മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് അനുമതി നൽകി ഗവർണർ
അര്‍ജന്റീന ടീമിനെയും ലയണല്‍ മെസിയെയും കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ തട്ടിപ്പു നടത്തിയെന്ന വിവാദത്തില്‍ മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ അനുമതി നല്കി ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍. അബ്ദുറഹിമാനെ പ്രതിചേർക്കാനുള്ള അനുമതി തേടിയ ഫയൽ ആഴ്ചകളായി ലോക്ഭവനിൽ തീരുമാനമാകാതെ കിടക്കുകയായിരുന്നു. മുൻ ഗവർണർ പോകുന്ന സമയമായതിനാൽ ഫയലിൽ തീരുമാനം ആവാതെ നീളുകയായിരുന്നു, അന്വേഷണനടപടികൾ വൈകുന്നതിനെതിരെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് ഗവർണറുടെ തീരുമാനം.എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശന് കൈമാറിയ കത്തു പരിഗണിച്ചാണ് ഗവര്‍ണറുടെ നടപടി. സ്പോണ്‍സര്‍ഷിപ് തട്ടിപ്പില്‍ എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഡിജിപിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറിയിരുന്നു. മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന് അടക്കം 5 പേര്‍ക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.
മുന്‍ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ അഴിമതി അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പിനു നേരിട്ട് ഉത്തരവിടാനാകുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍നിന്നു സര്‍ക്കാരിനു നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ മന്ത്രിയായിരിക്കെ നടത്തിയ ക്രമക്കേടുകളിലെ അന്വേഷണമായതിനാല്‍ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടണമെന്ന് നിയമവകുപ്പില്‍നിന്നു മറ്റൊരു അഭിപ്രായമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്.
അര്‍ജന്റീന ഇടപാടില്‍ സ്പോണ്‍സറായ സ്വകാര്യസ്ഥാപനത്തിനു സാമ്പത്തികലാഭം നേടിക്കൊടുക്കാന്‍ അബ്ദുറഹിമാന് ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത് വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് എസ്ഐടിയുടെ പ്രധാന കണ്ടെത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ വി.അബ്ദുറഹിമാന്, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലന്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു.ഷറഫലി, സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആര്‍ബിസി), അതിന്റെ ഉടമ ആന്റോ അഗസ്റ്റിന് എന്നിവര്‍ക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് എസ്ഐടി ശുപാര്‍ശ. അര്‍ജന്റീന ഇടപാടിന്റെ മറവിലെ വഴിവിട്ടനീക്കങ്ങളിലൂടെ സര്‍ക്കാരിനു കോടികളുടെ സാമ്പത്തികനഷ്ടമുണ്ടായെന്നും സര്‍ക്കാര്‍ രേഖകള്‍ ദുരുപയോഗം ചെയ്തെന്നും അന്വേഷണത്തില്‍ കണ്ടെത്തി.