യൂജിന്‍ പെരേരയ്‌ക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണം; കോണ്‍ഗ്രസിന് മൃദുഹിന്ദുത്വമെന്ന പ്രചരണം സി.പി.എമ്മിന്റെ ബി.ജെ.പി ബാന്ധവം മറച്ചുവയ്ക്കാന്‍

തീരദേശ ജനങ്ങളെ സര്‍ക്കാര്‍ ശത്രുക്കളെ പോലെ കാണുന്നു
 

മുതലപ്പൊഴിയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് തീരപ്രദേശത്തുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ ലത്തീന്‍ അതിരൂപത വികാര ജനറല്‍ യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്തത് തീരദേശ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. മന്ത്രിമാരാണ് അവിടെ പ്രകേപനമുണ്ടാക്കിയത്. മുതലപ്പൊഴി മരണപ്പൊഴിയാണെന്നും ജനങ്ങളെ രക്ഷപ്പെടുത്തണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടതാണ്. അടിയന്തിര പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രിയും മറുപടി നല്‍കി. എന്നാല്‍ ഇതുവരെ ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. മുതലപ്പൊഴിയില്‍ ഇന്നലെ ഒരാള്‍ മരിച്ചതും മൂന്നു പേരെ കാണാതായതും തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങളുടെ ഭാഗമാണ്. അറുപതിലധികം പേരാണ് അവിടെ കൊലചെയ്യപ്പെട്ടത്. ഇതിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണ്. പലരുടെയും മൃതദേഹം പോലും കിട്ടാത്ത അവസ്ഥയാണ്. 


തീരദേശത്തുള്ളവര്‍ വൈകാരികമായി പ്രതികരിക്കുന്നവരാണ്. മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും എതിരെ വൈകാരികമായി ഇതിന് മുന്‍പും അവര്‍ പ്രതികരിച്ചിട്ടുണ്ട്. മന്ത്രിമാര്‍ പ്രകോപനമുണ്ടാക്കിയിട്ടും കലാപാഹ്വാനത്തിന് വികാരി ജനറലിനെതിരെ കേസെടുത്തിരിക്കുകയാണ്. 140 ദിവസം നടത്തിയ വിഴിഞ്ഞം സമരം പരാജയപ്പെട്ടതിന്റെ വിരോധം തീര്‍ക്കാനാണ് വികാരി ജനറല്‍ ഇങ്ങനെ പ്രതികരിച്ചതെന്നാണ് മന്ത്രിമാരുടെ ഭാഷ്യം. തീരപ്രദേശത്തെ പാവങ്ങളായ ജനങ്ങള്‍ക്കും സിമെന്റ് ഗോഡൗണില്‍ വര്‍ഷങ്ങളായി കഴിയുന്ന കുടുംബങ്ങള്‍ക്കും വേണ്ടിയാണ് അവര്‍ സമരം നടത്തിയത്.  ആ സമരത്തെ തള്ളിപ്പറഞ്ഞത് തീരദേശ ജനതയെ അപമാനിക്കുന്നതിന് തുല്യമാണ്. തീരപ്രദേശത്തെ ജനങ്ങളെ ശത്രുക്കളെ പോലെ കാണുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. വിഴിഞ്ഞം സമരകാലത്ത് ആര്‍ച്ച് ബിഷപ്പിനെതിരെയും കേസെടുത്തു. ആ കേസ് ഇതുവരെ പിന്‍വലിച്ചിട്ടില്ല. തീരദേശ ജനതയെ വെല്ലുവിളിച്ച് കൊണ്ടും അവരുടെ ന്യായമായ അവകാശങ്ങള്‍ക്കു നേരെ കണ്ണടച്ചും മുതലപ്പൊഴിയെ സര്‍ക്കാര്‍ മരണപ്പൊഴിയാക്കുകയാണ്. ആ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല. വികാരി ജനറലിനെതിരായ കേസ് അടിയന്തിരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. 

വിഴിഞ്ഞം സമര കാലത്ത് ദേശാഭിമാനിയില്‍ യൂജില്‍ പെരേര ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ നല്‍കി അവര്‍ തീവ്രവാദികളാണെന്ന് ധ്വനിപ്പിക്കുന്ന രീതിയിലുള്ള വാര്‍ത്ത നല്‍കി. ന്യായമായ ആവശ്യങ്ങള്‍ക്ക് സമരം നടത്തുന്നവരെ നക്‌സലൈറ്റുകളും തീവ്രവാദികളെന്നും പറഞ്ഞ് സര്‍ക്കാര്‍ അധിക്ഷേപിക്കുന്നത് ശരിയല്ല. ഉറ്റവരെ നഷ്ടപ്പെട്ടവരെ സാന്ത്വനിപ്പിക്കേണ്ട മന്ത്രിമാര്‍ പ്രകോപനപരമായാണ് സംസാരിച്ചത്. എന്നിട്ടാണ് വികാരി ജനറലിനെതിരെ കള്ളക്കേസെടുത്തത്. സര്‍ക്കാര്‍ എല്ലാവര്‍ക്കുമെതിരെ കള്ളക്കേസുകളെടുക്കുകയാണ്. കേസെടുത്ത് എല്ലാവരെയും ഭയപ്പെടുത്തുകയാണ്. കള്ളക്കേസെടുത്താല്‍ ആരാണ് ഭയപ്പെട്ട് പിന്നോട്ട് പോകുന്നത്? പൊലീസിനെ ഇത്രത്തോളം ദുരുപയോഗം ചെയ്‌തൊരു സര്‍ക്കാര്‍ കേരള ചരിത്രത്തിലുണ്ടായിട്ടില്ല. 


