എക്സൈസ് മന്ത്രി രാജിവയ്ക്കണം,  അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണം: വി.മുരളീധരന്‍

 

മദ്യനയം മാറ്റാന്‍ കൈക്കൂലി നല്‍കണമെന്ന ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം.  കോടികള്‍ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ ശബ്ദത്തില്‍ നിന്ന് മനസിലാക്കുന്നത്. ഈ പണം എവിടെപ്പോയെന്ന് വ്യക്തമാക്കണം. എക്സൈസ് മന്ത്രി എം.ബി രാജേഷ് രാജിവയ്ക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

നയപരമായതീരുമാനങ്ങള്‍ മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ബാര്‍ ഉടമകളോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി അറിഞ്ഞാണ്.  സത്യാവസ്ഥ പുറത്തുവരാന്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണം. കേരള സര്‍ക്കാരിന് കീഴിലുള്ള ഒരു ഏജന്‍സിയും നിഷ്പക്ഷ അന്വേഷണം നടത്തില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

ബാര്‍ കോഴ ആരോപണത്തില്‍പ്പെട്ട  കെ.എം.മാണിയുടെ പാര്‍ട്ടിയെ കൂടെക്കൂട്ടിയവരാണ് സിപിഎം. അഴിമതിയില്‍ യുഡിഎഫും എല്‍ഡിഎഫും ഒരു പോലെയാണ് വ്യക്തമാക്കുന്നതാണ് രണ്ടാം ബാര്‍ കോഴ ആരോപണമെന്നും കേന്ദ്രമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.