കേന്ദ്ര ബജറ്റ്  - ധനകാര്യമന്ത്രിയുടെ പ്രതികരണം

 

കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണ്.  തികച്ചും കേരളവിരുദ്ധവുമാണ്.  കേരളത്തിന്റെ ന്യായമായ ഒരാവശ്യം പോലും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.  ഇത് തികച്ചും പ്രതിഷേധാര്‍ഹമായ സമീപനമാണ്.  

രാജ്യത്തിന്റെ ഭാവിയും വികസനവും ജനപുരോഗതിയും ലക്ഷ്യമിടേണ്ട ബജറ്റ് മോദി സര്‍ക്കാരിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി മാത്രമുള്ള രാഷ്ട്രീയ ഗിമ്മിക്കാക്കി മാറ്റുകയായിരുന്നു.

കേന്ദ്ര ബജറ്റില്‍ രാജ്യത്തിന്റെ പൊതുവായതും, സംസ്ഥാനങ്ങളെയാകെ സംരക്ഷിക്കുന്നതുമായ പദ്ധതികളാണ് ഉണ്ടാകേണ്ടത്.  എന്നാല്‍ ഇത്തവണ ബജറ്റില്‍ രാജ്യത്തിന്റെ ബഹു ഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ്.  എന്‍.ഡി.എ സഖ്യത്തിന്റെ ജീവന്‍രക്ഷാ ബജറ്റെന്നുവേണം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിനെ വിളിക്കേണ്ടത്.

കോ-ഓപ്പറേറ്റീവ് ഫെഡറിലസം എന്നോ ഫെഡറലിസം എന്നോ അവകാശപ്പെടാനുള്ള ഒരു വകയുമില്ലാത്തതാണ് ബജറ്റിനകത്തെ സമീപനം.  രാജ്യത്താകെയുള്ള വിഭവങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ വിനിയോഗിക്കുന്നത്.  എന്നാല്‍ ഈ രാജ്യത്തുള്ള സംസ്ഥാനങ്ങളെയൊന്നും പരിഗണിക്കാന്‍ തയ്യാറാകുന്നുമില്ല.  പകരം സ്വന്തം മുന്നണിയുടെ താല്‍പര്യം സംരക്ഷിക്കാനായി ചില സംസ്ഥാനങ്ങളുടെ മാത്രം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ രാജ്യത്തിന്റെയാകെ വിഭവങ്ങളെ ഉപയോഗിക്കുകയാണ്.  ഇത്തരത്തിലൊരു ബജറ്റ് സമീപനം രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.  ഫെഡറലിസത്തെക്കുറിച്ച് പറയാന്‍ കേന്ദ്രസര്‍ക്കാരിന് ഒരര്‍ഹതയും ഇല്ലെന്ന് തെളിയിക്കുന്നതാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ്.

