ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമായി: ഭക്ഷ്യ സുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്

 

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ നിയോജക മണ്ഡലത്തില്‍ ഒന്ന് എന്ന കണക്കിനാണ് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുള്ളത്. ഇത് വിപുലീകരിക്കാന്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക എന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. 14 ജില്ലകളിലും മൊബൈല്‍ ലബോറട്ടികള്‍ സജ്ജമാക്കി. ലാബ് സംവിധാനം ശക്തിപ്പെടുത്തുന്നത് ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പിന്റേയും ഉദ്ഘാടനം ലോക ഭക്ഷ്യ സുരക്ഷാ ദിനത്തില്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ രംഗത്ത് കേരളം ഏറെ മുന്നിലാണെങ്കിലും ജീവിതശൈലീ രോഗങ്ങള്‍ വെല്ലുവിളിയാണ്. ഇതിനൊരു പരിഹാരമായി 30 വയസിന് മുകളിലുള്ളവര്‍ക്ക് വാര്‍ഷികാരോഗ്യ പരിശോധന നടത്തി വരുന്നു. താഴെത്തട്ടില്‍ തന്നെ ആരോഗ്യം ഉറപ്പാക്കാനാണ് ജനകീയ പങ്കാളിത്തത്തോടെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.

ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കുന്നതില്‍ ആഹാരത്തിന് വലിയ പ്രധാനമാണുള്ളത്. ഭക്ഷ്യസുരക്ഷ എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്, ട്രെയിനിംഗ്, ബോധവത്ക്കരണം എന്നിവയിലൂടെ ഭക്ഷണത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച് വരുന്നു. കഴിഞ്ഞ വര്‍ഷം 75,000 ഓളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മൊബൈല്‍ ലാബിന്റെയും മറ്റ് ലാബുകളുടെയും സഹായത്തോടെ 67,272 സാമ്പിളുകള്‍ പരിശോധിച്ചു. നിലവാരം ഇല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ സാമ്പിളുകള്‍ വിറ്റ 1079 സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. നിയമലംഘനം നടത്തിയ 6022 സ്ഥാപനങ്ങളില്‍ നിന്നായി 3 കോടിയോളം രൂപ പിഴ ചുമത്തി.

ഇങ്ങനെ നിരവധി എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം തന്നെ ഭക്ഷ്യസ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായി ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരുന്ന 25,000ത്തോളം പേര്‍ക്ക് ഫോസ്റ്റാഗ് പരിശീലനം നല്‍കി സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ 3,298 ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കി. ഇതില്‍ 500 ക്ലാസുകള്‍ സ്‌കൂള്‍തലത്തില്‍ ജംഗ് ഫുഡിന്റെ ദൂഷ്യങ്ങളെ കുറിച്ചും കുട്ടികളുടെ ഭക്ഷണ രീതിയില്‍ അവശ്യം വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുമായിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത പരാതി പരിഹാര സംവിധാനമായ ഭക്ഷ്യസുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലിലൂടെ രണ്ടര മാസംകൊണ്ട് തന്നെ 336 പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ലഭിക്കുകയും അതില്‍ 230 എണ്ണം അന്വേഷിച്ച് പരിഹരിക്കുകയും ചെയ്തു കഴിഞ്ഞു. 106 പരാതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈറ്റ് റൈറ്റ് കേരള എന്ന മൊബൈല്‍ ആപ്പിലൂടെ നിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്. കൂടൂതല്‍ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി അതില്‍ ഉള്‍പ്പെടുത്തുവാന്‍ വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. കൂടാതെ പരാതി പരിഹാര സംവിധാനമായ ഗ്രിവന്‍സ് പോര്‍ട്ടല്‍ ഈ ആപ്പില്‍ ലിങ്ക് ചെയ്തിരിക്കുന്നു. ആതിനാല്‍ ഈ ആപ്പിലൂടെ പരാതികള്‍ അറിയിക്കുന്നതിനും കഴിയുന്നു. കൂടുതല്‍ സ്ഥാപനങ്ങള്‍ ഹൈജീന്‍ റേറ്റിംഗ് ഓഡിറ്റിംഗ് നടത്തി നിലവാരം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

'ഭോഗ്' (BHOG) പദ്ധതി പ്രകാരം സര്‍ട്ടിഫിക്കേഷന്‍ നേടിയ ആരാധനാലയങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു.

വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോ. കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണര്‍ മഞ്ജുദേവി, സതേണ്‍ റെയില്‍വേ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.