സുഗന്ധഗിരിയിൽ ആദ്യഘട്ടത്തിൽ തന്നെ തേൻ മിഷൻ നടപ്പാക്കും: ടി. സിദ്ദിഖ്
ഗോത്രമേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തേൻ മിഷൻ സുഗന്ധഗിരിയിൽ ആദ്യഘട്ടത്തിൽ തന്നെ നടപ്പാക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് ഉറപ്പുനൽകി. സുഗന്ധഗിരിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ വയനാട് എം.പി. പ്രിയങ്ക ഗാന്ധി നടത്തിയ സന്ദർശനത്തിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രിയങ്ക മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ച മന്ത്രിയുടെ പ്രഖ്യാപനത്തെ നാട്ടുകാർ കൈയടികളോടെയാണ് സ്വീകരിച്ചത്.
തേൻ ശേഖരണം, സംസ്കരണം എന്നിവയിൽ പരിശീലനം നൽകുന്നതിനും ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും സഹായിക്കുന്ന പദ്ധതിയാണ് തേൻ മിഷൻ.
കൈവശരേഖയുള്ള ഭൂമിക്ക് പട്ടയം അനുവദിക്കുക, വികസന പദ്ധതികൾക്ക് വനംവകുപ്പിന്റെ എൻ.ഒ.സി. ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രദേശവാസികൾ ഉന്നയിച്ചു. പൊതുവശ്യങ്ങൾക്കായി മാറ്റിവച്ചിട്ടുള്ളതും നിലവിൽ ഉപയോഗിക്കാത്തതുമായ ഭൂമിയിൽ പുതിയ വികസന പദ്ധതികൾ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ സുഗന്ധഗിരി അമ്പ ജി.എൽ.പി. സ്കൂളിലെത്തിയ പ്രിയങ്ക ഗാന്ധിയെ ആദിവാസി നൃത്തത്തിന്റെ അകമ്പടിയോടെയാണ് വനിതകൾ സ്വീകരിച്ചത്.