ള സിവിൽ ഡിഫന്‍സ് സേനാംഗങ്ങളുടെ ഒരു പട്ടിക റസിഡന്‍റ്സ് അസോസിയേഷനുകളുടെ പക്കലുണ്ടെങ്കിൽ അത് എത്രയേറെ പ്രയോജനപ്പെടും എന്നത് ഒന്ന് ആലോചിച്ചു നോക്കൂ.
നമ്മുടെ പോലീസ് സേനയിലും അഗ്നിശമന സേനയിലും നാര്‍ക്കോട്ടിക്സ് വിരുദ്ധ വിഭാഗത്തിലും എക്സൈസ് വകുപ്പിലും ഒക്കെ ബോധവൽ ക്കരണത്തിനായി നിയുക്തമായ സമിതികള്‍ ഉണ്ട്. എന്നാൽ വിവിധ പ്രദേശങ്ങളിൽ അവയുമായൊക്കെ ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ബോധവ ക്കരണം എല്ലായിടങ്ങളിലും എത്തുന്നില്ല. റസിഡന്‍റ്സ് അസോസിയേഷനുകള്‍ മനസ്സുവെച്ചാൽ വാര്‍ഡുതോറും ഈ ബോധവൽക്കരണം നടത്താം. അങ്ങനെ നടത്താന്‍ കഴിഞ്ഞാൽ നമ്മുടെ സമൂഹത്തിൽ വലിയ മാറ്റമുണ്ടാകും.
ജീവരക്ഷാ നൈപുണ്യം, സ്വയം രക്ഷാ നടപടികള്‍ എന്നിവയിലൊക്കെ പരിശീലനം നൽകാനുള്ള സംവിധാനങ്ങള്‍ പോലീസിലും അഗ്നിശമന സേനയിലും ഒക്കെയുണ്ട്. പെണ്‍കുട്ടികള്‍ക്ക് സെൽഫ് ഡിഫന്‍സ് ട്രെയിനിങ് കൊടുക്കാന്‍ സംവിധാനമുണ്ട്. വനിതാ പോലീസിനാകട്ടെ, ഇങ്ങനെ പെണ്‍കുട്ടികളെ സജ്ജമാക്കാന്‍ വേണ്ട പരിശീലന ടീമുണ്ട്. റസിഡന്‍റ്സ് അസോസിയേഷനുകള്‍ ജനമൈത്രി പോലീസുമായും മറ്റും സഹകരിച്ച് പ്രവര്‍ത്തിച്ചാൽ വാര്‍ഡുകള്‍ തോറും ഫ്ളാറ്റുകള്‍ തോറും നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഇത്തരം പരിശീലനങ്ങള്‍ ലഭിക്കും. ജനമൈത്രി പോലീസ് വിഭാവനം ചെയ്തിട്ടുള്ളതുപോലും ഇത്തരത്തിൽ ജനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ്.
ഓരോ ഇടത്തും താമസിക്കുന്നവരുടെ കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കാന്‍ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കു കഴിയണം. ഇക്കാര്യം ഒരു ഘട്ടത്തിൽ കൊച്ചി നഗരത്തിൽ നിര്‍ബ്ബന്ധമായി നടപ്പാക്കി. അപ്പോള്‍ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു. മൂന്ന് മാസഘട്ടത്തിൽ വലിയ തോതിൽ ആളുകള്‍ പോയും വന്നുമിരിക്കുന്നു. അതായത്, ഒരു ഫ്ളോട്ടിങ് സമൂഹമുണ്ട്. ഇത് മനസ്സിൽവെച്ച് കൂടുത അന്വേഷണം നടത്തിയപ്പോഴാണ് ഈ വിഭാഗത്തിൽ പലയിടത്തു നിന്നായെത്തിയ ക്രിമിനലുകളുടെ വലിയ സാന്നിധ്യമുണ്ട് എന്നു കണ്ടെത്തിയത്.
ബീറ്റ് ഓഫീസര്‍മാരും റസിഡന്‍സ് അസോസിയേഷനും സംയുക്തമായി നടത്തിയ ഡോക്യുമെന്‍റേഷന്‍റെ അടിസ്ഥാനത്തിലാണ് ഇതു കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നടപടി നീക്കിയപ്പോള്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറയുന്നു എന്നുറപ്പുവരുത്താനായി. പെരിന്തൽമണ്ണയിൽ ഇതേപോലെ ഒരു ഡോക്യുമെന്‍റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ വാടകയ്ക്കു വീട് എടുത്തു താമസിച്ചിരുന്ന കുറേ കൂട്ടര്‍ പെട്ടെന്ന് അപ്രത്യക്ഷരായി. ക്രിമിനലുകളുടെ സംഘമായിരുന്നു ഇങ്ങനെ താമസിച്ചിരുന്നത് എന്ന് കൂടുതൽ അന്വേഷണത്തിൽ തെളിഞ്ഞു.
