1500 ഏക്കർ ഭൂമി ഇടപാടിൽ മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ

 

ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്സും ചേർന്ന് കേരളം,തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ 1500 ഏക്കർ ഭൂമി വാങ്ങി കൂട്ടിയെന്നും അതിൽ കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന വാർത്തയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കടലാസ് കമ്പനികളുടെ പേരിൽ ഭൂമി വാങ്ങിക്കുകയും നെൽവയൽ നികത്തി ലാഭ വിഹിതമായ 552 കോടി വിദേശത്തേക്ക് കടത്തുകയും ചെയ്തെന്നാണ് ലീഡ് ന്യൂസ് എന്ന മാദ്ധ്യമത്തിലൂടെ പ്രമുഖ മാദ്ധ്യമപ്രവർത്തക സന്ധ്യ രവികുമാർ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിൽ 500 ഏക്കർ ഭൂമി ഇത്തരത്തിൽ ഇവർ സ്വന്തമാക്കിയെന്നും ഇത് പിണറായി വിജയന്റെ ഒത്താശയോടെയാണെന്നുമാണ് മാദ്ധ്യമം പറയുന്നത്. ഈ വാർത്തയോട് മുഖ്യമന്ത്രിയും സിപിഎമ്മും പ്രതികരിക്കാത്തത് സംശയാസ്പദമാണ്. ഇതിനെ സംബന്ധിച്ച് വ്യക്തത വരുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.  

2018ൽ സംസ്ഥാനത്ത് നെൽവയൽ നികത്തൽ നിയമത്തിൽ ഭേദഗതി വരുത്തിയത് ഇത്തരം ഭൂമി സംരക്ഷിക്കാൻ വേണ്ടിയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഫാരിസ് അബൂബക്കർ പിണറായി വിജയൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ്. സിപിഎമ്മിൽ അത് വലിയ ചർച്ചയായതാണ്. അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ തന്നെ ഇത് പറഞ്ഞിട്ടുള്ളതാണ്. ഫാരിസിനും സംഘത്തിനും എങ്ങനെയാണ് കേരളത്തിൽ നിയമം ലംഘിക്കാൻ സാധിക്കുന്നത്? ഇവർ ഭൂമി വാങ്ങിക്കൂട്ടിയത് ആർക്ക് വേണ്ടിയാണ്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണം. തങ്ങൾക്ക് അന്വേഷിക്കാൻ സാധിക്കില്ലെങ്കിൽ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടണം. വിവാദ കമ്പനി എസ്ആർഐടിക്കെതിരെയും ഭൂമി ഇടപാടിൽ ആരോപണമുയർന്നിട്ടുണ്ട്. എല്ലാ കേസുകളിലും ഇവർ പ്രതിസ്ഥാനത്തുണ്ട്. സർക്കാർ കരാറുകൾ എങ്ങനെയാണ് എസ്ആർഐടിക്ക് ലഭിക്കുന്നതെന്ന ചോദ്യമാണ് ജനങ്ങൾക്കുള്ളത്. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായി എസ്ആർഐടിക്ക് എന്ത് ബന്ധമാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണം. ഈ ഇടപാടിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ പേരുമുണ്ടെന്നത് അറിയാതെയാവും വിഡി സതീശൻ പത്രസമ്മേളനം നടത്തിയത്. സതീശൻ ഇനി ഇതിൽ പ്രതികരിക്കാൻ സാധ്യതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രണ്ടാമത്തെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത് ദേശാഭിമാനി മുൻ എഡിറ്ററും സിപിഎം സഹയാത്രികനുമായ ജി.ശക്തിധരനാണ്. മുഖ്യമന്ത്രിക്ക് വേണ്ടി കൊച്ചിയിലെത്തിയ രണ്ട് കോടിയിലധികം പണം പായ്ക്കെട്ടിൽ ഇന്നത്തെ ഒരു മന്ത്രിയും മറ്റൊരാളും ചേർന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്ന വലിയ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. കോടികളുടെ ഇടപാടിന് താൻ സാക്ഷിയാണെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പറഞ്ഞ സ്ഥിതിക്ക്ഈ ആരോപണത്തിൽ അന്വേഷണം വേണം. സർക്കാർ മൂക്കറ്റം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ, ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് എന്നിവരും സംബന്ധിച്ചു.