ഇന്ത്യ സ്‌പോർട്‌സ് അവാർഡ് തിരുവനന്തപുരം എൽഎൻസിപിഇക്ക്

 

ശനിയാഴ്ച നടന്ന എഫ്ഐസിസിഐ ടർഫ് 2024: 14ാം ഗ്ലോബൽ സ്പോർട്സ് സമിറ്റിൽ  സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം കാര്യവട്ടം ലക്ഷ്മി ബായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ (LNCPE) സ്വന്തമാക്കി. ന്യൂഡൽഹിയിലെ ഫെഡറേഷൻ ഹൗസിൽ നടന്ന ചടങ്ങിലാണ് ഈ വിശിഷ്ട ബഹുമതി എൽഎൻസിപിഇയെ തേടിയെത്തിയത്. കായിക വിദ്യാഭ്യാസവും ഗവേഷണവും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ അവരുടെ നിരന്തരം ചെയ്യുന്ന പരിശ്രമത്തിന്റെ ഫലമായാണ് ഈ അംഗീകാരം.

പ്രിന്‍സിപ്പലും LNCPE-യുടെ റീജിയണൽ ഡയറക്ടറുമായ ഡോ. ജി. കിഷോർ ഈ നേട്ടത്തിന് പിന്നിൽ നിറസാന്നിധ്യമാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, നേതൃത്വപാടവം, ശാസ്ത്രീയ സമീപനം എന്നിവയാണ് സ്ഥാപനത്തെ ദേശീയവും അന്തർദേശീയവുമായ അംഗീകാരത്തിലേക്ക് നയിച്ചത്. ഇന്ത്യയിലെ കായിക വിദ്യാഭ്യാസം, കായിക പരിശീലനം, ഗവേഷണം എന്നീ മേഖലകളിൽ നമുക്ക് നൽകിയ അംഗീകാരമാണ് ഈ അവാർഡ്. എഫ്ഐസിസിഐയോടും, ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ഈ നേട്ടം, ഭാരതത്തിന്റെ കായിക ഭാവിയെ ഉയർത്താനുള്ള ഞങ്ങളുടെ പ്രതിജ്ഞാചൈതന്യത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കും എന്ന് ഡോ. കിഷോർ പറഞ്ഞു.

സായ് നാഷണൽ സെന്റർ ഓഫ് എക്സലൻസ് (NCOE), ആകർഷകമായ പരിശീലന പദ്ധതികൾ വഴി ദേശീയ-ആന്തർദേശീയ തലങ്ങളിൽ മികച്ച താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ചു. നിലവിൽ ആത്ലറ്റിക്സ് , ബാഡ്മിന്റൺ, ബോക്സിംഗ്, ഹോക്കി, ജൂഡോ, റസ്ലിംഗ് എന്നീ വിഭാഗങ്ങളിൽ കായിക താരങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട്.

കോവിഡ്-19 മഹാമാരിക്കാലത്ത് എൽഎൻസിപിഇ ആരംഭിച്ച ഓൺലൈൻ പരിശീലന പരിപാടി 75,000-ത്തിലധികം ഫിസിക്കൽ എജുക്കേഷൻ അധ്യാപകരെയും കമ്മ്യൂണിറ്റി കോച്ച്മാരെയും ലഭ്യമായ ഉപകരണങ്ങൾക്കൊണ്ട്  പരിശീലിക്കാൻ പ്രാപ്തരാക്കി ഈ പദ്ധതി ആ​ഗോള തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തു. കൂടാതെ, ഇന്റർനാഷണൽ സൊസൈറ്റി ഫോർ കമ്പാററ്റീവ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്‌പോർട് (ISCPES), ഇന്റർനാഷണൽ കൗൺസിൽ ഓഫ് സ്‌പോർട് സയൻസ് ആൻഡ് ഫിസിക്കൽ എജുക്കേഷൻ (ICSSPE) എന്നിവയുമായി സഹകരിച്ച് എൽഎൻസിപിഇ ആഗോള സഹകരണം പുലർത്തിവരുന്നു. ഇവരുടെ നേതൃത്വത്തിൽ വിവിധ അന്താരാഷ്ട്ര ഗവേഷണ പദ്ധതികളും നൂതന അറിവ് പകർച്ചയും കായിക വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു