പൗരത്വനിയമ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ
പോരാട്ടംഃ എംഎം ഹസന്‍.
പൗരത്വനിയമ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ നിയമപരമായും രാഷ്ട്രീയപരമായുമുള്ള പോരാട്ടം തുടരുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.
കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്‍മാരുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതധ്രുവീകരണം എന്ന ഏക ലക്ഷ്യത്തോടെയാണ് പൗരത്വനിയമഭേദഗതി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും ഭരണഘടനാവിരുദ്ധമായ ഈ നിയമം കോടതിയില്‍ നിലനില്ക്കില്ലെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് സ്വീകരിച്ചിട്ടുള്ളത്.
പൗരത്വനിയമം നടപ്പാക്കില്ലെന്നു പറയുന്ന മുഖ്യമന്ത്രിയുടേത് പരിഹാസ്യമായ നിലപാടുകളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നിയമ ഭേദഗതിക്കെതിരേ യുഡിഎഫ് നടത്തിയ പ്രക്ഷോഭങ്ങളില്‍ എണ്ണൂറിലധികം കേസുകള്‍ ചുമത്തിയിട്ട് അതു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. കഴിഞ്ഞ ദിവസം പ്രതിഷേധിച്ചവര്‍ക്കെതിരേയും കേസെടുത്തു. മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേസ് പിന്‍വലിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ട് 20 സീറ്റിലും മിന്നുന്ന വിജയം നേടണമെന്ന് സുധാകരന്‍ ആഹ്വാനം ചെയ്തു. വര്‍ക്കിംഗ് കമ്മിറ്റിയംഗം ശശി തരൂര്‍, മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍, കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം, രാഷ്ട്രീയകാര്യസമിതിയംഗം എം ലിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനെ പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല ഏല്പിച്ചു.
ഏകോപന ചുമതല
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്ററി നിയോജക മണ്ഡലങ്ങളുടെ ചുമതല താഴെപ്പറയുന്ന കെപിസിസി ഭാരവാഹികള്‍ക്ക് നല്കിയതായി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ അറിയിച്ചു.
തിരുവനന്തപുരം- മരിയാപുരം ശ്രീകുമാര്‍
ആറ്റിങ്ങല്‍- ജി സുബോധന്‍
കൊല്ലം- എംഎം നസീര്‍
മാവേലിക്കര- ജോസി സെബാസ്റ്റിയന്‍
പത്തനംതിട്ട- പഴകുളം മധു
ആലപ്പുഴ-എംജെ ജോബ്
കോട്ടയം- പിഎ സലീം
ഇടുക്കി- എസ് അശോകന്‍
എറണാകുളം- അബ്ദുള്‍ മുത്തലിബ്
ചാലക്കുടി- ദീപ്തി മേരി വര്‍ഗീസ്
തൃശൂര്‍- ടിഎന്‍ പ്രതാപന്‍
ആലത്തൂര്‍- വിടി ബല്‍റാം
പാലക്കാട്- സി ചന്ദ്രന്‍
പൊന്നാനി- ആര്യാടന്‍ ഷൗക്കത്ത്
മലപ്പുറം- ആലിപ്പറ്റ ജമീല
വയനാട്- ടി സിദ്ദിഖ്
കോഴിക്കോട്- പിഎം നിയാസ്
വടകര- വിപി സജീന്ദ്രന്‍
കണ്ണൂര്‍- കെ ജയന്ത്
കാസര്‍കോഡ് - സോണി സെബാസ്റ്റിയന്‍
നിയമസഭാ മണ്ഡലങ്ങളില്‍ കെപിസിസി സെക്രട്ടറിമാരെയും സീനിയര്‍ നേതാക്കളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
രാജ്ഭവന്‍ മാര്‍ച്ച്
പൗരത്വനിയമം അറബിക്കടലില്‍ എന്ന ആഹ്വാനത്തോടെ കെപിസിസി നടത്തിയ രാജ്ഭവന്‍ ധര്‍ണ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം ശശി തരൂര്‍, അടൂര്‍ പ്രകാശ്, സണ്ണി ജോസഫ് എംഎല്‍എ, പാലോട് രവി തുടങ്ങിയവര്‍ പ്രസംഗിച്ചു. കെപിസിസി ഭാരവാഹികള്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.