അയൽവാസികൾക്ക് ഉപദ്രവമാകുന്ന അമ്മക്ക് സംരക്ഷണവും ചികിത്സയും മക്കൾ നൽകണം : മനുഷ്യാവകാശ കമ്മീഷൻ

 

 അയൽവാസികൾക്ക് ഉപദ്രവമുണ്ടാക്കുന്ന അമ്മയുടെ സംരക്ഷണം മക്കൾ ഏറ്റെടുക്കണമെന്നും അമ്മക്ക് മതിയായ  ചികിത്സ നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ.


വയോധികയുടെ ഭാഗത്ത് നിന്ന് അയൽവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള  നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആറ്റിങ്ങൽ ഡി.വൈ.എസ്.പി ക്ക് നിർദ്ദേശം നൽകി.


വയോധിക ക്വട്ടേഷൻ നൽകി തങ്ങളുടെ വീടിന്റെ ജനാലകളും കാറിന്റെ ഗ്ലാസുകളും തല്ലിപൊട്ടിച്ചെന്ന് ആരോപിച്ച് ചിറയിൻകീഴ് വലിയകട പ്രണവത്തിൽ ഡി.പി. അശ്വിൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.


ആറ്റിങ്ങൽ ഡി.വൈ.എസ്.പി യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. വയോധിക വിധവയും ഒറ്റയ്ക്ക് താമസിക്കുന്നയാളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവർ മാനസിക പിരിമുറുക്കത്തിന് മരുന്ന് കഴിച്ചുവരികയാണ്. പരാതിക്കാരന്റെ വീടിനു നേരെ ആക്രമണം നടത്തിയെന്ന പരാതിയിൽ കണ്ടാലറിയുന്ന ഒരാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. എതിർകക്ഷിയുടെ പ്രായവും നിലവിലെ അവസ്ഥയും കണക്കിലെടുത്ത് നിയമ നടപടി സ്വീകരിച്ചിട്ടില്ല. എന്നാൽ എതിർകക്ഷിയുടെ മക്കൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന താക്കീത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.