ഫ്ളാറ്റുകളിലായാലും വില്ലകളിലായാലും ഇതുപോലെയുള്ള രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നത് കുറ്റകൃത്യനിവാരണം അടക്കമുള്ള കാര്യങ്ങള്‍ക്ക് അത് വലിയ തോതിൽ പ്രയോജനപ്പെടും. റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് എപ്പോഴും ജാഗ്രതയുടേതായ ഒരു കണ്ണുവേണം. അപരിചിതര്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ടോ, അപരിചിത വാഹനങ്ങള്‍ അസമയങ്ങളിൽ വന്നുപോകുന്നുണ്ടോ, കുട്ടികള്‍ സംശയകരമായ സാഹചര്യങ്ങളിൽ ഇടവഴികളിൽ സംഘം ചേരുന്നുണ്ടോ എന്നൊക്കെ നോക്കാന്‍ കഴിയണം. ഉണ്ടെങ്കിൽ അത് അപ്പപ്പോള്‍ പോലീസിനെ അറിയിക്കാന്‍ കഴിയണം.
പോലീസിന്‍റെ സഹായം തേടണമെന്ന് പറഞ്ഞത് സദാചാര പോലീസായി ആരെങ്കിലും ചമഞ്ഞിറങ്ങണമെന്നല്ല അര്‍ത്ഥം. പോലീസിന്‍റെയും മറ്റും പണി റസിഡന്‍റ്സ് അസോസിയേഷനുകള്‍ ഏറ്റെടുക്കണം എന്നുമല്ല ഇതിന്‍റെ അര്‍ത്ഥം. പോലീസിനെ അവരുടെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന നിലപാട് ഉണ്ടാകണം എന്നുമാത്രമേ അര്‍ത്ഥമാക്കിയിട്ടുള്ളു. അങ്ങനെ വന്നാൽ ഇന്നത്തെ ആശാസ്യമല്ലാത്ത പല കാര്യങ്ങളിലും വലിയ മാറ്റം വരുത്താന്‍ സാധിക്കും.
നമ്മുടെ അപ്പാര്‍ട്ട്മെന്‍റുകളിൽ പ്രായം ചെന്ന വ്യക്തികളുണ്ടാകും. അവരുടെ സേവനം കുഞ്ഞുങ്ങള്‍ക്ക് നന്മയുടെ കഥ പറഞ്ഞുകൊടുക്കുന്നതിന് ഉപകരിക്കപ്പെടുമോ എന്ന് ആരായണം. കഥാരൂപത്തിലും പാട്ടുരൂപത്തിലും ഒക്കെ അവര്‍ പകര്‍ന്നു കൊടുക്കുന്ന അറിവിന്‍റെ വെളിച്ചവും നന്മയുടെ തെളിച്ചവും കുഞ്ഞുങ്ങളെ നേര്‍വഴിക്ക് നടത്താന്‍ സഹായിക്കും. കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ സമയമുണ്ടാകുന്ന സന്ദര്‍ഭങ്ങളിൽ ഇത്തരം കൂട്ടായ്മയ്ക്കുള്ള അവസരമൊരുക്കണം.
റസിഡന്‍റ്സ് അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ വാര്‍ഷിക കലാപരിപാടികള്‍ മാത്രമായി പരിമിതപ്പെടരുത്. ഗാനമേളയും നൃത്തപരിപാടിയുമൊക്കെ ആയിക്കോട്ടെ. അതിന്‍റെ കൂടെ കുഞ്ഞുങ്ങളുടെ കലാ അവതരണങ്ങള്‍ക്ക് കലാ പരിശീലനങ്ങള്‍ക്ക് ഒക്കെ ഉള്ള സമയം കണ്ടെത്തണം. കലാ ഗ്രൂപ്പും നാടക ഗ്രൂപ്പും അവരുടേതായി ഉണ്ടായി വന്നാൽ സമൂഹത്തിന്‍റെ ഇരുണ്ട ഇടനാഴികളിലേക്കും മയക്കുമരുന്നിന്‍റെ കൈമാറ്റങ്ങളിലേക്കും ഒന്നും അവര്‍ പോകില്ല.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. പല ജാതിയിലും പല മതങ്ങളിലും പെട്ടവർ ഒരുമിച്ചാണ് അപ്പാര്‍ട്ട്മെന്‍റുകളിലും മറ്റും കഴിയുന്നത്. ജാതിമത ഭേദങ്ങള്‍ക്കതീതമായ മനസ്സുകളുടെ ഒരുമ കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയണം. ആപത്തു വരുമ്പോള്‍ തൊട്ട് അയൽ പക്കത്തുള്ളവരാണ് സഹായിക്കാനുണ്ടാവുക എന്ന ബോധം എപ്പോഴും ഉണ്ടാവണം. അയലത്ത് ആരാണ് ഉള്ളത് എന്നതു പോലും അന്വേഷിക്കാതെ സ്വകാര്യതയുടെ ചിമിഴിലേക്ക് ഒതുങ്ങുന്നത് പലപ്പോഴും ആപത്തേ വരുത്തിവെക്കൂ.
