കേരളത്തെ വെൽനെസ്സ്, ഫിറ്റ്നസ് ഹബ്ബാക്കി മാറ്റും'; മുഖ്യമന്ത്രി

പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിക്ക് തുടക്കമായി
 

അന്താരാഷ്ട്ര തലത്തിൽ കേരളത്തെ മികച്ച വെൽനെസ്സ്, ഫിറ്റ്നസ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കായിക മികവിനെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന ഉദ്ദേശത്തോടെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാല് ദിവസങ്ങളിലായി നടക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടി (ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള) ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിൽ ആദ്യമായി കായിക നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ ദേശീയ, അന്തർദേശീയ കായിക വിദഗ്ധരും നിക്ഷേപകരും സംരംഭകരും പങ്കെടുക്കും.

രാജ്യത്ത് ആദ്യമായൊരു സംസ്ഥാനം കായിക മേഖലയിൽ സമ്പൂർണ കായിക നയം രൂപപ്പെടുത്തി ദേശീയ കായിക ചരിത്രത്തിൽ പുത്തൻ അധ്യായം രചിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. "ദേശീയ കായിക ചരിത്രത്തിൽ സമ്പന്നവും സവിശേഷവുമായ സ്ഥാനമാണ് കേരളത്തിനുള്ളത്. മികച്ച കായിക താരങ്ങളെ വാർത്തെടുത്തു നിരവധി വേദികളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ പാരമ്പര്യവും നമുക്കുണ്ട്. ഇവരുടെ കഴിവുകൾ അന്താരാഷ്ട്ര തലത്തിൽ കേരളത്തിന് വലിയൊരു മേൽവിലാസം നേടിതന്നു. ഇതിനെയെല്ലാം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന പുതിയ കായിക നയം ഈ മേഖലയുടെ സമൂല ഉയർച്ചയ്ക്ക് കാരണമാകും. കായിക സമ്പത്ത് വ്യവസ്ഥ എന്ന പുത്തൻ ആശയത്തിലൂടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വികേന്ദ്രീകരണ കായിക ആസൂത്രണ പദ്ധതികൾ നടപ്പിലാക്കും. അതത് പ്രദേശങ്ങളിലെ കായിക ആവിശ്യങ്ങളും അവ നടപ്പിലാക്കാനുള്ള സാഹചര്യങ്ങളും തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്യുന്നത്. സ്വകാര്യ സംരംഭകരേയും സ്റ്റാർട്ടപ്പുകളെയും കായിക മേഖലയിലേക്ക് ആകർഷിപ്പിക്കാൻ ഈ ഉച്ചകോടിയും അതിന്റെ ഭാഗമായി നടക്കുന്ന ചർച്ചകളും ഉപകരിക്കും."- മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരേയും ഉൾക്കൊള്ളുന്ന സ്‌പോർട്സ് മാറ്റത്തിനു വേണ്ടിയുള്ള സ്പോർട്സ് എന്ന രണ്ട് അടിസ്ഥാന കാഴ്ചപ്പാടുകളിലൂന്നിയാണ് കായിക നയം രൂപീകരിക്കുന്നതെന്ന് കായിക വകുപ്പ് മന്തി വി അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രകടന പത്രികയിൽ പറഞ്ഞ, കായിക വകുപ്പുമായി ബന്ധപ്പെട്ട 17 വിവിധയിന പരിപാടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. "കായിക മികവിന്റെ പാരമ്യത്തിലേക്ക് കേരളത്തെ എത്തിക്കാനുള്ള അടിസ്ഥാന കാഴ്ചപ്പാടിൻ്റെ ഭാഗമായാണ് ഇത്തരമൊരു ഉച്ചകോടി നടത്തുന്നത്. ഹോം സ്പോർട്സ്, കമ്മ്യൂണിറ്റി സ്പോർട്സ്, വുമൺ സ്പോർട്സ് എന്നിവയിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് കായിക മേഖലയിൽ നടത്താൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ഒരു മാതൃക നടപ്പാത, ഓപ്പൺ ജിംനേഷ്യം, നീന്തൽ പരിശീലന കേന്ദ്രം എന്നിവയും ആരംഭിക്കും."- മന്ത്രി പറഞ്ഞു.

