വനിതാ ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് പെൺ കരുത്ത്

 

 വനിതാ ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് പെൺ കരുത്ത്. കൺട്രോൾ റൂം മാനേജറുടെ ചുമതല ഉൾപ്പടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ ഹൃദയഭാഗമായ എമർജൻസി റെസ്പോൺസ് സെന്ററിൻ്റെ പൂർണ്ണ നിയന്ത്രണങ്ങളും വെള്ളിയാഴ്ച വനിതാ എമർജൻസി റെസ്പോൺസ് ഓഫീസർമാർക്കായിരുന്നു. ടീം ലീഡർ ധന്യ എസ്.എസ് വനിതാ ദിനത്തിൽ


കണ്ട്രോൾ റൂം മാനേജരുടെ താത്കാലിക ചുമതല ഏറ്റെടുത്തു. എമർജൻസി റെസ്പോൺസ് ഓഫീസർമാരായ അർച്ചന സി.എസ്, വിജി ജി.യു എന്നിവർ ആണ് ടീം ലീഡറിന്റെ താത്കാലിക ചുമതല നിർവഹിച്ചത്. ഇവർക്ക് കീഴിൽ 36 വനിതാ എമർജൻസി റെസ്പോണ്സ് ഓഫീസർമാരാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്ന 316 കനിവ് 108 ആംബുലൻസുകളുടെയും നീക്കങ്ങൾ വെളിയാഴ്ച രാവിലെ 7 മണിമുതൽ രാത്രി 10  മണി വരെയുള്ള രണ്ടു ഷിഫ്റ്റുകളിലായി പൂർണമായും നിയന്ത്രിച്ചത്. കണ്ട്രോൾ റൂമിലേക്ക് വരുന്ന ഓരോ അത്യാഹിത വിളികളുടെയും വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് അത്യാഹിതം നടന്ന പ്രദേശത്തിന് സമീപമുള്ള കനിവ് 108 ആംബുലൻസുകൾ വിന്യസിച്ചതും ഇതോടൊപ്പം ഇവയുടെ നീക്കങ്ങൾ നിരീക്ഷിച്ചതും ഇവരായിരുന്നു. കനിവ് 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്ന ആംബുലൻസുകളിലായി ഒരു വനിതാ ആംബുലൻസ് പൈലറ്റും നഴ്സുമാരായ 250 വനിതാ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാരും ജോലി ചെയ്യുന്നുണ്ട്.  ഇവരെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ജില്ലയിൽ ജോലി ചെയ്യുന്ന എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സൂര്യ.യു ടെക്നോപാർക്കിൽ നടന്ന ആഘോഷങ്ങളിൽ കേക്ക് മുറിച്ച് പങ്കെടുത്തു.