ഒരുകാലത്ത് മാനവ വികസന സൂചികകളിലാണ് കേരളം രാജ്യത്തിനാകെ മാതൃകയായത്. ഇന്നിപ്പോള്‍ അതിനുപുറമെ അടിസ്ഥാനസൗകര്യ വികസനത്തിലും നമ്മള്‍ മാതൃകയാവുകയാണ്. രാജ്യത്തെ ആദ്യ വാട്ടര്‍മെട്രോയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ആദ്യ ഡിജിറ്റൽ സയന്‍സ് പാര്‍ക്കും എല്ലാം കേരളത്തിൽ യാഥാര്‍ത്ഥ്യമായത് ഇക്കഴിഞ്ഞ 8 വര്‍ഷത്തിനകത്താണ്. നമ്മുടെ തീരദേശ ഹൈവേയും മലയോര ഹൈവേയും ദേശീയ ജലപാതയും ദേശീയപാതാ വികസനവും മാതൃകാപരമായി തന്നെ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.
ആരോഗ്യ - വിദ്യാഭ്യാസ രംഗങ്ങളിൽ എത്രയോ കാലംമുമ്പേ അനുകരണീയമായ മാതൃകകള്‍ മുന്നോട്ടുവച്ച സമൂഹമാണ് നമ്മുടേത്. ഇന്നിപ്പോള്‍ ആരോഗ്യമേഖലയിലെ രണ്ടും മൂന്നും തലമുറപ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ കേരളം തയ്യാറെടുക്കുകയാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. അതിന്‍റെ ചുവടുപിടിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്രമായി നവീകരിക്കുകയാണ്. ഗവേഷണ - വ്യവസായ മേഖലകളെ ബന്ധപ്പെടുത്തി കേരളത്തെ അറിവുത്പാദനത്തിന്‍റെയും സേവന പ്രദാനത്തിന്‍റെയും ഹബ്ബാക്കി മാറ്റുകയാണ്.
ഇന്‍റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവിൽ ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫോണ്‍ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കിവരികയാണ്. ഇതുവരെ 5,000 ത്തോളം കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നൽകിക്കഴിഞ്ഞു. 30,000 ത്തോളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കെ-ഫോണിലൂടെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുകയാണ്. ഇതിൽ 19,000 ത്തോളം സ്ഥാപനങ്ങള്‍ക്ക് ഇതിനോടകം കണക്ഷന്‍ ലഭ്യമാക്കിക്കഴിഞ്ഞിട്ടുണ്ട്.
ഇതിനു പുറമെ കെ-ഫൈ എന്ന പദ്ധതിയിലൂടെ 2,023 പൊതു ഇടങ്ങളിൽ സൗജന്യ വൈ ഫൈ ഹോട്ട്സ്പോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. അത്തരം 2,000 ഹോട്ട്സ്പോട്ടുകള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഇതെല്ലാം ജനങ്ങള്‍ക്കു കൂടുതലായി പ്രയോജനപ്പെടാനാണ് സര്‍ക്കാര്‍ സേവനങ്ങളെ ഒന്നടങ്കം ഓണ്‍ലൈനായി ലഭ്യമാക്കുന്നത്. 800 ലധികം സര്‍ക്കാര്‍ സേവനങ്ങളെ ഓണ്‍ലൈനായി ലഭ്യമാക്കുകയാണ്. കെ-സ്മാര്‍ട്ട്, സ്മാര്‍ട്ട് വില്ലേജ് തുടങ്ങിയവ ഒരുക്കിക്കൊണ്ട് തദ്ദേശ സ്വയംഭരണ, റവന്യൂ വകുപ്പുകള്‍ നൽകുന്ന സേവനങ്ങളെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി കാര്യക്ഷമമാക്കുകയാണ്.
ഇത്തരത്തിൽ സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ സമൂഹത്തിനാകെ ലഭിക്കുന്നു എന്നുറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. അതേ സമയം, പ്രത്യേക സഹായം വേണ്ടവര്‍ക്കു അത് ലഭ്യമാക്കുന്നു എന്നുറപ്പുവരുത്തുകയുമാണ്. ഉദാഹരണത്തിന്, വാതിൽപടി സേവനങ്ങളിലൂടെ പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും അഗതികള്‍ക്കും ഒക്കെ തങ്ങളുടെ വീട്ടുമുറ്റങ്ങളിൽ സേവനങ്ങള്‍ ലഭ്യമാക്കുകയാണ്. ഇത്തരം ഇടപെടലുകളിലൂടെ സാമൂഹ്യ നീതി എന്ന ആശയത്തെ മുറുകെ പിടിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍. അതുകൊണ്ടാണ് സുസ്ഥിരവും പ്രകൃതി സൗഹൃദവും അതിജീവനശേഷി ഉള്ളതുമായ നവകേരളത്തിന്‍റെ മുഖമുദ്രകളിലൊന്നാണ് അതിന്‍റെ ഉള്‍ച്ചേര്‍ക്കൽ സ്വഭാവം എന്നു പറയുന്നത്.
ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവര്‍ത്തി പ്പിക്കുകയാണ് സംസ്ഥാനസര്‍ക്കാരിന്‍റെ ലക്ഷ്യം. അതിനായി ലോകത്തിന്‍റെ ഏതു ഭാഗത്തുണ്ടാകുന്ന അറിവിനെയും സ്വാംശീകരിക്കാനും അവയെ ഉത്പാദനോന്മുഖമായി പരിവര്‍ത്തിപ്പിക്കാനും നമുക്കു കഴിയണം. അതോടൊപ്പം തന്നെ നമ്മുടെ നാട്ടിൽ ഗവേഷണത്തിലൂടെയും മറ്റും ഉയര്‍ന്നുവരുന്ന പുതിയ അറിവുകളെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്ക് എത്തിക്കാനും കഴിയണം. അതിന് ഉതകുന്ന നിലയിലാണ് കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നത്.
എക്കാലത്തും പ്രാദേശിക വികസനത്തിൽ ഗൗരവതരമായി ശ്രദ്ധ പതിപ്പിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 1996 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടുവച്ച ജനകീയാസൂത്രണ പദ്ധതിയാണ് കേരളത്തിന്‍റെ അധികാര വികേന്ദ്രീകരണത്തിലെ സുപ്രധാന നാഴികക്കല്ല്. സാമ്പത്തികാധികാരങ്ങള്‍ ഉള്‍പ്പെടെയാണ് വികേന്ദ്രീകരിച്ചത്. സംസ്ഥാനത്തിന്‍റെ പദ്ധതിവിഹിതത്തി 35 മുതൽ 40 ശതമാനം വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കിവെക്കുന്ന നിലയുണ്ടായി. ഓരോ പ്രദേശത്തിനും ആവശ്യമായ വികസനപദ്ധതികള്‍ അതതു ഇടങ്ങളിലെ ജനങ്ങള്‍ക്കുതന്നെ തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടായി. അങ്ങനെ പ്രാദേശിക വികസനത്തെ ജനകീയ പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കി.
ഈ സര്‍ക്കാരും ഇതേ കാഴ്ചപ്പാടോടെയാണ് പ്രവര്‍ത്തിച്ചുപോരുന്നത്. ഇക്കാലഘട്ടത്തിൽ അനിവാര്യമായി പരിഹാരം കാണേണ്ട പുതുതലമുറ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുകയാണ്. അതിൽ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, പാര്‍പ്പിട സൗകര്യം ലഭ്യമാക്കൽ , മാലിന്യ സംസ്കരണം, സംരംഭകത്വ വികസനം തുടങ്ങി പലതുമുണ്ട്. ഇവയെല്ലാറ്റിനെയും നാടിന്‍റെയും നാട്ടുകാരുടെയും ജീവിതനിലവാരത്തെ സമഗ്രമായി ഉയര്‍ത്താനുള്ള ഉപാധികളാക്കി മാറ്റുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇവയിൽ എല്ലാം നേതൃപരമായ പങ്കുവഹിക്കാന്‍ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് കഴിയേണ്ടതുണ്ട്.
എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കിക്കൊണ്ട് ഭവനരഹിതരില്ലാത്ത കേരളമെന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷന്‍ നടപ്പാക്കിവരുന്നത്. ഈ പദ്ധതി വഴി 4 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട് ലഭ്യമാക്കാന്‍ ഇതിനോടകം കഴിഞ്ഞു. ഇതുവരെ 16 ലക്ഷത്തോളം ആളുകള്‍ക്ക് ഈ ഭവനപദ്ധതി പ്രയോജനപ്രദമായി എന്നര്‍ത്ഥം. 5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണ ധനസഹായം അനുവദിക്കാനും സാധിച്ചു. ലൈഫ് മിഷനു വേണ്ടി ഇതുവരെ 17,104 കോടി രൂപയാണ് ചിലവഴിച്ചത്. അതിൽ കേന്ദ്ര സര്‍ക്കാരിന്‍റെ വിഹിതം കേവലം 2,018 കോടി രൂപ മാത്രമാണ്. ആകെ ചിലവിന്‍റെ 12 ശതമാനത്തിനടുത്തു മാത്രം.
ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെയാണ് നാം നീങ്ങുന്നത്. കഴിഞ്ഞ ഏഴര വര്‍ഷം കൊണ്ട് മൂന്നേകാൽ ലക്ഷത്തിലധികം പട്ടയങ്ങള്‍ ലഭ്യമാക്കാന്‍ നമുക്ക് കഴിഞ്ഞു. ശേഷിക്കുന്ന ഭൂരഹിതര്‍ക്ക് നൽകുന്നതിനുള്ള ഭൂമി കണ്ടെത്തുന്നിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതിന് ലാന്‍റ് ബോര്‍ഡിലടക്കം തര്‍ക്കത്തിൽ കിടക്കുന്ന ഭൂമിയുടെ കാര്യത്തിൽ പരിഹാരം ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ ഭൂമിക്കുമേലുള്ള തര്‍ക്കങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇതിനുതകും വിധം വില്ലേജ് തലം മുതൽ സെക്രട്ടറിയേറ്റ് തലം വരെയുള്ള സമിതികള്‍ രൂപീകരിച്ച് മുന്നോട്ടു പോവുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ഘടകം വില്ലേജ്തല ജനകീയ സമിതികളാണ്. അതിൽ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് വഹിക്കാനുള്ള പങ്ക് വളരെ വലുതാണ്.
121 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 107 ആണ്. ഇങ്ങനെയുള്ള ഒരു രാജ്യത്താണ് ഒരു ശതമാനത്തിൽ താഴെ മാത്രം ദരിദ്രര്‍ ഉള്ളപ്പോഴും അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുക എന്ന വലിയ ലക്ഷ്യം കേരളം മുന്നോട്ടുവച്ചിട്ടുള്ളത്. 64,006 കുടുംബങ്ങളിലെ ഒരു ലക്ഷത്തിലധികം പേരെയാണ് കേരളത്തിൽ അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. ഓരോ കുടുംബത്തിന്‍റെയും അവസ്ഥ തിരിച്ചറിഞ്ഞ് അവര്‍ക്കായി പ്രത്യേക മൈക്രോപ്ലാനുകള്‍ രൂപീകരിച്ച് അവരെ അതിദാരിദ്ര്യത്തി നിന്നുയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
56,821 കുടുംബങ്ങള്‍ക്കാണ് മൈക്രോപ്ലാനുകള്‍ ആവശ്യമായി വന്നത്. അവര്‍ക്ക് പ്രത്യേക തിരിച്ചറിയ രേഖകളും ലഭ്യമാക്കി. കഴിഞ്ഞ കേരളപ്പിറവി ദിനത്തോടെ 47.89 ശതമാനം കുടുംബങ്ങളെ അതിദാരിദ്രത്തിൽ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷത്തെ കേരളപ്പിറവിയോടെ നല്ല പുരോഗതി ഉണ്ടാക്കാനാകും എന്നാണ് പ്രതീക്ഷ. 2025 നവംബര്‍ ഒന്നോടു കൂടി കേരളം പൂര്‍ണ്ണമായും അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറും.
ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് തൊഴി ലഭ്യമാക്കുന്നതിൻ ഏറെ പ്രധാനപ്പെട്ടതാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി. ഇത് നടപ്പാക്കുന്ന കാര്യത്തിൽ കേരളം രാജ്യത്തിനുതന്നെ മാതൃകയാണ്. തൊഴിലുറപ്പു പദ്ധതികളുടെ നടത്തിപ്പി 100 ശതമാനം സോഷ്യൽ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കിയ ഒരേയൊരു സംസ്ഥാനമാണ് കേരളം. തൊഴിലുറപ്പു തൊഴിലാളികള്‍ക്കായി പ്രത്യേക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ച ആദ്യ സംസ്ഥാനമായും കേരളം മാറിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യമായ 8 കോടി തൊഴിൽ ദിനങ്ങള്‍ ഇതിനോടകം നമ്മള്‍ പിന്നിട്ടു കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്ക് അത് 10.5 കോടി തൊഴിൽ ദിനങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ കേന്ദ്രം കുറവു വരുത്തുമ്പോഴും ആ പദ്ധതി മാതൃകാപരമായി നടപ്പാക്കുകയാണ് കേരളം ചെയ്യുന്നത്.
