തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കമ്മറ്റി 
ഉറപ്പാക്കണം: അഡ്വ. ഇന്ദിരാ രവീന്ദ്രന്‍

 

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. ചങ്ങനാശേരി ഇ.എം.എസ് ഹാളില്‍ നടത്തിയ കോട്ടയം ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. 


    സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഏറി വരുന്ന പശ്ചാത്തലത്തില്‍ പോഷ് ആക്ടുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികള്‍ കമ്മിഷന്‍ സംഘടിപ്പിച്ചു വരുകയാണ്.  


    വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ മക്കള്‍ക്ക് വിമുഖത കൂടി വരുകയാണ്. വയോധികരുടെ പരാതികള്‍ കേള്‍ക്കുന്നതിന് വേണ്ടിയുള്ള ട്രിബ്യൂണലുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. ഇതിനു പുറമേ വഴി തര്‍ക്കം, കുടുംബ പ്രശ്‌നങ്ങള്‍, തുടങ്ങിയ കേസുകളും അദാലത്തില്‍ പരിഗണനയ്ക്കു വന്നു. 


    സിറ്റിംഗില്‍ ആകെ 55 പരാതികള്‍ പരിഗണിച്ചു. ഒന്‍പതു പരാതികള്‍ പരിഹരിച്ചു. രണ്ട് പരാതികളില്‍ പോലീസില്‍ നിന്നും ഒരു പരാതിയില്‍ ആര്‍ഡിഒയില്‍ നിന്നും റിപ്പോര്‍ട്ട് തേടി. ഒരു പരാതി ജാഗ്രത സമിതിയ്ക്ക് കൈമാറി. 42 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. അഡ്വ. ഷൈനി ഗോപി, അഡ്വ. സി.കെ. സുരേന്ദ്രന്‍, അഡ്വ. സി.എ. ജോസ് തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.