കിഫ്‌ബി മസാല ബോണ്ടില്‍ ഇഡിക്ക്‌ വൻ തിരിച്ചടി; സമന്‍സ് അയക്കാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

 

കിഫ്‌ബി മസാല ബോണ്ടില്‍ സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. ഉത്തരവിനെതിരെ കിഫ്‌ബിയും മുൻധനമന്ത്രി ഡോ. തോമസ്‌ ഐസക്കും നൽകിയ അപ്പീലിലാണ്‌ ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി.

ചീഫ് ജസ്‌റ്റിസ് എ ജെ ദേശായി, ജസ്‌റ്റിസ് വി ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച്‌ ബുധനാഴ്‌ച ഹർജി പരിഗണിച്ചിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വ്യക്തിഗത വിവരങ്ങളടക്കം ആവശ്യപ്പെട്ട്‌ ഇഡി നൽകിയ സമൻസ്‌ ചോദ്യം ചെയ്‌ത്‌ കിഫ്‌ബിയും ഡോ. തോമസ്‌ ഐസക്കും നൽകിയ ഹർജി പരിഗണിച്ച്‌  തുടർനടപടികൾ തടഞ്ഞ്‌ ജസ്‌റ്റിസ്‌ വി ജി അരുൺ അധ്യക്ഷനായ ബെഞ്ച്‌ ഇടക്കാല ഉത്തരവിട്ടിരുന്നു. അതിനാൽ അപ്പീൽ ഹർജി പരിഗണിക്കുന്നതിൽനിന്ന്‌ ജസ്‌റ്റിസ്‌ വി ജി അരുൺ ഒഴിവായി. ഈ സാഹചര്യത്തിലാണ് ഹർജി ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ബെഞ്ചിലേക്ക്‌ മാറ്റിയത്‌.  

കാരണം വ്യക്തമാക്കാതെയാണ്‌ പുതിയ സമൻസ്‌ അയക്കാൻ നിർദേശിച്ചതെന്നും അപ്പീലിൽ തീർപ്പുണ്ടാകുന്നതുവരെ തുടർനടപടികൾ വിലക്കണമെന്നും കിഫ്‌ബിയും ഡോ. തോമസ്‌ ഐസക്കും ആവശ്യപ്പെട്ടു. ഇഡി സമൻസ്‌ അയക്കുന്നത്‌ സിംഗിൾബെഞ്ച്‌ നേരത്തേ തടഞ്ഞിരുന്നു. ഈ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് പുതിയ സമൻസ് തയ്യാറാക്കി അയക്കാൻ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നവംബർ 24ന് അനുമതി നൽകിയത്. മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ അപാകമില്ലെന്ന് ആർബിഐതന്നെ വ്യക്തമാക്കിയിട്ടും ഇഡി അന്വേഷണം നടത്തുന്നത് അനാവശ്യമാണെന്ന്‌ കിഫ്‌ബി സിഇഒ കെ എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് തുടങ്ങിയവർ നൽകിയ അപ്പീലിൽ പറയുന്നു.