ബോംബ് ഉണ്ടാക്കിയതും അത് പൊട്ടിത്തെറിച്ച് മരിച്ചതും സി.പി.എമ്മുകാരന്‍; ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു: പ്രതിപക്ഷ നേതാവ്

ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കാന്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട പിണറായി വിജയനാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിലപിക്കുന്നത്; പൗരത്വ നിയമത്തില്‍ മുഖ്യമന്ത്രിയുടേത് കാപട്യമാണെന്ന് ജനങ്ങള്‍ക്ക് അറിയാം; ഒരു സീറ്റില്‍ പോലും എല്‍.ഡി.എഫ് വിജയിക്കില്ല
 

പാനൂരില്‍ ബോംബ് ഉണ്ടാക്കിയതും അത് പൊട്ടിത്തെറിച്ച് മരിച്ചതും സി.പി.എമ്മുകാരന്‍. പരിക്കേറ്റതും ആശുപത്രിയില്‍ കൊണ്ടു പോയതും സി.പി.എമ്മുകാര്‍. മരിച്ചവരുടെ ശവസംസ്‌ക്കാരത്തിന് പോയതും സി.പി.എമ്മുകാര്‍. പിന്നെ എങ്ങനെയാണ് സി.പി.എമ്മിന് ബോംബ് ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകുന്നത്? തിരഞ്ഞെടുപ്പായതു കൊണ്ടാണ് ബന്ധമില്ലെന്നു പറയുന്നത്. 2015-ല്‍ ഇപ്പോള്‍ സ്‌ഫോടനമുണ്ടായതിന്റെ അഞ്ച് കിലോമീറ്റര്‍ അപ്പുറത്തെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ പൊയിലൂരിലും ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. സി.പി.എമ്മിന് ഒരു ബന്ധവും ഇല്ലെന്നാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. മൂന്ന് കൊല്ലം കഴിഞ്ഞ് തൃശൂരില്‍ സി.പി.എം സംസ്ഥാന സമ്മേളനം നടന്നപ്പോള്‍ 577 രക്തസാക്ഷിക്കൊപ്പം ബോംബ് പൊട്ടിത്തെറിച്ച് 2015-ല്‍ മരിച്ച രണ്ടു പേരുടെ ചിത്രവും ഉണ്ടായിരുന്നു. ആര്‍.എസ്.എസ് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടവരെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാലിപ്പോള്‍ ആര്‍.എസ്.എസുമായി ഒരു പ്രത്യാക്രമണവുമില്ല. മാസ്‌ക്കറ്റ് ഹോട്ടലില്‍ ശ്രീ. എമ്മിന്റെ മധ്യസ്ഥതയില്‍ മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആര്‍.എസ്.എസും സി.പി.എമ്മും തമ്മിലുള്ള സംഘര്‍ഷമൊക്കെ അവസാനിച്ചു. യു.ഡി.എഫുകാരെ കൊല്ലാന്‍ വേണ്ടി ഉണ്ടാക്കിയ ബോംബാണോ എന്ന് മാത്രമെ അറിയാനുള്ളൂ. ആഭ്യന്തര വകുപ്പിന്റെ ചുമതലയില്‍ ഇരുന്നു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുപോലുള്ള വൃത്തികേടുകളെയും അക്രമവാസനകളെയും തോന്യാസങ്ങളെയും പ്രോത്സാഹിപ്പിക്കുകയും തണലുണ്ടാക്കിക്കൊടുക്കുകയുമാണ്. നാട്ടിലെ ക്രിമിനലുകളെ മുഴുവന്‍ പ്രോത്സാഹിപ്പിക്കുന്ന ആളാണ് മുഖ്യമന്ത്രി. എന്നിട്ടാണ് തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് പറയുന്നത്. ഒരു സീറ്റില്‍ പോലും എല്‍.ഡി.എഫ് വിജയിക്കില്ല. അതുകൊണ്ടാണ് ഏതെങ്കിലും സീറ്റില്‍ ജയിക്കാന്‍ ബി.ജെ.പി- സി.പി.എം ധാരണയുണ്ടാക്കുന്നത്. 

