വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കുവാൻ സമിതി; മന്ത്രി ആന്റണി രാജു

 

 വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കുവാൻ സാങ്കേതിക സമിതി രൂപീകരിക്കുവാൻ  ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷയിൽ ചേർന്ന ഉന്നതതല  യോഗം തീരുമാനിച്ചു. യാത്രാ വേളയിലും നിർത്തിയിടുമ്പോഴും വാഹനങ്ങൾ അഗ്നിക്കിരയാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മന്ത്രി ഉന്നത തലയോഗം വിളിച്ചത്. മനുഷ്യനിർമ്മിതവും

യന്ത്ര തകരാറും, പരിസ്ഥിതി പ്രശ്നങ്ങളുമാണ് വാഹനങ്ങളുടെ തീപിടുത്തത്തിന് കാരണം.  50 ശതമാനത്തിലേറെയും തീപിടുത്തം ഉണ്ടാവുന്നത് ഇലക്ട്രിക്കൽ സർക്യൂട്ടിന്റെ പ്രശ്നങ്ങള്‍ മൂലമാണെന്ന് യോഗം വിലയിരുത്തി. വാഹനങ്ങളില്‍ അനധികൃത മാറ്റങ്ങള്‍ വരുത്തുന്നതാണ് ഇതിന് പ്രധാന കാരണമെന്നും സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടി. ഗുണമേന്മ കുറഞ്ഞ ഉപകരണങ്ങളും ഇലക്ട്രിക് വയറുകളും ഉപയോഗിച്ചുള്ള അനധികൃത ഓൾട്ടറേഷനുകള്‍ മൂലം വാഹനങ്ങള്‍ അഗ്നിക്കിരയാക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. ഇത്തരം അപകടങ്ങളെക്കുറിച്ച് പഠിച്ച് 2 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാന്‍ റോഡ് സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ ഫോറന്‍സിക് വിഭാഗം മുന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സുനില്‍ എസ്.പി, സാങ്കേതിക വിദഗ്ധന്‍ രമേശ് കെ.ജെ,  എസ്.സി.എം.എസ് പ്രൊഫസര്‍ ഡോ. മനോജ് കുമാർ, ശ്രീചിത്ര എൻജിനീയറിങ് കോളേജ് ഓട്ടോമൊബൈൽ വിഭാഗം പ്രൊഫസർ ഡോ. കമല്‍ കൃഷ്ണ, ട്രാഫിക് പോലീസ് ഐ.ജി, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ അംഗങ്ങളായ സമിതി രൂപീകരിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ നടത്തുന്ന വർക്ക്ഷോപ്പ് ഉടമകളെ അപകടങ്ങളുടെ ഉത്തരവാദികളായി കണക്കാക്കി കർശന നടപടികൾ സ്വീകരിക്കുവാൻ  മോട്ടോർ വാഹന വകുപ്പിന് മന്ത്രി ആന്റണി  രാജു നിർദ്ദേശം നൽകി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നിയമവിരുദ്ധ നടപടികൾക്കെതിരെ കണ്ണടയ്ക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രവൃത്തികളുടെ അപകടസാധ്യതകളെ കുറിച്ച് വാഹനം വാങ്ങുന്നവരെ ബോധവൽക്കരിക്കണമെന്ന് വാഹന വിതരണക്കാരോട് മന്ത്രി നിർദേശിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ്, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ്, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, പ്രമുഖ വാഹന നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ  യോഗത്തിൽ പങ്കെടുത്തു.