പ്രതിഷേധക്കാരില്‍ എല്ലാ പാര്‍ട്ടിയില്‍പ്പെട്ടവരുമുണ്ടായിരുന്നു. തീരദേശത്തുള്ളവര്‍ രാഷ്ട്രീയമായി പ്രതികരിക്കുന്നവരല്ല. ഇതിന് മുന്‍പ് മൃതദേഹവുമായി അവര്‍ റോഡ് ഉപരോധിച്ചിട്ടുണ്ട്. ഏത് ജനപ്രതിനിധി പോയാലും അവര്‍ വൈകാരികമായി പ്രതികരിക്കും. അത് അവരുടെ ആവലാതി പറയുന്നതിന്റെ രീതിയാണ്. അത് മനസിലാക്കാന്‍ തിരുവനന്തപുരത്ത് ജീവിക്കുന്ന രണ്ട് മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ കഷ്ടമെന്നെ പറയാനുള്ളൂ. 

പി.വി അന്‍വര്‍ ആരാണെന്ന് ചോദിച്ചത് യു.ഡി.എഫ് യോഗത്തിന് ശേഷമാണ്. മുഖ്യാധാരാ മാധ്യമങ്ങള്‍ക്ക് നേരെ അദ്ദേഹം ആക്രോശിക്കുകയാണ്. അദ്ദേഹം സി.പി.എമ്മിന്റെ ഒരു എം.എല്‍.എയാണ്. ഓരോ ദിവസവും ഓരോരുത്തര്‍ക്ക് ചെസ്റ്റ് നമ്പര്‍ ഇടുന്നത് സി.പി.എമ്മിന്റെ അറിവോടെയാണോയെന്നും അതുകൊണ്ടാണ് അന്‍വര്‍ ആരാണെന്ന് ചോദിച്ചത്. മാധ്യമ പ്രവര്‍ത്തകരോട് വേണമെങ്കില്‍ ഗുണ്ടായിസം കാട്ടുമെന്ന തരത്തിലുള്ള വെല്ലുവിളിയാണ് ഒരു എം.എല്‍.എ നടത്തുന്നത്. അത് ചോദ്യം ചെയ്യണ്ടേ? മറുനാടനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത് പറഞ്ഞതെന്ന തരത്തില്‍ ഇപ്പോള്‍ സി.പി.എം പ്രചരിപ്പിക്കുന്നുണ്ട്. മറുനാടന്‍ കേസില്‍ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഒരു എം.എല്‍.എയാണ് കേസ് കൊടുത്തത്. ആ കേസ് നടക്കട്ടേ. ഞങ്ങള്‍ മറുനാടനെ സംരക്ഷിന്‍ ഇറങ്ങിയിട്ടില്ല. മറുനാടനെ കുറിച്ച് ഞങ്ങള്‍ക്കാണ് ഏറ്റവുമധികം പരാതിയുള്ളത്. രാഹുല്‍ ഗാന്ധിക്കും ഖാര്‍ഗെയ്ക്കും ടി.എന്‍ പ്രതാപനും എനിക്കും എതിരെ എത്രയോ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. വിമര്‍ശനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്ത് ഫോണുകള്‍ പിടിച്ചെടുക്കുന്നതിനെതിരെയാണ് ഞങ്ങള്‍ പറഞ്ഞത്. അല്ലാതെ മറുനാടനെ സംരക്ഷിക്കല്‍ ഞങ്ങളുടെ ജോലിയല്ല. 

ദുബായിലെ ഹോട്ടലില്‍ നിക്ഷേപമുണ്ടെന്ന് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നു. അങ്ങനെയൊരു നിക്ഷേപമുണ്ടെങ്കില്‍ ദേശാഭിമാനിക്ക് നല്‍കാമെന്നു പറഞ്ഞു. ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ നിക്ഷേപമുണ്ടെങ്കില്‍ അതും സി.പി.എമ്മിന് കൈമാറാം. സൈബര്‍ ആക്രമണം നടത്തി ആളുകളെ ആക്ഷേപിക്കുകയാണ്. അത് മറുനാടന്‍ ചെയ്താല്‍ മാത്രമല്ല തെറ്റ്. ആര് ചെയ്തലും അത് തെറ്റാണ്. വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. കേരളത്തില്‍ ഏതെങ്കിലും എം.എല്‍.എമാര്‍ ഇങ്ങനെ ചെയ്തിട്ടുണ്ടോ? യു.ഡി.എഫ് യോഗം കേരളത്തിലെ മാധ്യമ വേട്ടയെ കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്തു. യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത കാര്യമാണ് ഇന്നലെ പറഞ്ഞത്. ഒരു എം.എല്‍.എ പ്രഖ്യാപിക്കുന്നതിന് പിന്നാലെ പൊലീസ് പോകുന്നത് ശരിയല്ല. എന്റെ ചെസ്റ്റ് നമ്പര്‍ മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോള്‍ വീണ്ടും എം.എല്‍.എ പ്രഖ്യാപിക്കുന്നതില്‍ കാര്യമില്ല. 

