ക്രിസ്റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
വിവാദങ്ങള്‍ക്ക് മറുപടിയുമായി രഞ്ജിത്ത്
28ാമത് ഐ.എഫ്.എഫ്.കെയില്‍ പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് സനൂസിക്ക് ലൈഫ് െൈടെം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കുന്നതിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്.
ക്രിസ്റ്റോഫ് സനൂസിക്ക് പുരസ്‌കാരം നല്‍കുന്നത് ലോകചലച്ചിത്രചരിത്രത്തിലെ ക്ളാസിക്കുകള്‍ എന്നു തന്നെ വിശേഷിപ്പിക്കാനാവുന്ന സിനിമകളുടെ സംവിധായകന്‍ എന്ന നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്റ്റോഫ് സനൂസിക്ക് രാഷ്ട്രീയ പ്രത്യയശാസ്ത്രമോ വിശ്വാസമോ നിലപാടുകളോ അല്ല ഈ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം. ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന് സ്വതന്ത്രമായ നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ടാവാം. നിലവിലുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളോട് യോജിപ്പോ വിയോജിപ്പോ ഉണ്ടാവാം. അത് ഒരു മനുഷ്യന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമായതിനാല്‍ അതിനെ മാനിക്കുന്നു. ഐ.എഫ്.എഫ്.കെയിലെ പരമോന്നത പുരസ്‌കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുക്കുമ്പോള്‍ ചലച്ചിത്ര അക്കാദമി പരിഗണിച്ചത് ജീവിതം, മരണം, ധാര്‍മ്മികത, സ്വാതന്ത്ര്യം, അസ്തിത്വം, വാര്‍ധക്യം എന്നീ പ്രമേയങ്ങളെ അസാമാന്യമായ കൈയൊതുക്കത്തോടെ അവതരിപ്പിച്ച ലോകചലച്ചിത്രാചാര്യന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതിഭാവിശേഷം മാത്രമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യമൂല്യങ്ങളുടെ പ്രകാശനം കൂടിയാണ് ഇതെന്നും രഞ്ജിത് വ്യക്തമാക്കി.
കമ്യൂണിസത്തോട് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള സനൂസിക്ക് പുരസ്‌കാരം നല്‍കുന്നതിനെതിരെ ചിലര്‍ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് രഞ്ജിത് വിശദീകരണവുമായി രംഗത്തു വന്നിരിക്കുന്നത്.
ഐ.എഫ്.എഫ്.കെ വിശാലമായ ജനാധിപത്യവേദിയാണ്. എല്ലാ വിമതസ്വരങ്ങള്‍ക്കും ചെവിയോര്‍ക്കുന്ന ഒരു പ്ളാറ്റ്ഫോം. ലോകത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന കേരളത്തെക്കുറിച്ച് സനൂസിക്ക് അറിയാം.1998ല്‍ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തില്‍ വന്ന സനൂസി നടത്തിയ കമ്യൂണിസത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ക്ക് അതേ വേദിയില്‍ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ള മറുപടിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച 'പെര്‍ഫക്റ്റ് നമ്പര്‍' ഉള്‍പ്പെടെ പല ഐ.എഫ്.എഫ്.കെകളിലെയും ലോകസിനിമാ വിഭാഗത്തില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഉള്‍പ്പെടുത്തിയിരുന്നു. പഴയ നിലപാടുകളില്‍ അദ്ദേഹം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നും അവയില്‍ എന്തെങ്കിലും പരിവര്‍ത്തനങ്ങള്‍ വന്നിട്ടുണ്ടോ എന്നും അറിയാനും അദ്ദേഹവുമായി സംവദിക്കാനുള്ള വേദി കൂടിയാണ് 28ാമത് ഐ.എഫ്.എഫ്.കെ. നാം അദ്ദേഹത്തെ കേള്‍ക്കണം. അദ്ദേഹം നമ്മെയും.
ഇടതുപക്ഷ സര്‍ക്കാര്‍ എത്രത്തോളം ജനാധിപത്യപരമായാണ് കലയെയും വിമതശബ്ദങ്ങളെയും സമീപിക്കുന്നത് എന്ന് അറിയാന്‍ അദ്ദേഹത്തിനുള്ള അവസരം കൂടിയാണിത്. അങ്ങനെ വിഭിന്നമായ അഭിപ്രായങ്ങള്‍ക്ക് തുറന്ന സംവാദവേദി ഒരുക്കുന്ന ജനാധിപത്യ ഇടം എന്ന നിലയില്‍ ഐ.എഫ്.എഫ്.കെയ്ക്കുള്ള പ്രസക്തി ഒന്നുകൂടി വര്‍ധിപ്പിക്കുന്നതാണ് 28ാമത് ഐ.എഫ്.എഫ്.കെയിലെ സനൂസിയുടെ സന്ദര്‍ശനം.
