പൂകൃഷിയും പച്ചക്കറി കൃഷിയും യുവജനങ്ങളെ  കൃഷിയോടടുപ്പിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ 

പിരപ്പമൺകാട് ബ്രാൻഡിൽ കുത്തരി വിപണനത്തിന് ഒരുങ്ങുന്നു. 
 
കുത്തരിയുടെ വിപണനോദ്ഘാടനവും മിനി മില്ല് ഉദ്ഘാടനവും മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. 

കാർഷികരംഗത്തെ പുരോഗതിക്ക് വലിയ പിന്തുണയാണ് സർക്കാർ നൽകുന്നതെന്ന്  ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ചിറയിൻകീഴ് പിരപ്പമൺകാട് പാടശേഖരസമിതിയുടെ നേതൃത്വത്തിലുള്ള പിരപ്പമൺകാട് ബ്രാൻഡ് കുത്തരിയുടെ വിപണന ഉദ്ഘാടനവും മിനി മില്ലിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശ്രീഭൂതനാഥൻകാവ് ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ വി.ശശി എം.എൽ.എ അധ്യക്ഷനായിരുന്നു. 

പുതിയ തലമുറയെ കാർഷിക മേഖലയുമായി ബന്ധിപ്പിക്കാൻ തരിശിടങ്ങളിൽ പൂ കൃഷിയും പച്ചക്കറി കൃഷിയും വ്യാപകമാവുകയാണ്. കൃഷിക്കാരുടെ  ഉത്പന്നങ്ങൾ നമ്മുടെ കുടുംബങ്ങളിൽ ലഭ്യമാക്കാൻ കഴിയുന്നുവെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും കാർഷികരംഗത്ത് കുറച്ച് കാലങ്ങൾക്ക് മുൻപുണ്ടായിരുന്ന മുരടിപ്പിൽ നിന്നും കർഷകരെ കൈപിടിച്ചുയർത്തുവാൻ കൃഷി വകുപ്പ് വലിയ പരിശ്രമമാണ് നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. 

രാജ്യത്ത്, നെല്ലിന് ഏറ്റവും അധികം വില നൽകുന്നത് കേരളത്തിലാണ്. കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ല് പൂർണമായും ശേഖരിക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 2,100 കോടി രൂപയുടെ നെല്ലും ഈ വർഷം ഇതുവരെ 1,600ലധികം കോടി രൂപയുടെ നെല്ലുമാണ് ശേഖരിച്ചത്. നെല്ല് സംഭരണത്തിൽ കർഷകർക്ക് കുടിശിക നൽകാനില്ലെന്നും ഈ വർഷത്തെ തുകയായി 25 കോടി രൂപയ്ക്ക് താഴെ മാത്രമാണ് കർഷകർക്ക് നൽകാനുള്ളതെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലുത്പാദിപ്പിക്കുന്ന നെല്ല് കേരളത്തിലെ റേഷൻകടകളിലൂടെ മിതമായ നിരക്കിൽ നാട്ടുകാർക്ക് തന്നെ ലഭ്യമാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഈ ഓണക്കാലം ലക്ഷ്യമിട്ട് കൂടുതൽ ചമ്പാവരി റേഷൻകടകളിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാർഷികരംഗത്ത് പിരപ്പമൺകാട് പാടശേഖര സമിതിയും സൗഹൃദസംഘവും നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. 

പിരപ്പമൺകാട് പാടശേഖര സമിതിയുടെയും സൗഹൃദസംഘത്തിന്റെയും കർഷകദിനാഘോഷം -വയലോണച്ചിന്ത്- മന്ത്രി ഉദ്ഘാടനം ചെയ്തു. 

അരി ഉത്പാദനവുമായി ബന്ധപ്പെട്ട തൊഴിൽസേനയുടെ അംഗത്വകാർഡ്, പാടശേഖരത്തിൽ തുടർച്ചയായി മികവ് തെളിയിച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്‌കാരം, കർഷക തൊഴിലാളികൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കുമുള്ള വയൽശ്രീ നറുക്കെടുപ്പ് സമ്മാനങ്ങൾ, വിദ്യാഭ്യാസ മികവ് തെളിയിച്ച കർഷകരുടെ മക്കൾക്കുള്ള പുരസ്‌കാരങ്ങൾ, കാർഷിക മികവ് തെളിയിച്ച വ്യക്തികൾക്കും സംഘടനകൾക്കുമുള്ള പുരസ്‌കാരങ്ങൾ, എന്നിവയും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.  പാടശേഖരസമിതിയുടെ മുൻകാല ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. 
 
ഒന്നരവർഷം മുൻപാണ് പിരപ്പമൺകോടുള്ള കർഷകരുടെ നേതൃത്വത്തിൽ പിരപ്പമൺകോട് പാടശേഖരസമിതി രൂപീകരിക്കുന്നതും 72 ഏക്കർ സ്ഥലത്ത് കൃഷിയിറക്കുന്നതും. ആദ്യഘട്ടത്തിൽ 56,000 കിലോ നെല്ലും രണ്ടാംഘട്ടത്തിൽ 81,000 കിലോ നെല്ലും വിളവെടുത്തു. രണ്ട് ഘട്ടങ്ങളിലായി 39,000 കിലോ അരിയാണ് സിവിൽ സപ്ലൈസ് വകുപ്പിന് നൽകിയത്. മൂന്നാംഘട്ടത്തിലെ വിളവെടുപ്പ് സെപ്തംബർ അവസാനത്തോടെ നടക്കും. 

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി, ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലൻ നായർ, മുദാക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, പാടശേഖരസമിതി പ്രസിഡന്റ് സാബു വി.ആർ, സൗഹൃദസംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ , പാടശേഖരസമിതി-സൗഹൃദസംഘം അംഗങ്ങൾ, കർഷകർ, നാട്ടുകാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.