ഏക സിവില്‍ കോഡില്‍ എം.വി രാഘവന്റെ അഭിപ്രായം തന്നെയാണോ ഇപ്പോള്‍ സി.പി.എമ്മിനെന്നാണ് യു.ഡി.എഫ് ചോദിച്ചത്. 1987-ലെ തെരഞ്ഞെടുപ്പില്‍ ശരി അത്തിന് എതിരെയും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം പ്രചരണം നടത്തുകയും ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ആര്‍.എസ്.എസിനെ കൂടി സന്തോഷിപ്പിക്കാനാണ് അന്ന് ഈ പ്രചരണം നടത്തിയത്. എന്നിട്ടാണ് ഇപ്പോള്‍ മലക്കം മറിയുന്നത്. ഇ.എം.എസും നായനാരും പാര്‍ട്ടിയും ചെയ്തത് തെറ്റായിരുന്നെന്നെങ്കിലും പറയാന്‍ സി.പി.എം ഇപ്പോള്‍ തയാറാകണം. കുളം കലക്കി വല്ലതും കിട്ടുമോയെന്ന പരുന്തിന്റെ മനസോടെയാണ് സി.പി.എം ഇപ്പോള്‍ ഏക സിവില്‍ കോഡിനെ സമീപിച്ചിരിക്കുന്നത്. എന്നിട്ടാണ് കോണ്‍ഗ്രസിന് വ്യക്തതയില്ലെന്ന് പ്രചരിപ്പിക്കുന്നത്. 

മണിപ്പൂര്‍ കലാപം ഏക സിവില്‍ കോഡ് വിഷയങ്ങളില്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ചാണ് യു.ഡി.എഫ് പ്രതിഷേധിക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗം ആക്രമിക്കപ്പെട്ടാല്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ടെന്ന പ്രഖ്യാപനമാണ് ഇന്നലെ യു.ഡി.എഫ് നടത്തിയത്. ഇത് ചരിത്രത്തില്‍ എഴുതി വയ്ക്കാവുന്ന പ്രഖ്യാപനമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന തീരുമാനം സി.പി.എം എവിടെയാണ് തിരുത്തിയത്. ഇപ്പോള്‍ എം.വി രാഘവന്റെ ബദല്‍ രേഖയിലാണ് സി.പി.എം നില്‍ക്കുന്നത്. എന്തൊരു പാര്‍ട്ടിയാണിത്? 


കോണ്‍ഗ്രസിന് മൃദുഹിന്ദുത്വമാണെന്നത് സി.പി.എം നരേറ്റീവാണ്. കര്‍ണാടകത്തില്‍ ബി.ജെ.പിയുടെ ഫാസിസത്തിനും വര്‍ഗീയതയ്ക്കും എതിരെ പോരാടിയാണ് കോണ്‍ഗ്രസ് ഉജ്വല വിജയം നേടിയത്. അവിടെ 84 ശതമാനമാണ് ഹിന്ദു സമൂഹത്തിന്റെ ജനസംഖ്യ. വര്‍ഗീയതയ്‌ക്കെതിരെയാണ് അവിടെ പോരാടിയത്. അധികാരത്തില്‍ എത്തിയാല്‍ മത പരിവര്‍ത്തനത്തിന് എതിരായ നിയമം അറബിക്കടലില്‍ എറിയുമെന്നാണ് പ്രഖ്യാപിച്ചത്. അല്ലാതെ ഹിന്ദുക്കളെ സന്തോഷിപ്പിക്കാന്‍ ആ നിയമം തുടരുമെന്നല്ല പറഞ്ഞത്. എവിടെയായിരുന്നു മൃദു ഹിന്ദുത്വം. മൃദു ഹിന്ദുത്വം കേരളത്തിലെ സി.പി.എമ്മിനാണ്. അവര്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സംഘപരിവാറുമായി അഡ്ജസ്റ്റ് ചെയ്യുകയാണ്. സുരേന്ദ്രന് എതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണ്? കോണ്‍ഗ്രസ് അല്ലാതെ ആരാണ് ബി.ജെ.പിയെ നേരിടുന്നത്? എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. ബി.ജെ.പിയുമായുള്ള ബന്ധവം മറച്ചുവയ്ക്കാനാണ് കോണ്‍ഗ്രസിന് മൃദുഹിന്ദുത്വമാണെന്ന് സി.പി.എം നേതാക്കള്‍ പറയുന്നത്.