തൊഴിലവസരങ്ങളെക്കുറിച്ചാണ് കേന്ദ്ര ധനമന്ത്രി വാചാലനാവുന്നത്.  എന്നാല്‍ ബജറ്റ് വകയിരുത്തലിന്റെ കണക്കുകള്‍ നോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനെ അപേക്ഷിക്ക് ഇത്തവണ കാര്യമായ വര്‍ദ്ധനവൊന്നും വകയിരുത്തിയിട്ടില്ലെന്നാണ് മനസ്സിലാക്കാനാവുന്നത്.  ദാരിദ്ര്യസൂചികയില്‍ 125 രാജ്യങ്ങളില്‍ 111-ാം സ്ഥാനത്താണ് ഇന്ത്യ എന്നാല്‍ ഭക്ഷ്യസബ്സിഡിയ്ക്കായി 2022-23 ല്‍ 2,70,000 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.  ഈ വര്‍ഷം അത് 2,05,000 കോടിയായി വെട്ടിക്കുറച്ചു.  വളം സബ്സിഡിയ്ക്കായി 2,51,000 കോടി രൂപ 2022-23 ല്‍ നീക്കിവെച്ചിരുന്നു.  ഇപ്പോഴത് 1,64,000 കോടിയായി വെട്ടിച്ചുരുക്കി. ആരോഗ്യമേഖലയിലെ വിവിധ പദ്ധതികള്‍ക്കും വന്‍തോതില്‍ വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ്.  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും വലിയ വെട്ടിക്കുറവുണ്ടായി. പി.എം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ പദ്ധതിയില്‍ 2022-23 ല്‍ 2733 കോടി രൂപ വകയിരുത്തിയിരുന്നുവെങ്കില്‍ ഇപ്പോഴത് 2300 കോടിയായി കുറച്ചു.  ബജറ്റില്‍ പുതിയ തൊഴിലവസരങ്ങളുടെ സൃഷ്ടിയാണ് എടുത്തുപറയുന്നതെങ്കിലും ഇതിനായുള്ള വിവിധ പദ്ധതികളിലെല്ലാം തന്നെ വന്‍തോതില്‍ തുക വെട്ടിക്കുറവ് വരുത്തുകയാണ് ചെയ്തിട്ടുള്ളത്.  എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള വെട്ടിക്കുറവുകള്‍ പ്രകടമാണ്.  പത്ത് ലക്ഷത്തിലധികം ഒഴിവുകളാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസില്‍ നികത്താതെ ഇട്ടിരിക്കുന്നത്.  കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസിലെ ശമ്പളപരിഷ്കരണം ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന നിലപാട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
ജനവിരുദ്ധവും നിരാശാജനകവും രാജ്യത്തിന്റെ പുരോഗതിയ്ക്ക് സഹായകരമല്ലാത്തതുമായ പ്രഖ്യാപനങ്ങളാണ് ബജറ്റിലുടനീളമുള്ളത്.  അത് കേരളത്തെ വലിയ തോതിലാണ് ബാധിക്കുക.  പ്രീ-ബജറ്റ് ചര്‍ച്ചയില്‍ സംസ്ഥാനം 24,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിരുന്നു.  വെറുതെ ഒരു തുക ആവശ്യപ്പെടുകയായിരുന്നില്ല.  ധന ഉത്തരവാദിത്ത നിയമ പ്രകാരം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കാന്‍ അനുവദിക്കാതിരുന്നതുമായ തുകകളാണ് പ്രത്യേക സാമ്പത്തിക പാക്കേജായി കേരളം ആവശ്യപ്പെട്ടത്.  ഒപ്പം ബീഹാറും ആന്ധ്രയും പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ ഈ സംസ്ഥാനങ്ങള്‍ അവരുടെ വികസന ആവശ്യങ്ങളുടെ പേരിലാണ് അധിക സാമ്പത്തിക സഹായം തേടിയത്.  കേരളമാകട്ടെ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വായ്പ എടുക്കുന്നത് നിഷേധിക്കപ്പെട്ടതുമൂലം വന്ന നഷ്ടം നികത്തുന്നതിനുള്ള സഹായമാണ് ആവശ്യപ്പെട്ടത്.  അത് ചെവിക്കൊള്ളാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.  രാജ്യത്തിന് നിര്‍ണ്ണായകമായ വികസന പദ്ധതികളിലൊന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി.  ഇതിന്റെ തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യത്തില്‍ ഒരു രൂപ പോലും നീക്കിവെക്കാന്‍ തയ്യാറായില്ല.  ആവശ്യത്തിന് സ്ഥലമടക്കം നീക്കിവെച്ചുകൊണ്ട് കേരളം കാലാകാലമായി ആവശ്യപ്പെടുന്ന എയിംസ് എന്ന സ്വപ്ന പദ്ധതി ഇത്തവണയും പരിഗണിക്കപ്പെട്ടിട്ടില്ല.

ബി.ജെ.പിയ്ക്ക് ഒരു അക്കൗണ്ട് തുറക്കാന്‍ അവസരം നല്‍കിയാല്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് നേതാക്കള്‍ കേരളത്തില്‍ പ്രചരിപ്പിച്ചത്.  പ്രധാനമന്ത്രി ഏഴ് തവണ ഇവിടെ എത്തി ഇതേ വാഗ്ദാനം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.  എന്നാല്‍ ബി.ജെ.പിയ്ക്ക് ഒരക്കൗണ്ട് തുറന്നപ്പോള്‍ ബജറ്റില്‍ കേരളത്തിന്റെ അക്കൗണ്ട് പൂട്ടപ്പെട്ടു എന്നതാണ് ജനങ്ങള്‍ക്ക് കിട്ടിയ സമ്മാനം.  അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിമാരും യു.ഡി.എഫ് എം.പിമാരും കേന്ദ്രസര്‍ക്കാരിന്റെ സമീപനം തിരുത്താന്‍ ശക്തമായി ഇടപെടാന്‍ തയ്യാറാവണം.  കേരളത്തിന്റെ പൊതു താല്‍പര്യം സംരക്ഷിക്കാന്‍ സംയുക്തമായി മുന്നോട്ടുപോകാന്‍ കഴിയണം.  അത്രയേറെ വിഷമകരമായ ഒരു നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് സ്വീകരിച്ചിട്ടുള്ളത്.  ആദായനികുതി വകുപ്പിന്റെ നികുതി സ്ലാബില്‍ മാറ്റം വരുത്തിയതായാണ് ബജറ്റിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി അവതരിപ്പിക്കുന്നത്.  എന്നാല്‍ സ്ലാബില്‍ വരുത്തിയ ചെറിയ മാറ്റം മൂലം വലിയ നേട്ടമൊന്നും നികുതിദായകര്‍ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് മനസ്സിലാക്കാനാകുന്നത്.  നികുതി സ്ലാബിന്റെ ഏറ്റവും താഴെത്തട്ടിലെ വളരെ കുറച്ച് പേര്‍ക്ക് മാത്രം ബാധകമാകാവുന്ന മാറ്റത്തെയാണ് വലിയ സംഭവമായി കാട്ടാന്‍ ശ്രമിക്കുന്നത്.  എന്നാല്‍ ചരിത്രത്തിലാദ്യമായി ആദായ നികുതി വരുമാനം കോര്‍പ്പറേറ്റ് നികുതി വരുമാനത്തെ കവച്ച് വെയ്ക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ മൂടിവെയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.  രാജ്യ പുരോഗതിയ്ക്ക് ഒട്ടും ആശാസ്യമല്ലാത്ത നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്.  സര്‍ക്കാരിന്റെ മുന്നോട്ടുപോക്ക് വല്ലാത്ത ഒരവസ്ഥയിലാണെന്ന് തോന്നിപ്പിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ്.   അത് മൂലം രാജ്യത്ത് വല്ലാത്ത ഒരവസ്ഥയാണ് സൃഷ്ടിക്കപ്പെടുക.  ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും അസ്വസ്ഥമാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യഘട്ടത്തില്‍ തന്നെ പുറത്തുവരുന്നത്.  

സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതങ്ങള്‍ സംബന്ധിച്ച കേന്ദ്ര ബജറ്റ് രേഖകള്‍ കേരളത്തിനുള്ള വിഹിതങ്ങള്‍ വര്‍ഷം തോറും വലിയ തോതില്‍ കുറയുന്നതായി സംശയരഹിതമായി ബോധ്യപ്പെടുത്തുന്നു.  കേരളത്തിന് മാത്രമാണ് ഇത്തരത്തില്‍ കുറവ് വരുന്നത്.  47,000 കോടി രൂപ കിട്ടേണ്ടിടത്ത് 33,000 കോടി രൂപയായി കുറയുകയും, ഈ വര്‍ഷമത് 11,000 കോടി രൂപയിലേക്ക് കുത്തനെ ഇടിയുകയും ചെയ്തതതായി കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ബജറ്റ് രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.  കേരളത്തിന്റെ ആകെ ചെലവിന്റെ 21 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതങ്ങളില്‍ നിന്ന് ലഭ്യമാകുന്നത്.  അതേസമയം ബീഹാറിന് 71 ശതമാനവും ഉത്തര്‍പ്രദേശിന് 47 ശതമാനവും കേന്ദ്രവഹിതം ലഭിക്കുന്നു.  ഇന്ത്യന്‍ ശരാശരി 48 ശതമാനമാണ്.  എന്നാല്‍ കേരളത്തിന് മാത്രം 21 ശതമാനമേ ലഭിക്കുന്നുള്ളൂ എന്നത് റിസര്‍വ്വ് ബാങ്കും അംഗീകരിച്ചിട്ടുള്ള കാര്യമാണ്.  ഇത്തരത്തിലുള്ള അന്തരങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്ന സമീപനമാണ് ബജറ്റിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.  ഈ നിലപാട് കേന്ദ്രസര്‍ക്കാര്‍ തിരുത്തണം.  സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം ലഭ്യമാക്കണം.