ഇ.ഡിയെ കൊണ്ടു വന്നത് പ്രതിപക്ഷ നേതാവാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. താന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടാണ് സ്വര്‍ണക്കള്ളക്കടത്ത് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ എത്തിയതെന്ന് ഗമ പറഞ്ഞിരുന്ന ആളാണല്ലോ മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ ഭയമാണ് ഭരിക്കുന്നത്. പേടിച്ചാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത്. ഇതുപോലെ ഭയന്ന് ഈ കസേരയില്‍ ഇന്നു വരെ ഒരാളും ഇരുന്നിട്ടില്ല. ഇല്ലാത്ത കള്ളപ്പരാതി ഒരു സ്ത്രീയില്‍ നിന്നും എഴുതി വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട മാന്യനാണ് മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് പ്രതിപക്ഷത്തെ കുറ്റം പറയുന്നത്. അന്ന് സി.ബി.ഐ കേന്ദ്ര ഏജന്‍സിയായിരുന്നില്ലേ? ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കാന്‍ സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിച്ച പിണറായി വിജയനാണ് പ്രതിപക്ഷം എനിക്കെതിരെ കേന്ദ്ര ഏജന്‍സിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് വിലപിക്കുന്നത്. കിഫ്ബിക്ക് എതിരായ പ്രതിപക്ഷ നിലപാട് ശരിയായിരുന്നെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ. പ്രതിപക്ഷം ഉയര്‍ത്തിയ വാദങ്ങള്‍ ശരിയാണെന്നാണ് സുപ്രീം കോടതി വിധി. മുഖ്യമന്ത്രി സുപ്രീം കോടതി വിധി വായിക്കണം. 57600 കോടി കേന്ദ്രം തരാനുണ്ടെന്ന് പറഞ്ഞതും കള്ളക്കണക്കാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് 57600 കോടിയുടെ കഥ പറയാതിരുന്നത്? കടം എടുക്കാന്‍ അനുമതി നല്‍കണമെന്ന് മാത്രമെ ആവശ്യപ്പെട്ടുള്ളൂ. നവകേരളസദസിന്റെ പ്രചരണത്തിന് വേണ്ടി കേരള സര്‍ക്കാരിനെതിരായ ജനരോഷം മറച്ചുവയ്ക്കാന്‍ ഉണ്ടാക്കിയ കെട്ടുകഥ മാത്രമായിരുന്നു 57600 കോടി രൂപയുടെ കണക്ക്. ആ കെട്ടുകഥ പ്രതിപക്ഷം നിയമസഭയില്‍ പൊളിച്ചടുക്കി. കാപട്യമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. അഴിമതിയും കെടുകാര്യസ്ഥതയും ധനകാര്യ മിസ്മാനേജ്‌മെന്റ് കൊണ്ടും ഇവര്‍ കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കി. ഈ സംസ്ഥാനത്തെ പിണറായി സര്‍ക്കാര്‍ ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. 

പൗരത്വ നിയമം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രകടന പത്രികയുടെ പേജ് എട്ടില്‍ പറയുന്നുണ്ട്. ഭാഷാ ന്യൂനപക്ഷങ്ങളുടെയും മത ന്യൂനപക്ഷങ്ങള്‍ക്കുമുള്ള സംരക്ഷണത്തെ കുറിച്ച് പ്രകടനപത്രികയിലുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഭണഘടനാ വ്യവസ്ഥ ലംഘിച്ച് ഉണ്ടാക്കിയ നിയമങ്ങളെല്ലാം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ റദ്ദാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പൗരത്വം നിയമം റദ്ദാക്കുമെന്ന് അസമില്‍ രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാനമ്യൂല്യങ്ങളെ റദ്ദാക്കുന്ന നിയമങ്ങളൊക്കെ റദ്ദാക്കും. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പൗരത്വ നിയമവും റദ്ദാക്കും. പൗരത്വ നിയമം മാത്രമെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അജണ്ടയില്‍ ഉണ്ടാകാന്‍ പാടുള്ളൂ എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രിയുടേത്. സര്‍ക്കാരിന് എതിരായ ജനരോഷവും അമര്‍ഷവും ഒന്നും ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് പൗരത്വ നിയമത്തെ കുറിച്ച് മാത്രം പറയുന്നത്. ഇത്രയും സ്‌നേഹമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സി.എ.എ പ്രക്ഷോഭങ്ങള്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കാത്തത്? ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് പിണറായി വിജയന്‍ സി.എ.എ കേസുകള്‍ പിന്‍വലിക്കാത്തത്.     മുഖ്യമന്ത്രിക്ക് ഒരു ആത്മാര്‍ത്ഥതയുമില്ല. കാപട്യമാണെന്ന് ജനങ്ങള്‍ക്ക് അറിയാം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ അമര്‍ഷമാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. 

കേരള സ്റ്റോറി കേരളത്തെ അപമാനിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയ കഥയാണ്. കേരളത്തില്‍ ഇല്ലാത്ത കാര്യം ഉണ്ടെന്ന് വരുത്താനുള്ള ശ്രമത്തോട് കോണ്‍ഗ്രസിനും യു.ഡി.എഫിനും യോജിപ്പില്ല. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ യു.ഡി.എഫ് ഒരു പോലെ എതിര്‍ക്കും. കേരള രാഷ്ട്രീയത്തില്‍ ഇത്രയും ധീരമായ നിലപാട് ഒരു രാഷ്ട്രീയ പാര്‍ട്ടികളും അര നൂറ്റാണ്ടിനിടെ സ്വീകരിച്ചിട്ടില്ല. സി.പി.എം ആയിരുന്നു ഇത്തരമൊരു നിലപാട് എടുത്തിരുന്നതെങ്കില്‍ മാധ്യമങ്ങള്‍ ആഘോഷിച്ചേനെ.  

ശശി തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിമാനമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ശശി തരൂരിനെ കൂകി വിളിച്ചത് സി.പി.എമ്മുകാരാണ്. ഒന്നുകില്‍ ബോംബ് ഉണ്ടാക്കും. അതുപറ്റിയില്ലെങ്കില്‍ കൂകും. ബി.ജെ.പിയുടേത് ഏറ്റവും ബെസ്റ്റ് സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞത് ആരാണ്? തിരുവനന്തപുരത്ത് എല്‍.ഡി.എഫിന് സ്ഥാനാര്‍ത്ഥിയുണ്ടോ? എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞത് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി മിടുമിടുക്കനാണെന്നാണ് പറഞ്ഞത്. പിണറായി അറിയാതെ ഇ.പി ജയരാജന്‍ അങ്ങനെ പറയുമോ. നാല് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മിടുക്കന്‍മാരാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞതില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചോ?