ജീവാനന്ദം' ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യം; 'നിര്‍ബന്ധ നിക്ഷേപ പദ്ധതി' അനുവദിക്കില്ല: പ്രതിപക്ഷ നേതാവ് 

 

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയില്‍ പിടിച്ചുവയ്ക്കാനുള്ള 'ജീവാനന്ദം' പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണ്. പദ്ധതിയെ കുറിച്ച് കൂടിയാലോചനകളൊന്നും നടന്നിട്ടില്ല. പദ്ധതിയുടെ ഉദ്ദേശ്യം ഇപ്പോഴും അവ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം കൊടുക്കാന്‍ പറ്റാത്തതു കൊണ്ടാണോ നിക്ഷേപം എന്ന പേരില്‍ ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചു വയ്ക്കാന്‍ പദ്ധതി തയാറാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 

മാസ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ് ഭൂരിഭാഗം ജീവനക്കാരും. വായ്പാ ബാധ്യതകള്‍, കുട്ടികളുടെ വിദ്യാഭ്യാസം. ചികിത്സാ ചെലവുകള്‍ തുടങ്ങി നിരവധി ബാധ്യതകളുണ്ടാകും. നിക്ഷേപമായി ചെറിയ തുക നല്‍കാന്‍ കഴിയാത്തവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തില്‍ 'നിര്‍ബന്ധ നിക്ഷേപ പദ്ധതി' ജീവനക്കാര്‍ക്ക് ബാധ്യതയാണ്. 

ഒരു പ്രയോജനവും ഇല്ലാത്ത മെഡിസെപ് ചികിത്സാ പദ്ധതിക്കായി പ്രതിമാസം 500 രൂപ ജീവനക്കാരില്‍ നിന്നും ഈടാക്കുന്നുണ്ട്. ശമ്പളത്തില്‍ നിന്നുള്ള 10 ശതമാനം വിഹിതം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നവരും നല്‍കണം. ഇതിന് പുറമെ ഡി.എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ 15 മാസത്തെ ശമ്പളത്തിനു തുല്യമായ തുകയും ജീവനക്കാരില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചുവച്ചിട്ടുണ്ട്. 

ശമ്പളം എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കേണ്ടത് ജീവനക്കാര്‍ തന്നെയാണ്. നിക്ഷേപം നടത്താന്‍ ജീവനക്കാരെ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഒരു പദ്ധതി അടിച്ചേല്‍പ്പിക്കുന്നതും ബലം പ്രയോഗിച്ച് പണം പിടിച്ചെടുക്കുന്നതും അംഗീകരിക്കാനാകില്ല. താല്‍പര്യമുള്ള ജീവനക്കാര്‍ക്ക് പദ്ധതിയുടെ ഭാഗമാകാമെന്ന് പറയാന്‍ മാത്രമെ സര്‍ക്കാരിന് കഴിയൂ. ശമ്പളം പിടിച്ചുവയ്ക്കുന്നത് കൊടുക്കാതിരിക്കുന്നതിന് തുല്യവും നിയമ വിരുദ്ധവുമാണ്. ജീവനക്കാര്‍ ജോലി ചെയ്യുന്നതിന് നല്‍കുന്ന ശമ്പളം കട്ടെടുക്കുന്നതിന് തുല്യമായ സമീപനമാണ് സര്‍ക്കാരിന്റേത്.