ബി സി സി ഐയുമായി ചേർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ, 40,000 പേർക്ക് ഇരിക്കാവുന്ന അന്തരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പണിയും. കൊച്ചിയിലെ ചെങ്ങമനാട്ടിലാണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്. കേരളത്തിലെ ആദ്യ കാർബൺ ന്യൂട്രൽ സ്‌പോർട്സ് സിറ്റി സ്റ്റേഡിയമാകും ഇത്. ഇൻഡോർ, ഔട്ട്ഡോർ പരിശീലന സൗകര്യം, സ്പോർട്സ് അക്കാഡമി, റിസർച്ച് സെൻ്റർ, എക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്ക്, സ്പോർട്സ് മെഡിസൻ, ഫിറ്റ്നസ് സെൻ്റർ, ഇ- സ്പോർട്സ് അരീന, എന്റര്‍ടെയ്ന്‍മെന്റ്‌ സോൺ ക്ലബ്ബ് ഹൗസ് എന്നീ സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം നിർമിക്കുന്നത്. പുതിയ സ്റ്റേഡിയത്തിനും നിലവിലുള്ളവ നവീകരിക്കുന്നതിനുമായി 1200 കോടി രൂപ വകയിരുത്തും. കൊച്ചി, കോഴിക്കോട്, തൃശൂർ, പത്തനംതിട്ട എന്നിവടങ്ങളിൽ ഡൊമസ്റ്റിക്  സ്റ്റേഡിയങ്ങളും നിലവിലുള്ള വികസിപ്പിക്കുന്നതിനുമായി 450 കോടിയുടെ പദ്ധതികൾ പുരോഗമിക്കുകയാണ്.മീരാൻ ഗ്രൂപ്പും സ്കോർലൈൻ സ്പോർട്സും കേരള ഫുട്ബോൾ അസോസിയേഷനുമായി ചേർന്ന് 8 സ്റ്റേഡിയങ്ങളും 4 ഫുട്ബോൾ അക്കാദമികളുടെ വികസനത്തിനുമായി 800 കോടിയുടെ പദ്ധതിക്ക് സന്നദ്ധത അറിയിച്ചു. കേരളത്തിൽ ഇ- സ്പോർട്സ് വികസിപ്പിക്കുന്നതിനു രാജ്യത്തെ പ്രമുഖ ഇ- സ്പോർട്ടിംഗ് കമ്പനികളായ നോ സ്കോപ്പിംഗ്, ബീറ്റാ ഗ്രൂപ്പും ചേർന്ന് 350 കോടി രൂപയുടെ പദ്ധതികൾക്ക് സന്നദ്ധത പ്രകടിപ്പിച്ചു.യുവജനങ്ങൾക്കിടയിലെ ലഹരി ഉപയോഗത്തെ തടയാൻ കായിക മേഖലയിലെ അവരുടെ പങ്കാളിത്തം കൊണ്ട് കഴിയുമെന്നു സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. അഞ്ചാം ക്ലാസ്സ് മുതൽ കായിക പ്രാധാന്യത്തെക്കുറിച്ചു കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്തി വി ശിവൻകുട്ടി പറഞ്ഞു.
 

കേരള ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റിന് ഇന്ന് തുടക്കമാവുകയാണ്. കേരളത്തെ വെൽനസ്സ് ആൻഡ് ഫിറ്റ്‌നെസ്സ് ഇക്കോണമിയുടെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഈ സമ്മിറ്റ് കേരളത്തിന്റെ കായികരംഗത്തിനാകെ ഊർജ്ജം പകരുന്നതാവും. ഇതിന്റെ ഭാഗമാകുന്ന ഏവരെയും ആദ്യമേ തന്നെ അഭിവാദ്യം ചെയ്യട്ടെ.

