കെ.സുധാകരൻ്റെ അറസ്റ്റ്: രാഹുൽഗാന്ധിയുടെ മൗനം കേസിൽ സത്യമുള്ളത് കൊണ്ട്: കെ.സുരേന്ദ്രൻ

 
കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനെ മോൻസൻ മാവുങ്കൽ കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും രാഹുൽഗാന്ധി പ്രതികരിക്കാത്തത് സുധാകരൻ കുറ്റം ചെയ്തെന്ന് ബോധ്യമായത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു കെപിസിസി പ്രസിഡൻ്റിൻ്റെ പേരിൽ ഇത്രയും ഗുരുതരമായ കേസ് രജിസ്റ്റർ ചെയ്തിട്ടും കോൺഗ്രസ് ഹൈക്കമാൻഡ് മിണ്ടാത്തത് സിപിഎമ്മുമായുള്ള അവിശുദ്ധസഖ്യത്തിൻ്റെ തെളിവാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. പാട്നയിൽ പ്രതിപക്ഷ യോഗം ചേരുമ്പോഴാണ് കേരളത്തിൽ കെപിസിസി പ്രസിഡൻ്റിനെ സിപിഎം ഭരിക്കുന്ന സംസ്ഥാനത്തിലെ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജൻസികൾ അഴിമതിക്കാരെ അറസ്റ്റ് ചെയ്യുന്നതിനെതിരെ ചേർന്ന യോഗത്തിനിടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് കോൺഗ്രസിൻ്റെ എംപി അറസ്റ്റിലായത് പ്രതിപക്ഷത്തിൻ്റെ നിലപാടുകൾക്കുള്ള തിരിച്ചടിയാണ്.  സുധാകരനും വിഡി സതീശനുമതിരായ കേസുകളിൽ ഇതുവരെ മെല്ലെപോക്ക് നടത്തിയ പൊലീസ് ഇപ്പോൾ കാണിക്കുന്ന ധൃതി രാഷ്ട്രീയ അഡ്ജസ്റ്റ്മെൻ്റിനു വേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് സുധാകരനെതിരെ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പ് മാത്രം ചുമത്തിയത്. കെപിസിസി പ്രസിഡൻ്റിനെ അറസ്റ്റ് ചെയ്തിട്ടും കോൺഗ്രസുകാർ പ്രതിഷേധിക്കാത്തത് അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയത്തിന് അടിവരയിടുകയാണ്. ഒളിംമ്പിക്സ് അസോസിയേഷനിലെ പോക്സോ കേസിനെതിരെ വാതോരാതെ സംസാരിച്ച രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോക്സോ കേസിലെ പ്രതിയായ മോൻസനുമായി കെപിസിസി പ്രസിഡൻ്റിനുള്ള ബന്ധം വ്യക്തമാക്കണം. സംസ്ഥാനത്തെ എസ്എഫ്ഐ തട്ടിപ്പുകൾക്കെതിരെ യൂത്ത്കോൺഗ്രസും കെഎസ്യുവും സമരരംഗത്തിറങ്ങാത്തത് ബ്ലാക്ക്മെയിൽ രാഷ്ട്രീയത്തിൻ്റെ ഫലമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.