സിപിഎമ്മും കോണ്‍ഗ്രസും കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നു: പി.കെ. കൃഷ്ണദാസ് 
 

 

തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് സിപിഎമ്മും കോണ്‍ഗ്രസും കേരളത്തിലെ ജനങ്ങളെ പരിഹസിക്കാനും പരീക്ഷിക്കാനുമാണ് ശ്രമിക്കുന്നത്.  കഴിഞ്ഞ രണ്ടുദിവസങ്ങളിലായിട്ട് കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് ദേശീയ നേതാക്കളുടെ പ്രസ്താവന കണക്കിലെടുക്കുമ്പോള്‍ അതാണ് മനസിലാവുകയെന്നും ബിജെപി ദേശീയ പ്രവര്‍ത്തക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് കോഴിക്കോട് വച്ച് കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി പ്രസ്താവിച്ചത്. ഇന്‍ഡിമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ സിപിഎം മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് കഴിഞ്ഞദിവസം പത്രങ്ങള്‍ക്ക് നല്‍കിയ ഇന്റര്‍വ്യുവിലും പറഞ്ഞിരിക്കുകയാണ്. പ്രതിപക്ഷത്ത് ഒരുമിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ഭരണം കിട്ടിയാല്‍ ഒരുമിച്ചായിരിക്കുമെന്നാണ് കേരളത്തിലും ഇവര്‍ വളരെ പ്രത്യക്ഷമായി പറയുന്നതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

പ്രതിപക്ഷത്തും ഭരണപക്ഷത്തും ഒരുമിച്ചുള്ള സിപിഎമ്മും കോണ്‍ഗ്രസും എന്തിനാണ് തെരഞ്ഞെടുപ്പില്‍ രണ്ട് ചിഹ്നത്തിലും രണ്ട് സ്ഥാനാര്‍ത്ഥികളെയും നിര്‍ത്തി മത്സരിപ്പിക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ പരീക്ഷിക്കുന്നതുമാണ്. രാഷ്ട്രീയ മര്യാദയും മാന്യതയും ഉണ്ടെങ്കില്‍ ഇരുപാര്‍ട്ടികളും സംയുക്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപിക്കെതിരെ മത്സരിപ്പിക്കണം. ഇരുപാര്‍ട്ടികളിലെയും ദേശീയനേതാക്കള്‍കേരളത്തില്‍വരുന്നസമയത്ത് അവര്‍ അഭിനയിക്കുകയാണ്. തമിഴ്‌നാട്ടില്‍പോയി രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കൈപ്പത്തിക്കും അരിവാളിനും വോട്ടുചോദിക്കുന്നവര്‍ തിരികെ കേരളത്തില്‍ എത്തുമ്പോള്‍ അഭിനയിക്കുകയാണ്. നടികര്‍സംഘമായി സിപിഎമ്മും കോണ്‍ഗ്രസും മാറിയിരിക്കുകയാണ്. കേന്ദ്രത്തില്‍ ഇന്‍ഡി സഖ്യത്തിന് ഭൂരിപക്ഷം കിട്ടില്ലായെന്ന കാര്യ ഉറപ്പാണ്. എങ്കിലും കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഇടതുപക്ഷത്തെ എംപിമാര്‍ രാഹുല്‍ഗാന്ധിയെയോ കോണ്‍ഗ്രസിനെയോ പിന്തുണയ്ക്കാന്‍ കൈപൊക്കില്ല എന്നു പറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. പിന്നെ എന്തിനാണ് രണ്ടുമുന്നണിയും രണ്ട് ചിഹ്നവുമായി മത്സരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം. ഇവര്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണ് രാഷ്ട്രീയ മര്യാദ. തെലങ്കാനയില്‍ ഹൈദ്രാബാദിനടുത്ത് ഒരു ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ ഏതോ ഒരു സേന കയറി അക്രമം നടത്തിയ സംഭവം ഉണ്ട്. പ്രതിപക്ഷപാര്‍ട്ടികളും ചില മാധ്യമങ്ങളും അത് ബിജെപിയുടെ സേനയാണെന്ന് പറഞ്ഞ് പ്രചാരണം നടത്തുകയാണ്.  തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്തകര്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് എല്ലാ മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണ്. ഈസേനയ്ക്ക് ബിജെപിയുമായോ ആര്‍എസ് എസുമായോ ഒരു ബന്ധവുമില്ല. കാവിക്കൊടി കണ്ടാല്‍ അതെല്ലാം ബിജെപിയുടെ ചുമലില്‍ കെട്ടിവയ്ക്കാമെന്നാണോയെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കില്‍ സഹകരണ കോണ്‍ഗ്രസ് കോണ്‍ഗ്രസ് ആകുമോയെന്നും ഫുട്‌ബോള്‍ ലീഗ് ലീഗാണോയെന്നും അദ്ദേഹം ചോദിച്ചു. ഉത്തരവാദപ്പെട്ട മാധ്യമങ്ങള്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ ബിജെപിയുടെ തലയില്‍കെട്ടിവയ്ക്കാന്‍ നോക്കരുത്. ഈ സംഭവവുമായിട്ട് ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.