കേരളത്തിന്റെ കായികനയം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന പദ്ധതികളും പ്രവർത്തന മാതൃകകളും പരിചയപ്പെടുത്താനും സംസ്ഥാനത്തിന്റെ കായികവികസന സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും ലോകത്തിന്റെ വിവിധ ഭാഗത്തുള്ള കായിക വികസനത്തിന്റെ മികച്ച ഉദാഹരണങ്ങൾ കേരളത്തിന് പരിചയപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ അന്താരാഷ്ട്ര കായിക സമ്മിറ്റ്. ഇന്ത്യയിൽതന്നെ  ആദ്യമാണ് ഇത്തരമൊരു സമ്മിറ്റ് സംഘടിപ്പിക്കപ്പെടുന്നത്. മറ്റു പല കാര്യങ്ങളിലും ഇന്ത്യക്കാകെ മാതൃകയായതുപോലെ തന്നെ ഈ സമ്മിറ്റും കേരളത്തിന്റെ ശ്രദ്ധേയമായ ഒരു മുൻകൈയായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. 

സ്‌പോർട്‌സ് ഇക്കോണമി എന്ന ഏറെ ഭാവനാസമ്പന്നമായ കാഴ്ചപ്പാട് നമ്മൾ മുന്നോട്ടു വെക്കുകയാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കു കാര്യമായ സംഭാവന നൽകാൻ കഴിയുന്ന ഒരു മേഖലയായി സ്‌പോർട്‌സിനെ വളർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കായികമേഖലയിലെ പുതിയ പ്രവണതകൾ സ്വീകരിക്കുകയും കായികരംഗത്തെ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ കായിക സമ്പദ്വ്യവസ്ഥ സജീവമാക്കാൻ കഴിയും. അതിനു സഹായകമാകുന്ന വിധത്തിൽ സ്വകാര്യ സംരംഭകരെയും സ്റ്റാർട്ടപ്പുകളെയും കായികരംഗത്തേക്ക് കൂടുതലായി ആകർഷിക്കാൻ കഴിയണം. അതിനുതകുന്നതാവും ഈ സമ്മിറ്റും ഇതിൽ ഉയർന്നുവരുന്ന ചർച്ചകളും എന്നു പ്രതീക്ഷിക്കുന്നു. 

കായികരംഗത്ത് ഉയർന്നുവരുന്ന അവസരങ്ങൾ, പുതുതായി ഉണ്ടാകുന്ന പ്രവണതകൾ, പ്രാദേശിക കായികയിനങ്ങളുടെ പ്രാധാന്യം എന്നിവയെല്ലാം ഈ സമ്മിറ്റിൽ ചർച്ച ചെയ്യപ്പെടണം. അവയുടെ അടിസ്ഥാനത്തിൽ കായിക സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. എന്നാൽ, ഇത്തരമൊരു ചുവടുവെപ്പിന് ഏറ്റവും അനുകൂലമായ സാഹചര്യം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. കാരണം, അന്താരാഷ്ട്ര കായികരംഗത്തു തന്നെ ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടു തന്നെ നാം ഒരേ മനസ്സോടെ മുന്നോട്ടുവന്നാൽ ഈ ലക്ഷ്യം അകലെയല്ല. 

ദേശീയതലത്തിലും അന്തർദ്ദേശീയതലത്തിലും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ച പല താരങ്ങളും നമുക്കുണ്ട്. കായികതാരങ്ങളെ മാത്രമല്ല, പ്രമുഖരായ പരിശീലകരെയും റഫറിമാരുമുൾപ്പെടെയുള്ള ഒഫീഷ്യലുകളെയും കേരളം സംഭാവന ചെയ്തിട്ടുണ്ട്. കായിക പഠനത്തിന്റെ മേഖലയിലും നമ്മൾ ഏറെ മുന്നിലാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കായികാസ്വാദകരുടെ പട്ടികയിലാണ് മലയാളികളുടെ സ്ഥാനം. കഴിഞ്ഞ ഫുട്‌ബോൾ ലോകകപ്പിന്റെ കാലത്ത് ഇത് നാം കണ്ടതാണ്. സംഘാടകരായ ഖത്തറും ലോകജേതാക്കളായ അർജന്റീനയും ആരാധക പിന്തുണയ്ക്ക് കേരളത്തോട് നന്ദി പറഞ്ഞിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഫുട്‌ബോൾ ക്ലബ്ബുകളും നമ്മുടെ കായികാസ്വാദന നിലവാരത്തെ പ്രകീർത്തിച്ചിട്ടുണ്ട്. 