നഗരപ്രദേശങ്ങളിൽ തൊഴി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അയ്യന്‍കാളി നഗര തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയത്. ഇത്തരമൊരു പദ്ധതി നടപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. 2010ൽ ആരംഭിച്ച ഈ പദ്ധതിക്ക് 2015-16 വര്‍ഷം 15 കോടി രൂപയായിരുന്നു ബജറ്റ് നീക്കിയിരുപ്പ്. എന്നാൽ അത് ഇപ്പോള്‍ 165 കോടി രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒരു കോടിയിലേറെ തൊഴിൽ ദിനങ്ങള്‍ ലഭ്യമാക്കുന്നുമുണ്ട്. ഇത് രാജ്യത്തിനാകെ മാതൃകയായ മറ്റൊരു പ്രവര്‍ത്തനമാണ്.
നഗരവത്ക്കരണത്തിന്‍റെ തോത് വര്‍ദ്ധിക്കുന്നതു കൊണ്ടുതന്നെ നമ്മള്‍ ഏറ്റെടുക്കേണ്ട ഒരു സുപ്രധാന വിഷയമാണ് മാലിന്യസംസ്കരണം. 2023 മാര്‍ച്ചിൽ മാലിന്യമുക്ത നവകേരളം എന്ന പേരിൽ ഒരു പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 31 ഓടെ ഈ ക്യാമ്പയിന്‍റെ ആദ്യഘട്ടം അവസാനിക്കുകയാണ്. ഇക്കാലയളവിൽ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. മാലിന്യമുക്ത നവകേരളം ലക്ഷ്യം വച്ചുകൊണ്ട് പൊതു-സ്വകാര്യ സംരംഭങ്ങളെയാകെ ഉപയോഗപ്പെടുത്തിവരികയാണ്. ഖരമാലിന്യ സംസ്കരണ രംഗത്ത് ഓരോ നഗരസഭയ്ക്കും 25 വര്‍ഷത്തേക്കുള്ള പദ്ധതി രൂപരേഖ തയ്യാറാക്കി വരികയാണ്. 37 ഇടങ്ങളിൽ ഇത് പൂര്‍ത്തിയായിട്ടുണ്ട്. 2024 ഏപ്രിൽ മാസത്തോടെ എല്ലാ നഗരസഭകളും സമ്പൂര്‍ണ്ണ രൂപരേഖ തയ്യാറാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് പദ്ധതിക്ക് കേരളത്തിൽ തുടക്കമായി. സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്ന സംവിധാനം സര്‍ക്കാര്‍ തലത്തിൽ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ് കെ-സ്മാര്‍ട്ട് പദ്ധതി നടപ്പാക്കിയത്. അഴിമതി കുറയ്ക്കാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഉതകുന്ന വിധത്തിൽ ആവിഷ്ക്കരിച്ചിട്ടുള്ള ഈ പദ്ധതി പൊതുസമൂഹത്തിന് എത്രമാത്രം അങ്ങേയറ്റം ഉപകാരപ്രദമായിരിക്കും.
പ്രാദേശിക വികസനത്തിന് ഊന്നൽ നൽകുന്നതിനായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച മറ്റൊരു പ്രധാന പദ്ധതിയാണ് സംരഭകത്വ വികസനം. ജിയോ ടാഗിങ് സാധ്യമായ നിരവധി ഉത്പന്നങ്ങള്‍ നമുക്കുണ്ട്. ആറന്മുള കണ്ണാടിയും ബാലരാമപുരം കൈത്തറിയും മറയൂര്‍ ശര്‍ക്കരയും എല്ലാം അത്തരത്തിലുള്ള ഉത്പന്നങ്ങളാണ്. ഓരോ പ്രദേശത്തിന്‍റെയും സവിശേഷമായ ഉത്പന്നങ്ങളെ പ്രചരിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ റസിഡൻ്റ്സ് അസോസിയേഷനുകൾ മുന്‍കൈ എടുക്കണം.
സംരംഭകത്വ വികസനത്തിന് അനുയോജ്യമായ അന്തരീക്ഷമാണ് ഇന്ന് കേരളത്തിലുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളി കേരളത്തിൽ ഏകദേശം 92,000 കോടി രൂപയുടെ നിക്ഷേപം വന്നതായാണ് എം എസ് എം ഇ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. അതിൽ 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും 5 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മുടങ്ങിക്കിടന്ന 12,240 കോടി രൂപയുടെ പദ്ധതികളാണ് പുനരുജ്ജീവിപ്പിക്കപ്പെട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം 17.3 ശതമാനം വ്യാവസായിക വളര്‍ച്ച കൈവരിച്ചതായും റിപ്പോര്‍ട്ടി പറയുന്നു.
സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,39,000 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും 8,500 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനും 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷം സൂക്ഷ്മ ഇടത്തരം വ്യവസായങ്ങളുടെ മേഖലയിൽ മാത്രം 2,35,000 ത്തോളം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 15,000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
സംരംഭകവര്‍ഷം പദ്ധതിയുടെ തുടര്‍ച്ചയായി മിഷന്‍ 1000 പദ്ധതി ആവിഷ്ക്കരിച്ചുവരികയാണ്. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1,000 എം എസ് എം ഇകളെ നാലു വര്‍ഷത്തിനുള്ളിൽ ആകെ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റിത്തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനോടകം തന്നെ 552 അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞു. ഇതിൽ 88 എണ്ണത്തിന്‍റെ പരിശോധന പൂര്‍ത്തിയാക്കുകയും അവയെ പദ്ധതിയിൽ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതാത് പ്രദേശങ്ങളിൽ അയൽ വാസികളുടെ പങ്കാളിത്തത്തോടെ ചെറിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് നേതൃത്വം നൽകാന്‍ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് കഴിയും.
സംസ്ഥാനത്തെ സമ്പദ്വ്യവസ്ഥയിൽ സുപ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് വിനോദസഞ്ചാര മേഖല. തദ്ദേശീയമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ധാരാളം ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ടൂറിസം സര്‍ക്യൂട്ടുകള്‍ക്കും കേരളത്തിൽ തുടക്കമായിട്ടുണ്ട്. നമ്മുടെ നാടിന്‍റെ സാംസ്കാരിക തനിമ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിൽ റസിഡന്‍റ്സ് അസോസിയേഷനുകള്‍ പങ്കാളികളാകണം.
നാടിന്‍റെ സുരക്ഷ പോലീസിന്‍റെ മാത്രം ഉത്തരവാദിത്തമായി കാണാന്‍ പറ്റില്ല. ഒരു ജനകീയസേന എന്ന നിലയിലാണ് കേരള പോലീസ് ഇന്ന് പ്രവര്‍ത്തിച്ചുവരുന്നത്. അതുകൊണ്ടുതന്നെ നാടിന്‍റെയും നാട്ടുകാരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിൽ റസിഡന്‍റ്സ് അസോസിയേഷനുകള്‍ പോലീസുമായി നല്ല നിലയിൽ സഹകരിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഉപയോഗപ്രദമായ ധാരാളം പദ്ധതികള്‍ നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്. വയോജന ക്ഷേമം ഉറപ്പാക്കുന്നതിനായി പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് നടപ്പാക്കിവരുന്ന പ്രശാന്തി ഹെ പ്പ് ലൈന്‍ പദ്ധതി ഇതിന് ഒരു ഉദാഹരണമാണ്. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷന്‍ നിലവിലുണ്ട്. മെഡിക്കൽ ആവശ്യങ്ങള്‍ക്കും മറ്റ് സഹായങ്ങള്‍ക്കും ഈ ഹെൽപ്പ് ലൈന്‍ മുഖേന ബന്ധപ്പെടാം.
ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ വേണ്ടുംവിധം ജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. ആവശ്യാനുസരണം അവയുടെ സേവനം ലഭ്യമാക്കുന്നതിനായി പ്രാദേശികതലത്തിൽ റസിഡന്‍റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാവുന്നതാണ്.
ഇതിനുംപുറമെ പ്രാദേശികമായി ഏറ്റെടുക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ ഇപ്പോഴുമുണ്ട്. ഉദാഹരണത്തിന്, പല ജലാശയങ്ങളും നീര്‍ത്തടങ്ങളും ഇപ്പോഴും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. അവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണ ഉള്ളവരാണ് നിങ്ങള്‍. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമയബന്ധിതമായി അധികാരികളുടെ ശ്രദ്ധയിൽ പ്പെടുത്തുന്നതിനും അവയൊക്കെ സംരക്ഷിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിൽ പൂര്‍ണ്ണമായി പങ്കാളികളാകുന്നതിനും റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് സാധിക്കണമെന്നഭ്യർത്ഥിക്കുന്നു.
