എം.ആർ.എസ് കായിക പ്രതിഭകൾക്ക് വിദഗ്ധ പരിശീലനവും ഗ്രേസ് മാർക്കും: മന്ത്രി കെ.എ. തുളസി
Nov 22, 2026, 20:03 IST
പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ മികച്ച കായിക പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം നൽകുമെന്നും ഗ്രേസ് മാർക്ക് അനുവദിക്കുന്നതിന് സർക്കാർ തലത്തിൽ പ്രൊപ്പോസൽ സമർപ്പിക്കുമെന്നും മന്ത്രി കെ.എ. തുളസി. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നടന്ന ഒൻപതാമത് സംസ്ഥാനതല എം.ആർ.എസ് ആൻഡ് ഹോസ്റ്റൽ കായികമേളയായ 'കളിക്കളം 2026'ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്ക് വേനലവധിക്കാലത്ത് പ്രൊഫഷണൽ പരിശീലനം നൽകി സംസ്ഥാന, ദേശീയ ടീമുകളിലെത്തിക്കാൻ നടപടി സ്വീകരിക്കും. അടുത്ത വർഷം മുതൽ കൂടുതൽ കായിക ഇനങ്ങൾ ഉൾപ്പെടുത്തുമെന്നും മേളയുടെ വേദി മറ്റ് ജില്ലകളിലേക്കും മാറ്റുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ 'കളിക്കളം 2026 സ്പെഷ്യൽ പതിപ്പ്' മന്ത്രി പ്രകാശനം ചെയ്തു.