ഞാന്‍ ചലച്ചിത്ര അക്കാദമിയുടെ ഭാഗമല്ലാതിരുന്ന കാലത്ത് എനിക്കുണ്ടായ വ്യക്തിപരമായ ഒരു അനുഭവം കൂടി പങ്കുവെയ്ക്കട്ടെ. ടി.പി രാജീവന്റെ നോവലിനെ ആസ്പദമാക്കിയാണ് 2009ല്‍ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമ ചെയ്തത്. ചലച്ചിത്ര അവാര്‍ഡിന് പടം അയച്ചപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആയതുകൊണ്ട് പടത്തിന് അര്‍ഹിക്കുന്ന അംഗീകാരങ്ങളൊന്നും കിട്ടില്ളെന്ന് ടി.പി രാജീവന്‍ പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ രാജീവന്‍ പറഞ്ഞത് 'എന്‍േറതല്ളേ നോവല്‍ അതു തന്നെ കാരണം' എന്നായിരുന്നു. ഇടതുപക്ഷത്തോടുള്ള വിയോജിപ്പുകള്‍ പലപ്പോഴായി പരസ്യമായി പ്രഖ്യാപിച്ചിരുന്ന ആളായിരുന്നല്ളോ രാജീവന്‍. എന്നാല്‍ രാജീവന്റെ നിലപാടുകളൊന്നും അവാര്‍ഡ് പരിഗണനയെ ബാധിച്ചില്ല. അന്ന് വി.എസ് മുഖ്യമന്ത്രിയും എം.എ ബേബി സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായിരുന്നു. 'പാലേരി മാണിക്യം' മികച്ച ചിത്രമായി. മമ്മൂട്ടിക്കും ശ്വേതാമേനോനും മേക്കപ്പ് ആര്‍ട്ടിസ്റ്റിനുമുള്‍പ്പെടെ നാല് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. കലാകാരന്മാരോട് രാഷ്ട്രീയ മുന്‍വിധിയില്ലാത്ത സമീപനമാണ് ഇടതു സര്‍ക്കാര്‍ എന്നും സ്വീകരിച്ചുപോന്നിട്ടുള്ളത്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയപ്പോള്‍ പാര്‍ട്ടിക്ക് അനുകൂലമായി നില്‍ക്കുന്നവരെ അംഗീകാരങ്ങള്‍ക്ക് പരിഗണിക്കണമെന്ന് ഇതുവരെ സര്‍ക്കാരിന്റെ ഭാഗമായ ആരും തന്നെ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ സര്‍ക്കാരിന്റെ സാംസ്‌കാരിക സമീപനത്തോട് എനിക്കുള്ള മതിപ്പും ബഹുമാനവും വര്‍ധിച്ചിരിക്കുകയാണ്.
28ാമത് ഐ.എഫ്.എഫ്.കെ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ഇതിനകംതന്നെ ചര്‍ച്ചയായിട്ടുണ്ട്. അമേരിക്കന്‍ അധിനിവേശത്തിനെതിരെ പൊരുതിയ ചരിത്രമുള്ള ക്യൂബയാണ് മേളയിലെ കണ്‍ട്രി ഫോക്കസ്. മൂന്ന് ക്യൂബന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ മേളയില്‍ അതിഥികളായി പങ്കെടുക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ അധിനിവേശവിരുദ്ധ സിനിമകളുടെ പ്രത്യേക പാക്കേജ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊരുതുന്ന പലസ്തീനിനുള്ള ഐക്യദാര്‍ഢ്യം കൂടിയാണ് ഈ പാക്കേജ്. ഇതിനു പുറമെ വനിതാ സംവിധായകരുടെ സിനിമകളുടെ പ്രത്യേകപാക്കേജ് ലിംഗനീതിയുടെ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നു. ഇങ്ങനെ പുരോഗമനപരവും വിശാലവുമായ ഒരു രാഷ്ട്രീയ പ്രതലത്തിലാണ് 28ാമത് ഐ.എഫ്.എഫ്.കെ നിലയുറപ്പിച്ചിരിക്കുന്നത്. ഈ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാന്‍ ഐ.എഫ്.എഫ്.കെയിലേക്ക് ഒഴുകിയെത്തുന്ന ജനസഞ്ചയത്തിന് കഴിയും എന്നുതന്നെയാണ് എന്റെ വിശ്വാസമെന്നും രഞ്ജിത്ത് പറഞ്ഞു.