തെരുവുകളില്‍ സംവദിക്കാന്‍ കെ.പി.സി.സിയുടെ 'ഇന്ത്യ എന്റെ രാജ്യം' നാടകയാത്ര

ബംഗാളിലും ത്രിപുരയിലും സി.പി.എം കോണ്‍ഗ്രസിനൊപ്പം; പിണറായി ബി.ജെ.പിയെ സഹായിക്കുന്നു: എം.എം ഹസന്‍
 

ത്രിപുര മുന്‍ മുഖ്യമന്ത്രിയും പി.ബി അംഗവുമായ മണിക് സര്‍ക്കാരും ബംഗാളിലെ പി.ബി അംഗം ബിമന്‍ബസുവും ഇന്ത്യാ സഖ്യത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് ബി.ജെ.പിയെ എതിര്‍ക്കുമ്പോള്‍ കേരളത്തില്‍ പി.ബി അംഗമായ പിണറായി വിജയന്‍ ബി.ജെ.പിയെ സഹായിക്കുകയാണെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍. ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച് ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന കെ.പി.സി.സി പ്രചരണ വിഭാഗത്തിന്റെ തെരുവുനാടകമായ 'ഇന്ത്യ എന്റെ രാജ്യം' നാടക യാത്ര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
നാടക യാത്ര 20 നിയോജകമണ്ഡലങ്ങളിലായി 60 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി 24ന് വയനാട്ടില്‍ സമാപിക്കും. നാടക രചനയും സംവിധാനവും നിര്‍വ്വഹിച്ചത് ആര്യാടന്‍ ഷൗക്കത്താണ്. ഡി.സി.സി പ്രസിഡന്റ് പാലോട് രവി ആധ്യക്ഷം വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍, ചെറിയാന്‍ ഫിലിപ്പ്, ആര്യാടന്‍ ഷൗക്കത്ത്, നാടകയാത്ര ഉപനായകന്‍ എന്‍.വി പ്രദീപ്കുമാര്‍, ജി.എസ് ബാബു, വി.ആര്‍ പ്രതാപന്‍, കെ.എം ഉണ്ണികൃഷ്ണന്‍, രാജേഷ് മണ്ണാമൂല, കെ.ആര്‍.ജി ഉണ്ണിത്താന്‍, ഒ.എസ് ഗിരീഷ് പ്രസംഗിച്ചു.

തെരുവുകളില്‍ സംവദിക്കാന്‍ കെ.പി.സി.സിയുടെ 'ഇന്ത്യ എന്റെ രാജ്യം' നാടകയാത്ര

തിരുവനന്തപും: തെരഞ്ഞെടുപ്പ് പ്രചരണച്ചൂടില്‍ തെരുവുകളില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ കെ.പി.സി.സിയുടെ 'ഇന്ത്യ എന്റെ രാജ്യം' നാടകയാത്ര. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലാണ് അദ്ദേഹം തന്നെ രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകം ഒരോ നിയോജകമണ്ഡലത്തിലും കളിക്കുന്നത്. മണിപ്പൂര്‍ കലാപം, വയനാട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം, വിലക്കയറ്റം, ഇടതുസര്‍ക്കാരിന്റെ അഴിമതി, ബി.ജെ.പി സി.പി.എം സഹകരണമടക്കം തന്‍മയത്വത്തോടെ അവതരിപ്പിക്കുന്നുണ്ട്. രണ്ട് ഗാനങ്ങളടക്കം 25 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് നാടകം. തിരുവനന്തപുരത്ത് ആരംഭിച്ച നാടകയാത്ര 20 നിയോജകമണ്ഡലത്തിലെ 60 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി 24ന് വയനാട്ടില്‍ സമാപിക്കും. സംസ്‌ക്കാര സാഹിതി മുന്‍ ജനറല്‍ കണ്‍വീനര്‍ എന്‍.വി പ്രദീപ്കുമാറാണ് നാടകയാത്രയുടെ ഉപനായകന്‍. നാടകയാത്ര ഇന്ന് കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലാണ് പര്യടനം. രാവിലെ 9ന് കുണ്ടറ, 11ന് കൊല്ലം, വൈകുന്നേരം 3.30ന് ചവറ.