കെ.എസ്.ആർ.ടി.സി ബസുകളിൽ അഗ്‌നി സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കും : മന്ത്രി ആന്റണി രാജു 
 

 വാഹനങ്ങൾക്ക് തീ പിടിക്കുന്നു; മാധ്യമ പ്രവർത്തകർക്ക് രക്ഷാകവചവുമായി പ്രസ് ക്ലബ് 
 

എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും അഗ്നി സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഗതാഗത വകുപ്പുമന്ത്രി ആന്റണിരാജു അറിയിച്ചു.
     ഇപ്പോഴത്തെ പ്രത്യേക കാലാവസ്ഥയിൽ അപകടങ്ങൾ ഒഴിവാക്കാൻ ഇത് അത്യാവശ്യമായി വന്നിരിക്കുകയാണ്. ചെറിയ അശ്രദ്ധ കൊണ്ട് വലിയ അപകടങ്ങൾ നടക്കുകയാണ്. വാഹനങ്ങളുടെ ചെറിയ അറ്റ കുറ്റപ്പണികൾ അവഗണിക്കുന്നതുകാരണം തീ പിടുത്ത സാദ്ധ്യത കുടുതലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


     മാധ്യമ പ്രവർത്തകരുടെ വാഹനങ്ങളിൽ ഘടിപ്പിക്കാൻ ഫയർ കെയറിന്റെ സഹകരണത്തോടെ തിരുവനന്തപുരം പ്രസ് ക്ലബ്ബ് നടപ്പാക്കുന്ന ഫയർ എക്സ്റ്റിംഗ്യുഷർ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്രിമമായി സൃഷ്ടിച്ച തീപിടിത്തം ഫയർ എക്സ്റ്റിംഗ്യുഷർ ഉപയോഗിച്ച് മന്ത്രി കെടുത്തി. 
    ഫയർ കെയർ മാനേജിംഗ് ഡയറക്ടർ ദീപ് സത്യൻ തീ അണയ്ക്കുന്ന രീതി പരിചയപ്പെടുത്തി.


      പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് രാജേഷ് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എൻ. സാനു, ട്രഷറർ എച്ച്. ഹണി, ജോ.സെക്രട്ടറി എ.വി മുസാഫിർ, വെൽഫെയർ കമ്മിറ്റി കൺവീനർ അജി എം. നൂഹു, അജി ബുധന്നൂർ എന്നിവർ സംസാരിച്ചു.