ഉരുള്‍പൊട്ടല്‍ ദുരന്തം; ഒമ്പതാം നാളിലും തെരച്ചില്‍ ഊര്‍ജ്ജിതം

 

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഒമ്പതാം ദിനവും ഊര്‍ജ്ജിതമായി തുടരുന്നു. ആറ് സോണുകളിലായി വിവിധ സേനാവിഭാഗങ്ങളില്‍ നിന്നുള്ള 1026 പേരാണ് ബുധനാഴ്ചയും തെരച്ചിലില്‍ വ്യാപൃതരായിട്ടുള്ളത്. കേരള പോലീസ്, എന്‍ഡിആര്‍എഫ്, ആര്‍മി, എന്‍ഡിഎംഎ റെസ്‌ക്യൂ ടിം, ഡെല്‍റ്റാ സ്‌ക്വാഡ്, എസ്ഒജി, കേരള, തമിഴ്നാട് ഫയര്‍ റെസ്‌ക്യുടീമുകള്‍, കെ 9 ഡോഗ് സ്‌ക്വാഡ്, ഫോറസ്റ്റ് തുടങ്ങിയ സേനാവിഭാഗങ്ങളും തെരച്ചില്‍, രക്ഷാ ദൗത്യങ്ങളില്‍ സജീവമാണ്. സേനാവിഭാഗങ്ങള്‍ക്കൊപ്പം 80 ടീമുകളിലായി 524 സന്നദ്ധ പ്രവര്‍ത്തകരും ദുരന്തബാധിത പ്രദേശങ്ങളില്‍ തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

പുഞ്ചിരിമറ്റം, മുണ്ടക്കൈ, സ്‌കൂള്‍ പരിസരം, ചൂരല്‍മല ടൗണ്‍, വില്ലേജ് പരിസരം, പുഴയുടെ താഴെ ഭാഗം എന്നിവടങ്ങളിലാണ് നിലവില്‍ പരിശോധന നടത്തുന്നത്. 54 ഹിറ്റാച്ചികളും 7 ജെസിബികളും മറ്റ് യന്ത്രങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇതുവരെ വയനാട്ടില്‍ നിന്ന് 148, നിലമ്പൂരില്‍ നിന്ന് 76 എന്നങ്ങനെ 224 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വയനാട്ടില്‍ നിന്ന് 28, നിലമ്പൂരില്‍ നിന്ന് 161 എന്നിങ്ങനെ 189 ശരീരഭാഗങ്ങളും ഇതിനകം കണ്ടെടുത്തു. രക്ഷാ പ്രവര്‍ത്തകര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി 4500 പേര്‍ക്കുള്ള പ്രഭാതഭക്ഷണവും 7000 പേര്‍ക്കുള്ള ഉച്ചഭക്ഷണവും മേപ്പാടി പോളിടെക്നിക്കില്‍ സജ്ജമാക്കിയ സാമൂഹിക അടുക്കളയില്‍ നിന്നും വിതരണം ചെയ്തു.