രാജ്യത്ത് പല കായിക ഇനങ്ങൾക്കും തുടക്കമിട്ട മണ്ണാണ് കേരളം. സ്‌പോർട്‌സ് കൗൺസിൽ പോലുള്ള സംവിധാനങ്ങളും കൃത്യമായ ചട്ടക്കൂട്ടിൽ പ്രവർത്തിക്കുന്ന കായികസംഘടനകളും കേരളത്തിന്റെ പ്രത്യേകതയാണ്. സെവൻസ് ഫുട്‌ബോൾ, വള്ളംകളി തുടങ്ങിയ നമ്മുടെ തനത് കായികമത്സരങ്ങളാകട്ടെ വലിയ തോതിൽ ജനപ്രീതി ആർജ്ജിച്ചവയാണ്. നെഹ്‌റു ട്രോഫി വള്ളംകളി ആഗോള പ്രശസ്തിയാർജ്ജിച്ച കായികമത്സരമാണെന്നത് ഞാൻ എടുത്തു പറയേണ്ടതില്ലല്ലോ. 

ലോകത്തെ പ്രധാന കായിക ഇനങ്ങൾക്കെല്ലാം കേരളത്തിൽ നല്ല വേരോട്ടമുണ്ട്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരള ജനത കായിക ഇനങ്ങൾ കളിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കായികപ്രചരണത്തിൽ നമ്മുടെ നാട്ടിലെ ക്ലബ്ബുകളും വായനശാലകളും മറ്റു സംഘടനകളും വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതാണ്. ഇന്നും സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ ക്ലബ്ബുകളാണ് പല കായിക ഇനങ്ങളും സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നത്. അങ്ങനെയൊക്കെ നോക്കുമ്പോൾ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാൾ മെച്ചപ്പെട്ട കായികസംസ്‌കാരം നിലനിൽക്കുന്ന നാടാണ് കേരളം എന്നു പറയാൻ കഴിയും.

കായികരംഗത്ത് ഏറെ മേന്മകൾ അവകാശപ്പെടുമ്പോൾ തന്നെ പോരായ്മകളും നിരവധിയാണ്. ഒരു കാലത്ത് രാജ്യത്ത് മുൻനിരയിലായിരുന്ന പല കായികയിനങ്ങളിലും നാം ഇന്ന് ഏറെ പിന്നോട്ടുപോയി. ദേശീയതലത്തിലെ മത്സരങ്ങൾ പലതും ഇതിനു തെളിവാണ്. കായികരംഗത്തെ പുതിയ രീതികളും സാങ്കേതികവിദ്യകളും സ്വന്തമാക്കുന്നതിൽ നാം വളരെയധികം മുന്നോട്ടു പോകേണ്ടതുണ്ട്. 

കായികരംഗത്തെ ഈ കുറവുകൾ തിരിച്ചറിഞ്ഞുള്ള പരിഷ്‌ക്കരണ നടപടികളാണ് എൽ ഡി എഫ് ഗവൺമെന്റ് കഴിഞ്ഞ 7 വർഷമായി സ്വീകരിച്ചു വരുന്നത്. നിലവാരമുള്ള കളിക്കളങ്ങൾ ഇല്ലാത്തത് വലിയ കുറവായിരുന്നു. ഇതു പരിഹരിക്കാൻ നല്ല നിലയിൽ നമ്മൾ പരിശ്രമിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇന്ന് കേരളത്തിൽ പത്തിലധികം സിന്തറ്റിക്ക് ട്രാക്കുകളുണ്ട് എന്ന വസ്തുത. 1,700 കോടി രൂപയാണ് കായികമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് ഈ സർക്കാർ ചിലവഴിച്ചത്. 703 കായികതാരങ്ങൾക്കാണ് ഈ കാലയളവിൽ സർക്കാർ സർവീസിൽ ജോലി നൽകിയത്.

