ആശ്രിത നിയമനം:  ഉറപ്പുകൾ പാലിക്കാത്ത  ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 % തുക പിടിക്കും 

 

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന  സമ്മതമൊഴി നൽകി  സർക്കാർ സർവ്വീസിൽ പ്രവേശിച്ച ശേഷം വ്യവസ്ഥ  ലംഘിക്കുന്ന ജീവനക്കാർക്കെതിരെ സർക്കാർ നടപടി എടുക്കും. 

ആശ്രിതരെ സംരക്ഷിക്കാത്ത  ജീവനക്കാരുടെ  പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന്  25 ശതമാനം തുക പിരിച്ചെടുത്ത്  അർഹരായ ആശ്രിതർക്ക് നൽകാൻ  നിയമനാധികാരികളെ  അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും. 

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കിൽ  പ്രസ്തുത ജീവനക്കാരനെതിരെ ആശ്രിതർക്ക്  നിയമനാധികാരിക്ക് രേഖാമൂലം പരാതി നൽകാം. ആഹാരം, വസ്തു, പാർപ്പിടം,  ചികിത്സ, പരിചരണം എന്നിവയാണ്  സംരക്ഷണം എന്ന നിർവചനത്തിൽപ്പെടുന്നത്. 

ആശ്രിതരുടെ പരാതിയിൽ ബന്ധപ്പെട്ട തഹസിൽദാർ മുഖേന അന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങിയ ശേഷം അടിസ്ഥാന ശമ്പളത്തിൻ്റെ 25% പ്രതിമാസം പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. തഹസിൽദാരുടെ അന്വേഷണത്തിൽ ആക്ഷേപമുള്ള ജീവനക്കാർക്ക്  മൂന്ന് മാസത്തിനകം ജില്ലാ കളക്ടർക്ക് അപ്പീൽ സമർപ്പിക്കാം. പരാതിയിൽ ജില്ലാ കളക്ടർ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.  

ആശ്രിതർക്ക് കുടുംബ പെൻഷൻ അനുകൂല്യമുണ്ടെങ്കിൽ മേൽപറഞ്ഞ സംരക്ഷണത്തിന് അർഹത ഉണ്ടായിരിക്കില്ല. എന്നാൽ സാമൂഹ്യ സുരക്ഷാ പെൻഷൻ,  ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള പെൻഷൻ എന്നിവ കൈപറ്റുന്ന ആശ്രിതരെ സംരക്ഷിക്കാൻ മേൽ വ്യവസ്ഥ പ്രകാരം ജോലി ലഭിച്ച ജീവനക്കാർ ബാധ്യസ്ഥരാണ്.

കെട്ടിട നികുതി നിയമം ഭേദഗതി  ചെയ്യും

കേരള കെട്ടിട നികുതി നിയമ (ഭേഭഗതി) ഓർഡിനൻസ് 2023  അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 50 വർഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമമാണ്  ഭേദഗതി ചെയ്യുക. 

1973 ഏപ്രിൽ ഒന്നിനാണ് കേരള കെട്ടിട നികുതി നിയമം നിലവിൽ വന്നത്. കെട്ടിടത്തിന്റെ തറ വിസ്തീർണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കുന്നത്. ഈ രണ്ടു നികുതികളും ചുമത്തുന്നതും  പിരിച്ചെടുക്കുന്നതും റവന്യൂ വകുപ്പാണ്. സംസ്ഥാനത്ത്  ആയിരക്കണക്കിന് ഗാർഹിക, ഗാർഹികേതര കെട്ടിടങ്ങൾ നികുതി നിർണ്ണയിക്കപ്പെടാത്തതായുണ്ട്. ഇതുമൂലം സർക്കാരിന് വലിയ  വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നികുതിപിരിവ് സുതാര്യവും ഊർജ്ജിതവുമാക്കുന്നതിന് വേണ്ടിയാണ് ഭേദഗതി. 

പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരുടെ   അധികാരപരിധി ഉയർത്തും 

പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരുടെ   അധികാരപരിധി 10000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയർത്തും. 
ഇതിന് 1973ലെ ക്രിമിനൽ നടപടി സംഹിതയിലെ  29 ആം വകുപ്പിലെ ഉപവകുപ്പ് ഭേദഗതി ചെയ്യുന്നതിന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ നൽകിയ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു . 

