മാസപ്പടിയില്‍ പിടി വിടാതെ മാത്യു കുഴല്‍ നാടന്‍
ജി എസ് ടി രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് മുമ്പ് എങ്ങിനെ നികുതി അടച്ചു
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന മാസപ്പടി വിവാദത്തില്‍ പിടിവിടാതെ മാത്യു കുഴല്‍ നാടന്‍ എം എല്‍ എ. വീണ വിജയന്റെ കമ്പനി ജി എസ് ടി രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് മുമ്പ് എങ്ങിനെയാണ് നികുതി അടച്ചതെന്ന ചോദ്യവുമായാണ് കുഴല്‍ നാടന്‍ ഇന്ന് രംഗത്തു വന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ മാപ്പ് പറയണമെന്ന സി പി എം ആവശ്യത്തില്‍ മറുപടിയുമായി രംഗത്തെത്തിയപ്പോഴാണ് പുതിയ ആരോപണം ഉന്നയിച്ചത്. വീണാ വിജയന്റെ കമ്പനി ജി എസ് ടി രജിസ്‌ട്രേഷന്‍ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും ധനവകുപ്പിന്റേത് കാപ്‌സ്യൂള്‍ മാത്രമാണെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ധനവകുപ്പ് നല്‍കിയ മറുപടി ചോദിച്ച ചോദ്യത്തിനല്ല നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മാപ്പ് പറയേണ്ടത് ധനമന്ത്രിയാണ്. ഒരു സേവനവും നല്‍കാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് പണം നല്‍കിയെന്നതാണ് വിഷയം. ഒരു സേവനവും നല്‍കാതെ കോടികള്‍ നല്‍കിയെന്നതാണ് പ്രധാനം. കൈപ്പറ്റിയ തുകയ്ക്ക് ജിഎസ്ടി അടച്ചിട്ടുണ്ടോ എന്നതായിരുന്നു തന്റെ ചോദ്യം. ‘ധനവകുപ്പിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് താന്‍ മാപ്പ് പറയണമെന്ന് എ കെ ബാലന്‍ ആവശ്യപ്പെടുന്നത്. എ കെ ബാലന്‍ പറയുന്ന ധനവകുപ്പിന്റെ കത്ത് എനിക്ക് കിട്ടിയിട്ടില്ല. എന്റെ ഓഫീസില്‍ ഇതുവരെയും കത്ത് ലഭിച്ചിട്ടില്ല. മാധ്യമങ്ങളില്‍ നിന്നാണ് ധനവകുപ്പിന്റെ കത്ത് ലഭിച്ചത്’ മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എക്‌സാലോജിക്കിന് 2017 ജൂലൈ ഒന്നാം തീയതിയാണ് ജിഎസ്ടി രജിസ്‌ട്രേഷന്‍ ലഭിക്കുന്നത്. ഇതിനു മുന്‍പ് വീണാ വിജയനും കമ്പനിയും സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ പണം ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ്. വീണക്ക് ജിഎസ്ടി അടയ്ക്കാന്‍ കഴിയുക 2018 ജനുവരി 17 മുതല്‍ മാത്രമാണ്. അപ്പോള്‍ ഈ കരാര്‍ പ്രകാരമുള്ള തുകയുടെ ജിഎസ്ടി എങ്ങനെ അടയ്ക്കുമെന്ന് മാത്യു കുഴസ്‌നാടന്‍ ചോദിച്ചു.