എന്നാൽ, ഇതിനെല്ലാം അപ്പുറം സംസ്ഥാനത്തിന് ആദ്യമായി സമഗ്രമായ ഒരു കായികനയം ആവിഷ്‌ക്കരിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 'എല്ലാവർക്കും സ്‌പോർട്‌സ്' എന്ന അടിസ്ഥാന നിലപാടിൽ ഊന്നുന്നതാണ് കേരളത്തിന്റെ പുതിയ കായികനയം. കായിക ഇനങ്ങളും ശാരീരികക്ഷമതാ പ്രവർത്തനങ്ങളും മുഴുവൻ ജനങ്ങളിലേക്കും എത്തിക്കാനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവരെ പ്രേരിപ്പിക്കാനും ഉതകുന്നതാണ് നമ്മുടെ പുതിയ കായികനയം. 

നമ്മുടെ കായികമേഖലയിൽ സമഗ്രമായ മാറ്റങ്ങൾക്ക് ഉതകുന്ന നിർദ്ദേശങ്ങളാണ് പുതിയ നയത്തിലുള്ളത്. അന്താരാഷ്ട്രതലത്തിൽ കേരളത്തിന്റെ കായികമികവ് ഉയർത്തുക എന്നതാണ് മുഖ്യലക്ഷ്യം. പ്രതിഭകളെ കണ്ടെത്താനും ആവശ്യമായ പിന്തുണ നൽകാനുമുള്ള കാര്യങ്ങൾക്കാണ് നയം മുൻതൂക്കം നൽകുന്നത്. കായികരംഗത്തെ മാനുഷികമായ അംശങ്ങളെ മുന്നിൽ നിർത്തിക്കൊണ്ടുള്ള പുരോഗമന നടപടികളാണ് സ്വീകരിക്കുക. ഭിന്നശേഷി സ്‌പോർട്‌സ് പ്രോത്സാഹിപ്പിക്കുകയും കായികരംഗത്ത് വനിതകളുടെ പ്രാതിനിധ്യം  വർദ്ധിപ്പിക്കുകയും ചെയ്യും. 

കായിക പ്രവർത്തനത്തെ ഒരു ജനകീയ പ്രവർത്തനമായി പരിഗണിക്കുകയാണ്. എല്ലാവരെയും ഉൾക്കൊള്ളുന്നതും, വികേന്ദ്രീകൃത സ്വഭാവത്തിൽ ഊന്നുന്നതുമായ കായികവികസനമാണ് നടപ്പാക്കുക. പൊതുജനങ്ങൾക്കിടയിൽ കായിക-വ്യായാമ സാക്ഷരത വളർത്തി കൊണ്ടുവരും. തദ്ദേശ സ്ഥാപന തല സ്‌പോർട്‌സ് കൗൺസിലുകളെ പ്രയോജനപ്പെടുത്തിയാണ് ഇത് സാധ്യമാക്കുക. തദ്ദേശസ്ഥാപന സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധികൾ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കണം. അത്തരത്തിൽ കമ്മ്യൂണിറ്റി സ്‌പോർട്‌സിന്റെ അടിത്തറയിൽ ഉന്നതനിലവാരമുള്ള കായിക സംസ്‌കാരം വളർത്തിക്കൊണ്ടുവരും. 

അതിന് സമാന്തരമായി ഒരു കായിക സമ്പദ്‌വ്യവസ്ഥ കൂടി വളർത്തിയെടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽ തന്നെ മികച്ച സംഭാവന നൽകുന്ന ഒന്നാക്കി കായികരംഗത്തെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കായിക സമ്പദ്‌വ്യവസ്ഥ വളരുന്നതോടെ ഈ രംഗത്ത് വലിയ തോതിൽ തൊഴിൽ സൃഷ്ടിക്കപ്പെടും. ഇതിനൊക്കെയായി കേരളത്തെ തയ്യാറാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ സമ്മിറ്റ്.  