മോട്ടോർ വാഹന നിയമ (ഭേദഗതി )ആക്റ്റ് 2019 നിലവിൽ വന്നതോടെ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ  പത്തുമടങ്ങ് വർദ്ധിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി .

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്  മജിസ്ട്രേറ്റിന് ചുമത്താവുന്ന പരമാവധി പിഴ 10000 രൂപ മാത്രമായതിനാൽ നിലവിലുള്ള ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ പ്രോസിക്യൂഷൻ നടപടി ക്രമങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഇത് പരിഗണിച്ചാണ്  ഭേദഗതി വരുത്താനുള്ള  കരട് ബില്ലിന്  അംഗീകാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 

കേരളപ്പിറവി ആഘോഷം

കേരളപ്പിറവി ആഘോഷത്തിന്റെ ഭാ​ഗമായി നവംബർ ഒന്നു മുതൽ എഴു വരെ തിരുവനന്തപുരത്ത് സെമിനാറുകളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.

തുടർച്ചാനുമതി

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ 1012 താൽക്കാലിക തസ്തികകൾക്ക് (കേന്ദ്ര പ്ലാൻ വിഭാഗത്തിലെ 872 തസ്തികകളും സംസ്ഥാന പ്ലാൻ ഹെഡിലെ കമ്പ്യൂട്ടർ വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടറുടെ 1 തസ്തികയും നോൺപ്ലാൻ ഹെഡിലെ 139 തസ്തികകളുമുൾപ്പെടെ)   01.04.2022 മുതൽ 31.03.2023 വരെയും  01.04.2023 മുതൽ 31.03.2024 വരെയും തുടർച്ചാനുമതി നൽകും.

സംസ്ഥാനത്തെ 13 എൽ എ ജനറൽ ഓഫീസുകളിൽ ഉൾപ്പെട്ട 248 തസ്തികൾക്ക് 01.04.2023 മുതൽ ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകും.

ശമ്പള പരിഷ്ക്കരണം

കേരഫെഡിലെ ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്ക്കരണം 01.07.2019 മുതല്‍ പ്രാബല്യത്തിൽ നടപ്പാക്കുന്നതിന് അനുമതി നൽകി. 

ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ സർക്കാർ അം​ഗീകാരമുള്ള സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്ക്കരണം 2019 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ നടപ്പിലാക്കും. 

നിയമനം

​ഗവൺമെന്റ് ഐ ടി പാർക്കുകളിലെയും അവയുടെ സാറ്റ്ലൈറ്റ് കാമ്പസുകളിലെയും ബിൽറ്റ് - അപ്പ് സ്പെയ്സ്, ഭൂമി എന്നിവ മാർക്കറ്റ് ചെയ്യുന്നതിന് ഇന്റെർനാഷണൽ പ്രോപ്പർട്ടി കൺസൾട്ടൻസിനെ നിയമിക്കുന്നതിന് അനുമതി നൽകി. ട്രാൻസാക്ഷൻ/ സക്സസ് ഫീ അടിസ്ഥാനത്തിലാകും നിയമനം. അതത് ​ഗവൺമെന്റ് ഐ ടി പാർക്കുകളിലെ ചീഫ് എക്സിക്യൂട്ടീവുമാർ നിയമനം നടത്തും. 

ഭൂമി കൈമാറ്റം ചെയ്യുന്നതിന് അനുമതി

ടെക്നോപാർക്കിന്റെ മൂന്നാം ഘട്ട വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ ഒഴിവാക്കിയ ആറ് ഭൂ ഉടമകളുടെ ഉടമസ്ഥതയിലുള്ള ഭൂമി നിബന്ധനകളോടെ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇവരുടെ പട്ടയം പരിശോധിച്ച് ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുവാൻ ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തി. സ്ഥിരതാമസക്കാരായ ആറ് ഭൂ ഉടമകൾക്ക് പുതിയ വാസസ്ഥലം ഉണ്ടാകുന്നതു വരെ മാറി താമസിക്കുന്നതിനുള്ള വാടകയായി ഓരോ കുടുംബത്തിനും ഒറ്റതവണയായി 50,000 രൂപ നൽകും.