ഇടത് പക്ഷ സർക്കാരുടെ കീഴിൽ കേരളത്തിലെ ആരോ​ഗ്യ രം​ഗം സുരക്ഷിതം; അഡ്വ. എസ് പി ദീപക്

 

അഖില കേരള ​ഗവ. ആയൂർവേദ കോളേജ് അധ്യാപക സംഘടനയുടെ (AKGACAS)  29 മത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആരോ​ഗ്യ കേരളം ജനകീയ ഇടപെടലുകളുടെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളേജ് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന സെമിനാർ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അം​ഗം എസ് പി ദീപക് ഉദ്ഘാടനം ചെയ്തു. 


ഇടത് പക്ഷ സർക്കാരുടെ കീഴിൽ കേരളത്തിലെ ആരോ​ഗ്യ രം​ഗം സുരക്ഷിതമാണെന്നും, ലോകത്തെ നടുക്കിയ വേളയിൽ പോലും
ഇടത് പക്ഷ സർക്കാരുകളുടെ കാലോചിതമായ പ്രവർത്തനങ്ങളാണ് കേരളത്തിലെ ആരോ​ഗ്യ രം​ഗത്തെ എന്നും ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ സഹായകമായതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്. പി ദീപക് പറഞ്ഞു. കോവിഡ് കാലത്ത് വികസിത രാജ്യങ്ങളിൽ ആരോ​ഗ്യ രം​ഗം കച്ചവടവത്കരിച്ചപ്പോൾ കേരളത്തിൽ സർക്കാർ ഉണർന്ന് പ്രവർത്തിച്ചത് ഏവരും കണ്ടതാണ്. അതിനുള്ള തുടർച്ച ഉണ്ടാകാൻ പുതു തലമുറയിലെ ആരോ​ഗ്യപ്രവർത്തകരും, ഡോക്ടർമാരും  പ്രയത്നിക്കണം.  സർക്കാർ 25 വർഷം മുന്നിൽ കണ്ട് കൊണ്ട് സാധാരണക്കാർക്ക് വേണ്ടിയുളള പ്രവർത്തനങ്ങൾ നടത്തി വരുകയാണ്. അതിൽ പ്രധാനപ്പെട്ടത് ആരോ​ഗ്യ മേഖലയാണ്. സാധാ​രണ സമൂഹത്തിൽ ജീവിച്ച് മുന്നേറാനായി ആരോ​ഗ്യ മേഖല എന്നും ശാക്തീകരിക്കേണ്ടതായിട്ടുണ്ട്. സാധാരണക്കാർക്ക് വരെ ചിലവ് കുറഞ്ഞ  രീതിയിൽ ആണ് സംസ്ഥാനത്തെ ആരോ​ഗ്യ രം​ഗം നിലവിൽ ഉള്ളത്. അത് എന്നും തുടരുന്നതിന് വേണ്ടിയുളള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ ആയുർവേദ മേഖല ലോക നിലവാരത്തിൽ എത്തിക്കേണ്ട സമയമാണ്. അതിനുള്ള പരിശ്രമത്തിലാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 


പ്രോ​ഗ്രാം കമ്മിറ്റി കൺവീനർ ഡോ. സുനീഷ് മോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  കേരള ശാസ്ത്ര സാഹിത്യ പരിഷിത്ത് മുൻ സംസ്ഥാന സെക്രട്ടറി എൻ ജ​ഗജീവൻ മുഖ്യപ്രഭാഷണം നടത്തി.   കെജിഒഎ സംസ്ഥാന സമിതി അംഗം എസ്.പ്രേംലാൽ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.പി സുനിൽ കുമാർ, മാധ്യമ പ്രവർത്തകൻ എം.ബി സന്തോഷ് , പിജിഎസ്എ സെക്രട്ടറി ഡോ.അർജുൻ വിജയ്,കോളേജ് യുയുസി അനഘജോയ്  എന്നിവർ  സംസാരിച്ചു. അധ്യാപക സംഘടന യൂണിറ്റ് പ്രസിഡന്റ് ഡോ. സീമജ .ജി സ്വാ​ഗതവും, സെക്രട്ടറി ഡോ. ജനീഷ് ജെ നന്ദിയും പറഞ്ഞു.

ജൂലൈ 5,6,7 തീയതികളിലാണ് എ.കെ.ജി.എ.സി.എ.എസിന്റെ 29 മത്  സംസ്ഥാന സമ്മേളനം തിരുവനന്തപുരം ആയൂർവേദ കോളേജിൽ വെച്ച് നടക്കുന്നത്.

ഫോട്ടോ കാപ്ഷൻ; അഖില കേരള ​ഗവ. ആയൂർവേദ കോളേജ് അധ്യാപക സംഘടനയുടെ (AKGACAS)  29 മത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആരോ​ഗ്യ കേരളം ജനകീയ ഇടപെടലുകളുടെ പ്രസക്തി എന്ന വിഷയത്തിൽ സംഘടിപ്പിച്ച  സെമിനാർ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അം​ഗം എസ് പി ദീപക് ഉദ്ഘാടനം ചെയ്യുന്നു.