റസിഡന്റ്സ് അസോസിയേഷനുകളെ ജനാധിപത്യ പ്രക്രിയകളുടെ ഭാഗമാക്കുക എന്നതാണ് സർക്കാർ നയമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ പ്രയോഗത്തിന് പുതിയ മാനങ്ങൾ നൽകുകയായാണ് സർക്കാർ. പെട്ടെന്നൊരു ദിവസംകൊണ്ട് സംഘടിപ്പിക്കപ്പെടുന്നതല്ല ഇത്തരം പരിപാടികൾ. മറിച്ച് ഇതൊരു തുടർ പ്രവർത്തനമാണ്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും നടന്ന നവകേരള സദസ്സിലൂടെ ലഭിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് തുടർപ്രവർത്തനങ്ങൾ നടത്തുന്നതിന് 1000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ നീക്കിവച്ചിരിക്കുന്നത്. ജനങ്ങളുടെ അഭിപ്രായങ്ങളെ വലിയ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.
ചരിത്രത്തിലാദ്യമായാണ് റസിഡന്റ്സ് അസോസിയേഷനുകൾക്ക് ഒരു സർക്കാർ ഇത്രയധികം പരിഗണന നൽകുന്നത്. മറ്റ് വിഭാഗങ്ങളെ വച്ച് നോക്കുമ്പോൾ റസിഡന്റ്സ് അസോസിയേഷനുകളുമായുള്ള മുഖാമുഖം ഏറെ പ്രാധാന്യമർഹിക്കുന്നു. കഴിഞ്ഞ രണ്ട് പത്തിറ്റാണ്ടിനുള്ളിൽ കേരളത്തിൽ രൂപപ്പെട്ട പുതിയ സാമൂഹ്യ ശക്തിയാണ് റസിഡന്റ്സ് അസോസിയേഷനുകൾ. അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന നാടാണ് കേരളം. റസിഡന്റ്‌സ് അസോസിയേഷനുകളുടെ വളർച്ച നഗരവൽക്കരണവുമായി ചേർന്ന് നിൽക്കുന്നു.
കണക്കുകൾ പ്രകാരം 2035 ആകുമ്പോഴേക്കും കേരള ജനസംഖ്യയുടെ 95 ശതമാനവും നഗരവാസികൾ ആകുമെന്നാണ് കാണുന്നത്. കുടിയേറ്റം മൂലമല്ല അത് സംഭവിക്കുക, നഗരം ഗ്രാമങ്ങളിലേക്ക് വളരുന്നതുകൊണ്ടാണ്. ഇതൊക്കെ മുന്നിൽക്കണ്ടാണ് ഇന്ത്യയിൽ ആദ്യമായി ഈ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു നഗര നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ മുൻ കൈ എടുത്തത്. അതിനായി അർബൻ കമ്മീഷന് രൂപം നൽകി. തിങ്കളാഴ്ച്ച മുതൽ കമ്മീഷന്റെ സിറ്റിംഗ് ആരംഭിക്കുകയാണ്.
ജനങ്ങൾക്ക് വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് കെ സ്മാർട്ട് സംവിധാനം യാഥാർഥ്യമാക്കി. നിലവിൽ നഗരമേഖലയിൽ ലഭ്യമാകുന്ന ഈ സേവനം ഏപ്രിൽ ഒന്ന് മുതൽ എല്ലാ തദ്ദേശ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.
മാലിന്യ നിർമ്മാജ്ജനത്തെയും സർക്കാർ പ്രാധാന്യത്തോടെയാണ് കാണുന്നത്. ബ്രഹ്മപുരം തീപിടിത്തം ഉണ്ടായപ്പോൾ അതിനെ ഒരു അവസരമാക്കിയെടുത്ത് മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിക്ക് രൂപം നൽകി. വിജയകരമായി ആ പ്രവർത്തനം മുന്നോട്ടുപോകുകയാണ്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വലിയ മുൻകരുതലുകളാണ് സംസ്ഥാനത്തുടനീളം സ്വീകരിച്ചിരിക്കുന്നത്.
ദക്ഷിണേഷ്യയിലെ മികച്ച വയോജന സൗഹൃദനഗരമെന്ന ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കൊച്ചിക്ക് കഴിഞ്ഞദിവസം ലഭിക്കുകയുണ്ടായി. യുനെസ്കോയുടെ 'സിറ്റി ഓഫ് ലിറ്ററേച്ചർ' എന്ന് അംഗീകാരം കോഴിക്കോടിന് ലഭിച്ചത് ഈ അടുത്തിടയ്ക്കാണ്. 'സിറ്റി ഓഫ് പീസ്' ആയി തെരഞ്ഞെടുക്കപ്പെടാനുള്ള അവസാന ഘട്ടത്തിലാണ് തിരുവനന്തപുരം. തൃശ്ശൂർ നഗരം 'സിറ്റി ഓഫ് ലേണിംഗ്' ആയി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ഇതെല്ലാം സർക്കാർ ബോധപൂർവമായി നടത്തിയ ഇടപെടലുകളുടെ കൂടി ഫലമാണെന്നും മന്ത്രി പറഞ്ഞു.