ലൈഫ് മിഷൻ കോഴ കേസ്

ശിവശങ്കറിനെ വെട്ടിലാക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി
 

ഇഡി അന്വേഷിക്കുന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത ശിവശങ്കറിന് തിരിച്ചടിയായി ചാർട്ടേഡ് അക്കൗണ്ടന്‍റ് പി വേണുഗോപാലിന്‍റെ മൊഴി. ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണ് ലോക്കർ തുറന്നതെന്ന മൊഴി വേണുഗോപാൽ ആവർത്തിച്ചു. 10 മണിക്കൂറോളം ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ശിവശങ്കറിനെ വെള്ളിയാഴ്ചയും ഇഡി ചോദ്യം ചെയ്യും.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. 2021ൽ രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോൾ ലോക്കർ തുറന്നത് ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരമാണെന്ന് വേണുഗോപാൽ മൊഴി നൽകിയിരുന്നു. എന്നാൽ ലോക്കറുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ ശിവശങ്കർ വിസമ്മതിക്കുകയായിരുന്നു. ശിവശങ്കറിന്‍റെ ഭാഗത്ത് നിന്ന് തികഞ്ഞ നിസ്സഹകരണമാണെന്ന് ഇ.ഡി പറഞ്ഞു. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ലൈഫ് മിഷൻ കേസിൽ വേണുഗോപാലിനെ ചോദ്യം ചെയ്തത്. ലോക്കറിനെക്കുറിച്ചുള്ള ശിവശങ്കറിന്‍റെ മൗനം ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ തകർക്കാനായിരുന്നു ഇഡിയുടെ ലക്ഷ്യം. ശിവശങ്കറിന്‍റെ പൂർണ്ണ നിർദേശപ്രകാരമാണ് ലോക്കർ തുറന്നതെന്നായിരുന്നു വേണുഗോപാലിന്‍റെ മൊഴി. സ്വപ്നയ്ക്കൊപ്പം ലോക്കർ തുറക്കണമെന്ന് നിർദ്ദേശിച്ചത് ശിവശങ്കറാണ്. ശിവശങ്കർ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാം ചെയ്തത്. സ്വപ്ന പണവുമായി വന്നപ്പോൾ ആദ്യഘട്ടത്തിൽ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നതായും വേണുഗോപാൽ പറഞ്ഞു.