സൈനിക സ്കൂളുകളുടെ രാഷ്ട്രീയവൽക്കരണത്തിൽ ആശങ്ക; മന്ത്രി വി ശിവൻകുട്ടി കേന്ദ്ര പ്രതിരോധ മന്ത്രിയ്ക്ക് കത്തയച്ചു
Apr 5, 2024, 16:30 IST
സൈനിക സ്കൂളുകളുടെ രാഷ്ട്രീയവത്കരണത്തിൽ ആശങ്ക അറിയിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു. രാഷ്ട്രീയ ബന്ധമുള്ള സംഘടനകൾക്കും വ്യക്തികൾക്കും സൈനിക സ്കൂളുകളുടെ നടത്തിപ്പ് ചുമതല നൽകുന്നത് ആ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും സ്വയംഭരണാധികാരത്തെയും ബാധിക്കും.
സൈനിക സ്കൂളുകൾ ഭാവിയിലെ പ്രതിരോധ ഉദ്യോഗസ്ഥരെ വാർത്തെടുക്കുന്ന പ്രധാന നിഷ്പക്ഷ സ്ഥാപനങ്ങളാണ്. അതിനാൽ ഒരു തലത്തിലും ഈ സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത്. ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസത്തിൽ നീതി ഉറപ്പാക്കുന്നതിനും ഈ സ്ഥാപനങ്ങളുടെ പ്രശസ്തി നിലനിർത്താനും കേന്ദ്ര പ്രതിരോധ മന്ത്രി ഇടപെടണമെന്ന് മന്ത്രി വി.ശിവൻകുട്ടി കത്തിൽ ആവശ്യപ്പെട്ടു.