ആശുപത്രികളിൽ കെ.ജി.എം.ഒ.എ സുരക്ഷാദിനം ആചരിച്ചു

 

നമുക്കേവർക്കും അത്യഗാധമായ ദുഃഖവും വിട്ടൊഴിയാത്ത ആകുലതകളും സൃഷ്ടിച്ച ഡോക്ടർ വന്ദനാ ദാസിൻ്റെ ദാരുണമായ കൊലപാതകം നടന്നിട്ട് ഇന്നേയ്ക്ക് ( മേയ് 10 ) ഒരു വർഷം തികയുകയാണ്.ഡോ. വന്ദനാദാസിൻ്റെ സ്മരണാർത്ഥം എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും മുഴുവൻ ആരോഗ്യ പ്രവർത്തകരേയും പങ്കെടുപ്പിച്ചു കൊണ്ട് ഇന്ന് കെ. ജി. എം.ഒ. എ  "സുരക്ഷാദിനം " ആചരിക്കുകയാണ്.

ഏറെക്കാലങ്ങളായി ഡോക്ടർ സമൂഹം നിരന്തരം പങ്കു വെച്ച ആരോഗ്യ സ്ഥാപനങ്ങളിലെ സുരക്ഷയെ സംബന്ധിച്ച ആശങ്കകളും കൂടുതൽ ശക്തിമത്തായ ആശുപത്രി സംരക്ഷണ നിയമത്തിനും മറ്റു സുരക്ഷാ ഉപാധികൾക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളും അസ്ഥാനത്തായിരുന്നില്ലെന്നത് പൊതുസമൂഹത്തിനും ഭരണകൂടത്തിനും ബോധ്യമാകാൻ ഇത്തരം ഒരു ദുരന്തം ഉണ്ടാകേണ്ടി വന്നു എന്നത് തികച്ചും വേദനാജനകമായിരുന്നു.

ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്യപ്പെട്ടതും, കസ്റ്റഡിയിലുള്ള പ്രതികളുടെ വൈദ്യപരിശോധന സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ പുറത്തിറക്കിയതും, കോഡ് ഗ്രേ പ്രോട്ടോകോൾ രൂപീകരിച്ചതും സർക്കാരിൻ്റെ ഭാഗത്തുനിന്നും സ്വാഗതാർഹമായ ചുവടുവെപ്പുകളാണ്. എന്നാൽ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിശിഷ്യ അത്യാഹിത വിഭാഗങ്ങളിൽ സംഘർഷങ്ങൾക്ക് വഴിവെക്കുന്ന അടിസ്ഥാന വിഷയങ്ങൾ പരിഹരിക്കാൻ വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങൾ ഇനിയും നടപ്പിലായിട്ടില്ല. മനുഷ്യവിഭവ ശേഷി ഉറപ്പുവരുത്തിക്കൊണ്ട് അത്യാഹിത വിഭാഗത്തിൻ്റെ ശാക്തീകരണവും, ട്രയാജ് സിസ്റ്റം നടപ്പാക്കലും സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തലും പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കലുമെല്ലാം ജലരേഖകളായിത്തന്നെ അവശേഷിക്കുകയാണ്.

ജീവഭയം കൂടാതെ, സുരക്ഷിതരായി തങ്ങളുടെ ജോലി നിർവ്വഹിക്കാൻ എല്ലാ ആരോഗ്യ പ്രവർത്തകർക്കും സാധ്യമാകുന്ന തരത്തിൽ ആശുപത്രികൾ സുരക്ഷിതമാക്കിത്തീർക്കുന്നതിനായി സർക്കാർ വാഗ്ദാനം ചെയ്ത മേൽപ്പറഞ്ഞ സുരക്ഷാ സംവിധാനങ്ങൾ കാലതാമസം കൂടാതെ നടപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

ഇനിയുമൊരു ആരോഗ്യ പ്രവർത്തകൻ്റെ ജീവൻ പൊലിയാനിട വരാതിരിക്കാൻ ആശുപത്രികളിലെ സുരക്ഷയ്ക്ക് പരമ പ്രാധാന്യം നൽകിക്കൊണ്ട്  അത്യാഹിത വിഭാഗങ്ങൾ ശാക്തീകരിക്കുക, എമർജൻസി മെഡിസിൻ വിംഗുകൾ ആരംഭിക്കുക , ട്രയാജ് സംവിധാനം നടപ്പാക്കുക, കൂടുതൽ കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിക്കുക, പ്രധാന ആശുപത്രികളിൽ പോലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുക , സി സി ടി വി സംവിധാനം ഏർപ്പെടുത്തുക എന്നിവ സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ പ്രാവർത്തികമാക്കണം.

പൊതുജനാരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ തുടരുന്നതിനും ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിനും സുരക്ഷിതമായ തൊഴിലിടങ്ങൾ അത്യന്താപേക്ഷിതമാണ്.

ആരോഗ്യത്തിൻ്റെ നിറവാർന്ന ഒരു സമൂഹത്തിൻ്റെ പരിരക്ഷയ്ക്കായി ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ആപ്തവാക്യവുമായി സംഘടിപ്പിക്കുന്ന ഈ  സുരക്ഷാദിനത്തിന് സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുള്ള  സഹകരണം അഭ്യർത്ഥിക്കുന്നു.