കായികമേഖലയ്ക്ക് ആവശ്യമായ നൈപുണ്യമുള്ള തൊഴിൽസേനയെ വളർത്തിയെടുക്കാൻ ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്തുന്നുണ്ട്. സ്‌പോർട്‌സ് മാനേജ്‌മെന്റ്, സ്‌പോർട്‌സ് സയൻസ് വിഷയങ്ങളിലുള്ള കോഴ്‌സുകൾ സർവകലാശാലകളിൽ ആരംഭിക്കുകയാണ്. അങ്ങനെ സംസ്ഥാനത്തെ വളരുന്ന കായികമേഖലയ്ക്ക് ആവശ്യമായ മാനവവിഭവശേഷി ഈ കേരളത്തിൽ നിന്നുതന്നെ സൃഷ്ടിക്കപ്പെടും. ഇത്തരത്തിൽ വിവിധ തലങ്ങളിലും നിരവധി മേഖലകളിലും, അതായത് നാടിനാകെ, പ്രയോജനപ്പെടുന്ന വിധത്തിലാണ് പുതിയ കായികനയം നടത്തപ്പെടുന്നത്. 

കായികവികസനത്തിന് വിവിധ വകുപ്പുകളുടെ സഹകരണം ആവശ്യമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകൾക്ക് കായികവളർച്ചയിൽ നിർണായക പങ്കുവഹിക്കാനുണ്ട്. നമ്മുടെ വിദ്യാഭ്യാസരംഗത്ത് കായിക പഠനം കൂടുതൽ ഗൗരവത്തോടെ നടപ്പാക്കാൻ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സ്‌കൂൾതല സ്പോർട്സ് പഠനം നിർബന്ധമാക്കുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തും സ്‌പോർട്‌സിന് കൂടുതൽ പ്രാധാന്യം നൽകിവരികയാണ്. കായികാനുബന്ധ കോഴ്‌സുകൾ തുടങ്ങുന്നത് അതിന്റെ ഭാഗമായാണ്.

വികേന്ദ്രീകൃത കായികാസൂത്രണം നടപ്പാക്കാൻ തദ്ദേശസ്ഥാപന തലത്തിൽ വലിയ മാറ്റങ്ങൾ ആവശ്യമാണ്. പ്രാദേശിക സ്‌പോർട്‌സ് കൗൺസിലുകൾ വഴി ഓരോ പ്രദേശത്തിന്റെയും ആവശ്യവും സാഹചര്യവും തിരിച്ചറിഞ്ഞുള്ള കായിക പദ്ധികൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്. താഴേതട്ടിൽ കായിക പ്രവർത്തനങ്ങൾ സജീവമാകുന്നതിലൂടെ മാത്രമേ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്ന നിലയിലേക്ക് കായികമേഖലയെ നവീകരിക്കാൻ കഴിയൂ.  സ്‌പോർട്‌സ് ടൂറിസം അഡ്വഞ്ചർ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ കായികമേഖലയ്ക്കും ടൂറിസം മേഖലയ്ക്കും വലിയ ഊർജ്ജമാകും.

ഇത്തരത്തിലുള്ള സമഗ്രമായ ഇടപെടലുകൾക്ക് ഉതകുന്ന ചർച്ചകൾ ഉയർത്തിക്കൊണ്ടുവരാനും പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കാനും ഈ അന്താരാഷ്ട്ര സ്‌പോർട്‌സ് സമ്മിറ്റിന് കഴിയണം എന്നോർമ്മിപ്പിച്ചുകൊണ്ട് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതായി അറിയിക്കുന്നു.

 റവന്യു മന്ത്രി കെ. രാജൻ, കൃഷി മന്ത്രി പി. പ്രസാദ്, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, എം എൽ മാരായ കടകംപ്പള്ളി സുരേന്ദ്രൻ,  വി. ജോയി, വി. കെ പ്രശാന്ത് , കെ. അൻസാലൻ, സി കെ ഹരീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, ചീഫ് സെക്രട്ടറി വി. വേണു ഐ എ എസ്, കായിക- യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതി നാഥ്‌ ഐഎഎസ്, ഒളിമ്പ്യൻ അശ്വിനി നച്ചപ്പ എന്നിവർ പങ്കെടുത്തു.