നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി: എസ്.എഫ്.ഐ
എസ്.എഫ്.ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐയുടെ മുഴുവൻ ഘടകങ്ങളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നു.തുടർന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം വിശദീകരണം നൽകിയത്. അദ്ദേഹം നൽകിയ സർട്ടിഫിക്കറ്റുകളിൽ കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്.എഫ്.ഐക്ക് മുമ്പിൽ ഉണ്ടായിരുന്നത്. ഇത് പരിശോധിച്ച സമയത്ത് കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
എന്നാൽ കലിംഗ യൂണിവേഴ്സിറ്റിയിൽ റെഗുലറായി കോഴ്സ് പൂർത്തീകരിക്കാൻ നിഖിൽ തോമസിന് എങ്ങനെ സാധിച്ചു എന്ന ആശങ്ക എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് ഉണ്ടായിരുന്നു. അത് മാധ്യമങ്ങളോട് പങ്കുവെച്ചതുമാണ്. ഇത് സംബന്ധിച്ച് പരിശോധന നടത്താൻ കലിംഗ യൂണിവേഴ്സിറ്റിയിൽ വിവരാവകാശം നൽകുക മാത്രമായിരുന്നു എസ്.എഫ്.ഐയുടെ മുൻപിലുള്ള മാർഗം. ഇതും മാധ്യമപ്രവർത്തകരോട് വിശദീകരിച്ചതാണ്. എന്നാൽ പിന്നീട് പുറത്തുവന്ന വാർത്തകൾ പ്രകാരം നിഖിൽ തോമസ് കലിംഗ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ആയിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കേരളത്തിന് പുറത്തുള്ള പല യൂണിവേഴ്സിറ്റികളുടെയും പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുന്ന ഏജൻസികൾ കേരളത്തിന് അകത്തും പുറത്തും പ്രവർത്തിക്കുന്നുണ്ട്. ഇത് രാജ്യമാകെ പടർന്ന് കിടക്കുന്ന മാഫിയാ സംഘമാണ്. ഇത്തരം മാഫിയാ സംഘത്തിൻ്റെ സഹായത്തോടെ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരിൽ ഒരാളായി നിഖിൽ തോമസും മാറി എന്നു വേണം മനസ്സിലാക്കാൻ. ഒരിക്കലും ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനമാണ് നിഖിൽ തോമസ് ചെയ്തത്. അതിനാൽ എസ്.എഫ്.ഐയുടെ മുഴുവൻ പ്രവർത്തകർക്കും പാഠമാകുന്ന രീതിയിൽ നിഖിൽ തോമസിനെ എസ്.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.