കുട്ടികളോടൊപ്പം ഊഞ്ഞാലാടിയും പാട്ടുപാടിയും സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്

 

ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദര്‍ശിച്ചു. കുട്ടികളോടൊപ്പം കുറേ നേരം ചെലവഴിച്ച മന്ത്രി കുട്ടികളെ ഊഞ്ഞാലാട്ടിയും പാട്ടുപാടിയും അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. കുട്ടികളുടെ നിര്‍ബന്ധ പ്രകാരം മന്ത്രി ഊഞ്ഞാലാടുകയും ചെയ്തു. മാവേലി നാടുവാണിടും കാലം... പൂവിളി പൂവിളി പൊന്നോണമായി... തുടങ്ങിയ പാട്ടുകള്‍ കുട്ടികളും മന്ത്രിയും പാടി. കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ ഓണാശംസകള്‍ മന്ത്രി നേര്‍ന്നു.

ശ്രീചിത്രയിലെ എല്ലാ കുട്ടികള്‍ക്കും ഓണക്കോടി നല്‍കാനായി കാനറ ബാങ്ക് നല്‍കിയ 95,000 രൂപ മന്ത്രി, ശ്രീചിത്ര സൂപ്രണ്ട് ബിന്ദുവിന് കൈമാറി. ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള സ്വീറ്റ്‌സും വനിത വികസന കോര്‍പറേഷന്‍ നല്‍കിയ 30,000 രൂപ വിലവരുന്ന മറ്റ് വസ്ത്രങ്ങളും മന്ത്രി കൈമാറി.