കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ് -2022 പ്രഖ്യാപിച്ചു

 

കേരള മീഡിയ അക്കാദമിയുടെ 2022-ലെ  മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ശ്രീ. ആര്‍.എസ്. ബാബു പ്രഖ്യാപിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവും ആണ് പുരസ്‌കാരം.

മികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് മാധ്യമം ദിനപത്രത്തിലെ കെ. സുല്‍ഹഫിനാണ്. പ്രബുദ്ധമലയാളം എന്ന പാഴ്‌വാക്ക് എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. കേരളത്തെ നടുക്കിയ നരബലിയുടെ പശ്ചാത്തലത്തില്‍ കേരളീയര്‍ അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരേ കൂടുതല്‍ ഉണരേണ്ടതുണ്ടെന്ന് ഇത് വിലയിരുത്തുന്നു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ബി. സന്ധ്യ, കെ.സി. നാരായണന്‍ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് വിധിനിര്‍ണ്ണയം നടത്തിയത്.


മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡിന് ദീപിക  ദിനപത്രത്തിന്റെ സ്റ്റാഫ് റിപ്പോര്‍ട്ടറായ റിച്ചാര്‍ഡ് ജോസഫ് അര്‍ഹനായി. 2022 ജനുവരി 16ന് സണ്‍ഡേ ദീപികയില്‍ പ്രസിദ്ധീകരിച്ച പ്രശാന്തവിസ്മയം എന്ന സ്റ്റോറിയാണ് പരിഗണിക്കപ്പെട്ടത്. സെറിബ്രല്‍ പാള്‍സിക്കു പുറമേ, കാഴ്ചയും കേള്‍വിയും സംസാരവും പരിമിതമായ പ്രശാന്ത് ചന്ദ്രന്‍ യുവാവിന്റെ ജീവിതനേട്ടങ്ങള്‍ വിവരിക്കുന്നതാണ് ഈ സ്റ്റോറി. പദ്മശ്രീ ജി. ശങ്കര്‍, റോസ് മേരി, കെ.എ. ബീന എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍.


മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് മലയാള മനോരമ ദിനപത്രത്തിന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് കെ. ജയപ്രകാശ് ബാബുവിനാണ്. 2022 ജൂലൈയിലും ഓഗസ്റ്റിലുമായി കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിനെപ്പറ്റി ദുബായ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പൊടിപൊടിച്ച് പൊന്നുകടത്ത്  എന്ന പരമ്പരയാണ് ജയപ്രകാശിനെ അവാര്‍ഡിനര്‍ഹനാക്കിയത്.  ഡോ. നടുവട്ടം സത്യശീലന്‍, ജോര്‍ജ് പുളിക്കന്‍, പി.വി. മുരുകന്‍ എന്നിവരാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
 
മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാതൃഭൂമി ദിനപ്പത്രത്തിലെ നെടുമങ്ങാട് പ്രാദേശിക ലേഖകന്‍ തെന്നൂര്‍ ബി. അശോക് അര്‍ഹനായി. 2022 ജനുവരി 30 മുതല്‍ ഫെബ്രുവരി മൂന്നു വരെ മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ പ്രസിദ്ധീകരിച്ച മരണം മണക്കുന്ന ഊരുകള്‍ എന്ന പരമ്പരയാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. തലസ്ഥാനജില്ലയിലെ ആദിവാസി ഊരുകളുടെ ദുരവസ്ഥകളാണ് ഈ പരമ്പര ചൂണ്ടിക്കാട്ടിയത്. വി.ഇ. ബാലകൃഷ്ണന്‍, കായംകുളം യൂനസ്, കെ.ആര്‍. മല്ലിക എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍.

മലയാള മനോരമ മലപ്പുറം എഡിഷനിലെ ഫോട്ടോഗ്രഫര്‍ ഫഹദ് മുനീര്‍ 2022-ലെ മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മാതൃഭാഷാദിനത്തില്‍ മലപ്പുറം വേങ്ങര ജിഎംവി എച്ച്എസ്എസ് ഒന്നാംക്ലാസ് വദ്യാര്‍ത്ഥിയും ഝാര്‍ഖണ്ഡ് സ്വദേശിയുമായ വലിയൂര്‍ റഹമാനും സഹപാഠിയായ തമിഴ്‌നാട് സ്വദേശി പുകളും മലയാളം അക്ഷരമാല പഠിക്കുന്ന ബഹുത് അച്ചാ മലയാളം എന്ന ചിത്രത്തിനാണ് അവാര്‍ഡ്.  ടി.കെ രാജീവ് കുമാര്‍,  വിധു വിന്‍സന്റ്, എസ്. ഗോപന്‍ എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍.

ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് എഷ്യാനെറ്റ് ന്യൂസിലെ വിനീത വി.പി. ക്കാണ്. സ്ത്രീകള്‍ നടത്തിയ യാത്രകളുടെ പ്രചോദനാത്മകമായ കഥ പറയുന്ന അവള്‍ ഒരുത്തി എന്ന ന്യൂസ് സ്റ്റോറിയാണ് വിനീതയെ അവാര്‍ഡിനര്‍ഹയാക്കിയത്. ആധുനികകാലത്ത് സ്ത്രീകള്‍ ആര്‍ജിച്ച സ്വാശ്രയത്വവും ആത്മവിശ്വാസവും ശക്തമായി പ്രതിഫലിക്കുന്ന ഈ സ്റ്റോറിയുടെ സാങ്കേതിക മികവും അവതരണശൈലിയിലെ വ്യത്യസ്തതയും എടുത്തുപറയേണ്ടതാണെന്ന് ജൂറി വിലയിരുത്തി.  മുന്‍ ഡിജിപി ഡോ. ജേക്കബ് പുന്നൂസ്, എസ്.ഡി. പ്രിന്‍സ്, ഷൈനി ബെഞ്ചമിന്‍  എന്നിവരടങ്ങിയ കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.