ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

 

 ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.

കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് 2022-23 കാലയളവില്‍ നേടിയത്. ഈ കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം. അതിനെക്കാള്‍ ഇരട്ടിയോളം വരുന്ന വര്‍ധനവാണുണ്ടായത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ഒപ്പം നിന്ന് പ്രവര്‍ത്തിച്ച് ഈ നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയ പുരസ്‌കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് ഏറ്റുവാങ്ങി.

ദേശീയതലത്തില്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളായ ഭക്ഷ്യസുരക്ഷാ പരിശോധന, സാമ്പിള്‍ ശേഖരണം, സാമ്പിള്‍ പരിശോധന അഡ്ജൂഡിക്കേഷന്‍/ പ്രോസികൂഷന്‍ കേസുകള്‍, NABL അംഗീകാരമുളള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധന മികവ്, മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനം ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കിയ FoSTaC പരിശീലനം, FSSAIയുടെ വിവിധ ഈറ്റ് റൈറ്റ് ഇനിഷിയേറ്റീവ്‌സ്, സംസ്ഥാന തലത്തില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ വിവിധ ബോധവത്ക്കരണ പരിപാടികള്‍, തുടങ്ങി 40ഓളം പ്രവര്‍ത്തന മികവ് വിലയിരുത്തിയുമാണ് എല്ലാ വര്‍ഷവും ദേശീയ ഭക്ഷ്യ സുരക്ഷ സൂചികയിലെ സ്ഥാനം നിശ്ചയിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് പദ്ധതി 140 പഞ്ചായത്തുകളില്‍ നടപ്പിലാക്കിയതും 500 ഓളം സ്‌ക്കൂളുകളെ പ്രത്യേകം തെരഞ്ഞെടുത്ത് സേഫ് ആന്‍ഡ് ന്യൂട്രീഷിയസ് ഫുഡ് അറ്റ് സ്‌കൂള്‍ (എസ്.എന്‍.എഫ്@സ്‌കൂള്‍) എന്ന പദ്ധതി നടപ്പിലാക്കിയതും പൊതുജനങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ 3000 ത്തോളം ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസുകള്‍ നടപ്പിലാക്കിയതുമാണ് ദേശീയ ഭക്ഷ്യ സുരക്ഷ സൂചികയില്‍ ഇടം പിടിക്കുന്നതിന് അവസരമൊരുക്കിയത്.

കൂടാതെ അന്താരാഷ്ട്ര ചെറു ധാന്യ വര്‍ഷം 2023 ആചരിക്കുന്നതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 26 മില്ലറ്റ് മേളകള്‍ നടത്തുകയും സംസ്ഥാനത്തൊട്ടാകെ 148 ഈറ്റ് റൈറ്റ് മേളകള്‍ നടത്തുകയും ചെയ്തത് പരിഗണിച്ച് സംസ്ഥാനത്തിന് പ്രത്യേക അംഗീകരവും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ഭക്ഷ്യ സുരക്ഷ സൂചികയിലും ഏറ്റവും കൂടുതല്‍ മില്ലറ്റ്‌സ് മേള ഈറ്റ് റൈറ്റ് മേള എന്നിവ നടത്തിയതിനും അംഗീകാരം ലഭിച്ചത് സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമാണ്.